You are Here : Home / USA News

ആക്രമണം ഉണ്ടായാല്‍ ആവശ്യമെങ്കില്‍ വെടിവെയ്‌ക്കുമെന്ന്‌ പി.സി. ജോര്‍ജ്‌

Text Size  

Story Dated: Monday, August 13, 2018 11:47 hrs UTC

കോട്ടയം : തനിക്ക്‌ നേരെ ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്‌ക്കുമെന്നും പി.സി. ജോര്‍ജ്‌ എം.എല്‍.എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക്‌ ചൂണ്ടിയ സംഭവത്തില്‍ പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുടുംബങ്ങളുടെ പരാതിയ്‌ക്ക്‌ പരിഹാരം കാണുന്നതിനാണ്‌ താന്‍ അവിടെ എത്തിയത്‌. തന്നെ പേടിപ്പിക്കാന്‍ വന്നവരോട്‌ പോടാ എന്ന്‌ പറയുക മാത്രമാണ്‌ ചെയ്‌തതെന്നും തോക്കെടുത്തിട്ടില്ലെന്നും പി.സി. വിശദീകരിച്ചു. ഹൈക്കോടതി ഈ കേസിന്റെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്‌തതാണ്‌. സംഭവിച്ചതെന്താന്ന്‌ പൊതുജനങ്ങള്‍ക്കറിയാം. തന്റെ കൈയ്യില്‍ ഇപ്പോഴും തോക്കുണ്ട്‌. ഇതിന്‌ ലൈസ്സെന്‍സും ഉണ്ട്‌. പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2017 ജൂണ്‍ 29നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ഹാരിസണ്‍ എസ്‌റ്റേറ്റിനോട്‌ ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്‌ബോക്ക്‌ കോളനിയിലേക്ക്‌ തോട്ടത്തിലൂടെയുളള റോഡ്‌ തോട്ടം ഉടമകള്‍ അടച്ചതിനെതുടര്‍ന്നാണ്‌ സ്ഥലം എം.എല്‍.എ. കൂടിയായ പി.സി.ജോര്‍ജ്‌ എത്തിയത്‌. പുറമ്‌ബോക്ക്‌ കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത്‌ തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു. അതേസമയം കേസില്‍ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പി.സിക്കെതിരെ ചുമത്തിയിട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.