You are Here : Home / USA News

ഫിലാഡല്‍ഫിയില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം

Text Size  

Story Dated: Tuesday, July 31, 2018 11:08 hrs UTC

സന്തോഷ് ഏബ്രഹാം

ശ്രദ്ധിക്കപ്പെട്ട അനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണകളുമായി മലയാളികള്‍ ഫിലാഡല്‍ഫിയില്‍ ഒത്തുചേര്‍ന്നു. ഇത് നാലാം തവണയാണ് അമേരിക്കയില്‍ വിക്ടര്‍ ജോര്‍ജ് അനുസ്മരണം സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ പ്രകൃതി താണ്ഡവത്തിന്റെ ദൃശ്യങ്ങള്‍ സാഹസികമായി ഒപ്പിയെടുക്കുന്നതിനിടയിലാണ് 17 വര്‍ഷങ്ങള്‍ മുമ്പുള്ള ഒരു ജൂലൈ 9 ന് വിക്ടറിന് ജീവന്‍ നഷ്ടപ്പെട്ടത്. അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമന്‍ കൊണ്ടൂര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തന്റെ കര്‍മ്മരംഗത്തോട് നൂറ് ശതമാനം നീതി പൂലര്‍ത്തിയ വ്യക്തിയായിരുന്നു വിക്്ടര്‍ ജോര്‍ജ്ജെന്നും സ്വന്തം തൊഴിലിനോടുള്ള ആ അര്‍പ്പണ മനോഭാവമാണ് വിക്്ടറിനെ തന്നെ നമുക്ക് നഷ്്ടപ്പെടുത്തിയതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു പത്ര പ്രവര്‍ത്തനരംഗത്ത് മാത്രമല്ല, കേരള സമൂഹത്തില്‍ തന്നെ എക്കാലവും വിക്ടര്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

സന്തോഷ് ഏബ്രഹാം ഫിലാഡല്‍ഫിയ അദ്ധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്‍ മുന്‍ സ്‌പോര്‍ട്‌സ് കമന്ററ്റേറും മാധ്യമ പ്രവര്‍ത്തകനുമായ ഗീവര്‍ഗീസ് ചാക്കോ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണ പ്രഭാഷണം നടത്തി. വിക്്ടര്‍ ചിത്രങ്ങളുടെ ഓരോ ഫ്രെയിമുകളും സ്വയം കഥ പറയുന്ന അസാധാരണ കാഴ്ചകളായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനായി ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തിലെ വിക്ടറുമായുള്ള അനുഭവങ്ങളും പങ്കുവച്ചു. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ മുന്‍ ഡല്‍ഹി ലേഖകന്‍ വി.ഇ.കൃഷ്ണകുമാര്‍ ആശംസകള്‍ നേര്‍ന്നു. വിക്ടറിന്റെ പ്രശസ്ത ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ദൃശ്യങ്ങളുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്ത് ത്യാഗത്തിനും സാഹസികതയ്ക്കും വിക്ടര്‍ തയ്യാറായിരുന്നുവെന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.