You are Here : Home / USA News

ഫൊക്കാന കുട്ടമ്പുഴയില്‍ സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കംകുറിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 14, 2018 04:46 hrs UTC

കുട്ടമ്പുഴ: എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയിലെ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കന, പ്രദേശത്തെ കുടുംബശ്രീയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കംകുറിക്കുന്നു.

ഇതിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ഈ പ്രദേശത്തെ ജനങ്ങളായി ഒരു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും, ഇതിലൂടെ രോഗിയുടെ ആരോഗ്യവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്യും.

ഫൊക്കാന ഭാരവാഹികളായ ജോയ് ഇട്ടന്‍, ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളില്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ മുരളി കുട്ടമ്പുഴ, രക്ഷാധികാരി ബിനോയ്, അമേരിക്കന്‍ സംഘടനയായ എന്‍.എ.ഐ.ഐ.പി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ജില്ലയിലെ വിവിധ സ്കൂള്‍, കോളജ്, എന്‍.എസ്.എസ് യൂണീറ്റുകള്‍ തുടങ്ങിയവര്‍ പദ്ധതിക്ക് പിന്നില്‍ അണിനിരക്കുന്നു.

ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ക്യാമ്പുകള്‍ നടത്തിവരാറുള്ള ആരോഗ്യരംഗത്തെ സ്വകാര്യ സ്ഥാപനമായ ഡോക്‌സ്‌പോട്ടിന്റെ സഹായത്തോടുകൂടി അത്യാധുനിക ആരോഗ്യ പരിശോധനാ സംവിധാനങ്ങളാണ് ക്ലിനിക്കില്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡോക്‌സ്‌പോട്ട് "മൈബ്ലോക്കു'മായി സഹകരിച്ച് എല്ലാ മൂന്നുമാസംതോറും കുട്ടമ്പുഴ പ്രദേശത്തെ ആരോഗ്യസ്ഥിതി വിലയിരുത്തി ആ പ്രദേശത്തെ ഒരു സമഗ്ര ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയാറായിട്ടുണ്ട്. ഇതിലൂടെ ഈ പ്രദേശത്തെ മരണനിരക്ക് കുറയ്ക്കാനും, പകര്‍ച്ചവ്യാധികള്‍ പോലുള്ള അസുഖങ്ങള്‍ തടയാനും സാധിക്കും. ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്ന ഉടന്‍തന്നെ ക്ലിനിക്കിനു തുടക്കംകുറിക്കുന്നതാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ക്ലിനിക്കില്‍ ഓരോ വിഭാഗം രോഗങ്ങള്‍ക്കും സ്‌പെഷലൈസ് ചെയ്ത ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

ആദിവാസി വിഭാഗങ്ങള്‍ക്ക് തികച്ചും സൗജന്യമായും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു ജനവിഭാഗങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ഇളവ് നല്‍കിയും തികച്ചും സാമൂഹിക പ്രതിബദ്ധതയോടുകൂടിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്നു ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.