You are Here : Home / USA News

സഭയുടെ വിശ്വാസ ഐക്യമാണ് വലുത്: മാര്‍ നിക്കോളോവോസ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, June 06, 2018 11:28 hrs UTC

ഡാല്‍ട്ടണ്‍ (പെന്‍സില്‍വേനിയ): മലങ്കരസഭയില്‍ വിശ്വാസത്തിന്റെ തീക്ഷ്ണത ഊട്ടിയുറപ്പിക്കാന്‍ അമേരിക്കന്‍ ഭദ്രാസനത്തിനു കഴിയുന്നുവെന്നത് ചാരിതാര്‍ത്ഥ്യജനകമെന്ന് മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്. മറ്റു കുടിയേറ്റ സഭകളില്‍ നിന്നും വ്യത്യസ്തമായി പാരമ്പര്യത്തിലൂന്നിയുള്ള വിശ്വാസം, സഭയ്ക്ക് നല്‍കുന്ന കരുത്ത് ചെറുതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭദ്രാസനത്തിന്റെ അധീനതയിലുള്ള ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷ പ്രസംഗം വാര്‍ത്തയാക്കിയപ്പോള്‍ വിശ്വാസികളില്‍ ചിലര്‍ക്കുണ്ടായ അര്‍ത്ഥശങ്കയില്‍ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. അനൈക്യമല്ല, വിശ്വാസത്തെയും പാരമ്പര്യത്തെയുമാണ് നാം മുറുകെ പിടിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'സഭയുടെ ആന്തരിക ജീവിതമെന്നത് ഇന്ത്യക്കാരേയോ മലയാളികളുടേയോ മാത്രമല്ല, മറിച്ച് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളെന്ന നിലയില്‍ വിശ്വാസിയുടേതാണ്.

നമ്മുടെ വിശ്വാസജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ ഒരു അവിഭാജ്യ ഭാഗമാണ് നമ്മള്‍. അതങ്ങനെ തന്നെയാണ്. മലങ്കര സഭയിലെ തോമസ്ശ്ലീഹായുടെ പിന്തുടര്‍ച്ചക്കാരായ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ വൈദികരും സഹവിശ്വാസികളും ചേര്‍ന്ന് അമേരിക്കയിലും നമുക്ക് ഒരു വിശ്വാസ സമൂഹമായി തന്നെ നിലനില്‍ക്കണം.' അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ടു തന്നെ സ്വന്തം വ്യക്തിത്വമുള്ള ഒരു സഭയായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അത് ഇന്നത്തെ രൂപഘടന പോലെ തന്നെയാവണമതെന്നതിലും തര്‍ക്കമില്ല. നമ്മുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനോ അധികാര പരിധികളെക്കുറിച്ച് വ്യക്തമാക്കാനോ അല്ല ഞാന്‍ മുതിരുന്നത്.

 

ഒരു സഭയായിത്തീരണമെന്ന് ഞാന്‍ പറയുമ്പോള്‍ നാം എവിടെയാണ് യേശു ക്രിസ്തുവിനെ കാണുന്നതെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. മറ്റു കുടിയേറ്റ സഭകളുമായി തട്ടിച്ചു നോക്കുമ്പോള്‍ മലങ്കരസഭയുടെ വളര്‍ച്ച ബഹുദൂരം മുന്നിലാണ്. ഇപ്പോള്‍ നമ്മള്‍ വെറും ഒരു കുടിയേറ്റ സഭയേ അല്ല. സ്വത്വം നിലനിര്‍ത്തുന്ന തദ്ദേശീയ സഭ തന്നെയാണ്. മുന്‍ഗാമികളായ മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത, മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പിത ജീവിതത്തിന്റെയും ബാക്കിപത്രമാണ് ഇന്നു ഭദ്രാസനം അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തിന്റെയും നിദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.