You are Here : Home / USA News

ഫോമാ ഫൊക്കാനാ ഇലക്ഷന്‍ ചൂടും ചാക്കിട്ടു പിടുത്തവും

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, June 05, 2018 11:07 hrs UTC

 

 
 
 
പല അമേരിക്കന്‍ മലയാളികളും ആദ്യം ഒന്നു പരിചയപ്പെടുമ്പോള്‍ ചോദിക്കും ഏതു പള്ളീലാ, ഏത് അമ്പലത്തിലാ പോണെ.... പിന്നെ ചിലര്‍ ചോദിക്കും ഫോമായാണൊ ഫൊക്കാനയാണൊ എന്ന്. അതു പലര്‍ക്കും എന്തൂട്ടാണെന്നറിയാതെ വാ പൊളിച്ചെന്നുമിരിക്കും. എന്നാല്‍ വിവരമറിയാവുന്ന ബഹുഭൂരിപക്ഷത്തിനും ഈ ഫോമാ-ഫൊക്കാനാ രണ്ടു കുപ്പിയിലെ ഒരേ ദ്രാവകം മാത്രം. ചിലരുടെ വെര്‍ഷനില്‍ വെവ്വേറെ രണ്ടു കുപ്പിയിലിറക്കി അംബ്രലാ പ്രസ്ഥാനങ്ങള്‍. എന്നാല്‍ ഈ ഫോമാ-ഫൊക്കാനാ കുപ്പികളിലോ അംബ്രലയിലൊ ആപ്പിലൊ ആകാത്ത അനേകം പ്രസ്ഥാനങ്ങള്‍, വ്യക്തികള്‍ പമ്മി പമ്മി വഴുതി വഴുതി അമേരിക്കയിലുടനീളം വഴിമാറി നടക്കുന്നുണ്ട്. ഫോമാ ആയാലെന്ത്, ഫൊക്കാന ആയാലെന്ത്, ആര്‍ക്കെന്തു ഗുണം, ആര്‍ക്കെന്ത് ചേതം. നമ്മള്‍ ജോലി ചെയ്താല്‍ കാശ് കിട്ടും അതുവഴി ജീവിക്കാം എന്നു പറയുന്നവരാണധികവും. എന്നാല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫോമാ- ഫൊക്കാനാ നടത്തുന്ന കണ്‍വെന്‍ഷനിലെ മുഖ്യയിനവും വെടിക്കെട്ടും അതിലെ ഇലക്ഷന്‍ തന്നെ. അതുപോലെ അതിലെ ജനപ്രിയതാരങ്ങള്‍ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ. ഇലക്ഷനാണ് ശരിക്കുള്ള താരം, മാമാങ്കം. ഇന്ത്യന്‍ കേരളാ സ്റ്റൈല്‍ ഇലക്ഷനും പ്രചാരണങ്ങളും തന്നെ ഇവിടേയും. മാതൃക. കഴിയുന്നത്ര വോട്ടറ•ാരായ ഡെലഗേറ്റുകളെ വലയിലാക്കാനും ചൂണ്ടയിട്ടു പിടിക്കാനും സ്വന്തം ചാക്കിലാക്കാനും സ്ഥാനാര്‍ത്ഥികളും അവരുടെ ദല്ലാള•ാരും നെട്ടോട്ടമോടുന്ന കാഴ്ച അത്യന്തം രസകരമാണ്. 
 
ചില സ്ഥാനാര്‍ത്ഥികള്‍ കരയിലിരുന്ന് ചന്തി നനയാതെ മീന്‍ പിടിക്കുന്ന മാതിരി വോട്ടറ•ാരെ ചൂണ്ടയില്‍ കുരുക്കാനും ഭഗീരഥ ശ്രമം നടത്തുന്നുമുണ്ട്. ചില ഡെലിഗേറ്റ് വോട്ടറ•ാര്‍ ചൂണ്ടയില്‍ കൊത്തി, കൊത്തും എന്ന മട്ടില്‍ വാലാട്ടി കൊതിപ്പിച്ച് വെള്ളത്തില്‍ നില്‍ക്കുന്നുണ്ട്. ചിലര്‍ ചൂണ്ടയില്‍ കൊത്തണമെങ്കില്‍ നല്ല പണം മുടക്കുള്ള മുന്തിയ ഇനം ഇര തന്നെ ചൂണ്ടയില്‍ ഇട്ടു കൊടുക്കണം. പിന്നെ ചൂണ്ടയിലൊ, ചാക്കിലൊ, വലയിലൊ, കിട്ടിയ ഇരകള്‍ വഴുതി പോകാതെ ചാടിപോകാതെ,  എതിര്‍ കക്ഷികള്‍ ഒരുക്കുന്ന മറ്റു വിലയേറിയ സ്വര്‍ണ്ണചാക്കിലോ വലയിലോ കേറാതെ ഇലക്ഷന്‍ വരെ വളരെ മുന്തിയ റിസോര്‍ട്ടില്‍ ആവശ്യാനുസരണം വെള്ളത്തില്‍ മുക്കി തന്നെ പരിചരിക്കണം. കഴിഞ്ഞ കര്‍ണ്ണാടക ഇലക്ഷനില്‍ സംഗതിയുടെ കിടപ്പ് കണ്ടതല്ലെ? അവിടെ ഇലക്ഷന്‍ വിജയികളെ പോലും റാഞ്ചിയെടുത്ത് വെടക്കാക്കി തനിക്കാക്കാന്‍ ചില കക്ഷികള്‍ തന്ത്ര കുതന്ത്രങ്ങള്‍ മിനഞ്ഞതും. മറ്റും.. മറ്റും... കണ്ടതല്ലെ?
 
ഇലക്ഷന്‍ മാമാങ്കം അടുക്കുന്തോറും പ്രചാരണത്തിന്റെ ചൂട് ഏറി ഏറി വരികയാണ്. ആ പ്രചാരണ ചൂട് ഒരു നൂറ് ഡിഗ്രി ഫാറന്‍ഹീറ്റ് കഴിഞ്ഞാല്‍ സംഗതി വിങ്ങലാകും വിള്ളലാകും കോര്‍ട്ട് ആകും, കേസാകും, പിളരലാകും. പിന്നെ പിളരുന്തോറും എണ്ണത്തിലും വണ്ണത്തിലും അങ്ങു വളര്‍ച്ച ആയിക്കൊണ്ടിരിക്കുമെന്നു മാത്രം. ഏതാണേലും ഫൊക്കാനാ ഫോമാ ഇലക്ഷന്‍ പ്രചാരണങ്ങള്‍ സടകുടഞ്ഞെണീറ്റ് ഒരു ഫുള്‍ സ്വിമ്മിലായിട്ടുണ്ട്. സോഷ്യല്‍ മീഡിയാ അടക്കം ഇലക്ഷന്‍ പ്രചാരണ പരസ്യങ്ങള്‍ കണ്ണുകള്‍ ചിമ്മുന്നു. ഉള്ളതും ഇല്ലാത്തതുമായ സ്ഥാനാര്‍ത്ഥികളുടെ ഗുണഗണ മനോഗുണ സാമൂഹ്യ ബദ്ധ പ്രതിബദ്ധ പദ്ധതികളുടെ പെരുമ്പ്രയും തേരാ പാരാ പെരുമഴ ആഞ്ഞടിക്കുന്ന രീതിയിലുള്ള എഴുത്തുകുത്തുകള്‍ അപദാനങ്ങള്‍ മീഡിയാകളില്‍ പ്രത്യക്ഷപ്പെടുന്നു. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം - എന്നു കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞപോലെ കൂലി എഴുത്തുകാരുടെ ഒരു ചാകരയും കൂടിയാണീ ഇലക്ഷന്‍ കാലം. നാട്ടിലെ പ്രചാരണം മാതിരി അങ്ങിങ്ങായി ചില ഇലക്ഷന്‍ പാരഡി ഗാനങ്ങളും ഇവിടേയും കേട്ടു തുടങ്ങി. 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ തിരയുന്ന മേയുന്ന ആ തട്ടകത്തില്‍ നിന്നൊന്നു പയറ്റുവാന്‍ മോഹം... ജയിച്ചൊന്നു സേവിക്കുവാന്‍ മോഹം...'. ഇപ്രകാരം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും മുദ്രാവാക്യവും ലക്ഷ്യവും ജനക്ഷേമവും സേവനവുമാണ്. എനിക്കും ജനത്തെ സേവിക്കണം. സേവിച്ച് സേവിച്ച് മരിക്കണം എന്ന ഒരു വിങ്ങലും തേങ്ങലുമായി സ്ഥാനാര്‍ത്ഥികള്‍ ഈ മനോഹര തീരത്ത് ഒരു ജ•ം കൂടി എന്നു പറഞ്ഞും കരഞ്ഞും പാടിയും ഒരു ഭയങ്കര ക്രൗഡാണ് ഈ ഇലക്ഷന്‍ ഗോദയില്‍ നമ്മള്‍ കാണുന്നത്. ആര് ആരെയൊക്കെ മലര്‍ത്തിയടിക്കും എന്നത്  ഒരു മാസത്തോടെ അറിയാം. നാട്ടിലെ ചെങ്ങന്നൂര്‍ ഇലക്ഷന്‍ മാതിരി പാട്ടും പാടി ജയിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ചിലര്‍ക്ക് പാട്ടൊന്നും വേണ്ട. അവര്‍ ചുമ്മാ അങ്ങു ജയിച്ചു കേറും എന്നും കേള്‍ക്കുന്നു. കാരണം അവര്‍ ഫോമാ ഫൊക്കാനയിലെ ജനപിന്തുണയുള്ള വമ്പന്‍ സ്രാവുകള്‍ക്കൊപ്പമാണത്രെ നീന്തുന്നത്. അതിനാല്‍ അവര്‍ പാട്ടുപാടാതെ ജയിക്കുമത്രെ. എന്നാല്‍ ഈ പല്ലു കൊഴിഞ്ഞ ചിറകൊടിഞ്ഞ സൊ കോള്‍ഡ് വമ്പന്‍ സ്രാവുകള്‍ പഴയ പാണ്ടന്‍നായുടെ മാതിരി ആണത്രെ. അതായത് പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലത്രെ. പണ്ടൊക്കെ എവ•ാര് ഒരു പുലിയെ അല്ല പല പുലികളെ ഒരു കടിയാലെ
കണ്ടിച്ചതു ജനം ഓര്‍ക്കുന്നതുപോലുമില്ല. എന്നാലും ഇപ്പോഴും പല മലയാളി പരിപാടികളും ചെമ്പന്‍കുഞ്ഞുമാരായ വമ്പന്‍ സ്രാവുകളെ പിടിച്ച് വേദിയിലിരുത്തി പൊക്കി പൊക്കി സംസാരിക്കുന്നതിന്റെ അനൗചിത്യം ബഹുഭൂരിപക്ഷം പേര്‍ക്കും മനസ്സിലാകുന്നില്ലായെന്നാണ് പിന്നാമ്പുറ സംസാരം.
 
വാക്കു കൊടുക്കുന്നവരുടേയും കിംഗ് മേക്കറ•ാരുടേയും കാലം കഴിഞ്ഞെന്നാണ് ജനസ്വരം.ചില സ്ഥാനാര്‍ത്ഥികളുടെ കഥകളും നാള്‍വഴികളും പരിശോധിച്ചാല്‍ ഒരു വട്ടമല്ലാ പല പല വട്ടം ഒരേ ചെയറിലെ വകുപ്പുകള്‍ മാറി മാറി പലവട്ടം സേവിച്ച് സേവിച്ച് കൊതിയും പതവും വന്നവരാണ്. അവരില്‍ പലരും പുല്ലു തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല എന്ന പോലെയാണ് പെരുമാറുന്നത്. ചിലരുടെ നടപ്പും എടുപ്പും നില്‍പ്പും കണ്ടാല്‍ ഞാനാണ് ഞാന്‍ മാത്രമാണ് ഫോമാ ഫൊക്കാന എന്ന മട്ടാണ്. ചിലര്‍ ഒത്തിരി കാലം ചില തസ്തികകളില്‍ മാറി മാറി വവ്വാല്‍ മാതിരി കടിച്ചു തൂങ്ങും. ചില ആന ആമ പാപ്പന്മാരും പാപ്പാത്തിമാരും നീപ്പാ വൈറസു പോലെ സ്ഥിരം നിപ്പാണ്. ഒപ്പം പുതുമുഖങ്ങള്‍ വരണം വരണം എന്ന് വിളിച്ചു കൂവും വരുന്നവരെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഓടിക്കുകയും ചെയ്യുന്ന ചില മലയാളി സിനിമാ സൂപ്പര്‍താരങ്ങള്‍ പോലെയാണ്. ഇതെല്ലാം ഇലക്ഷന്‍ പ്രചാരണ വേളകളില്‍ കേട്ട വാര്‍ത്തകളാണ്. 
 
പിന്നെ ചില ഫോമാ ഫൊക്കാന ഇലക്ഷന്‍ പ്രചാരണ പരസ്യങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ മുഴുനീള വര്‍ണ്ണചിത്രങ്ങളോടെ കൊച്ചി എയര്‍പോര്‍ട്ടിന്റെ വഴിനീളെ റോഡുവക്കില്‍ കണ്ടുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. നോട്ടീസുകളും പരസ്യപ്രസ്താവനകളും വേറെ. ചില മലയാളി പള്ളി അമ്പലങ്ങളുടെ പാര്‍ക്കിംഗ് ലോട്ടില്‍ ബിഗ് ബേര്‍ഡിന്റെ, ആനയുടെ, ആമയുടെ ഒക്കെ കോസ്ട്യൂമും ധരിച്ച് പുറത്ത് ഫൊക്കാനാ-ഫോമാ കാന്‍ഡിഡെയിറ്റിന്റെ ചിത്രവും പരസ്യവും ഒക്കെ വെച്ച് കുണുങ്ങി കുണുങ്ങി നൃത്തം വെച്ച് പ്രചാരണം കൊഴുപ്പിക്കുന്നുണ്ടത്രെ. അത്തരം ചില പരസ്യവാഹികളായ ബിഗ് കോസ്റ്റ്യൂം ബേര്‍ഡുകളെ ചില പള്ളിക്കമ്മറ്റിക്കാര്‍ തല്ലി ഓടിച്ചുവെന്നും കേള്‍ക്കുന്നു. ചില സ്ഥാനാര്‍ത്ഥികള്‍ പാനല്‍ എന്ന വളയത്തില്‍ ചാടുന്നു. മറ്റു ചിലര്‍ പാനല്‍ വളയമില്ലാതെയും ചാടുന്നു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പറയുമ്പോലെ പാനല്‍ ഏതായാലും എനിക്ക് വോട്ടു കിട്ടണം ജയിക്കണം എന്ന ചിന്താഗതിയുള്ള സ്ഥാനാര്‍ത്ഥികളേയും കണ്ടു.
 
'കാമാ, എന്ന ചുരുക്കപ്പേരിലുള്ള കേരളാ അസംതൃപ്തി മലയാളി അസോസ്സിയേഷനില്‍ നിന്ന് ഫോമയിലും ഫൊക്കാനയിലും സ്ഥാനാര്‍ത്ഥികളുണ്ട്. അവര്‍ ഇന്ത്യയിലെ ആംആദ്മി പാര്‍ട്ടിപോലെയാണ്. അവര്‍ പറയുന്നു ഫോമായിലും ഫൊക്കാനയിലും ഒരു അടിമുടി ശുദ്ധീകരണം ആവശ്യമാണ്. ഫൊക്കാനാ-ഫോമാ സംഘടനകളിലെ കടലാസ് പുലി അംഗ സംഘടനകളെ പുറത്താക്കണം. മതത്തിന്റെ സമുദായത്തിന്റെ ലേബല്‍ സംഘടനകള്‍ക്ക് ഫൊക്കാനാ ഫോമകള്‍ അംഗത്വം കൊടുക്കരുത്. ജനാധിപത്യ സാമൂഹ്യ സംഘടനകള്‍ക്കു മാത്രമായിരിക്കണം അംഗത്വം. സ്ഥിരം ചെയര്‍മാനൊ പ്രസിഡന്റൊ ആനപാപ്പാനൊ ആയി എക്കാലവും ഏതൊരു സംഘടനാ തലപ്പത്തും ഒരാളെ കണ്ടാല്‍ അത് ആ വ്യക്തിയുടെ മാത്രം വ്യക്തിഗത കുടുംബ സംഘടനയായി കണക്കാക്കി ഫൊക്കാനാ-ഫോമാ  അംബ്രല്ലാ അസോസിയേഷനില്‍ നിന്ന് തൊഴിച്ച് പുറത്താക്കണം. 
 
അതുപോലെ ഫൊക്കാനാ-ഫോമാ ജ•മെടുത്ത കാലം മുതല്‍ സ്ഥിരം വോട്ടു ചെയ്യാന്‍ ഡെലഗേറ്റുകളായി വരുന്നവരെ അയോഗ്യരാക്കണം. ഓരോ അംഗസംഘടനകളും ശരിയായ ജനാധിപത്യ പ്രക്രിയകളിലൂടെയാണോ ഡെലഗേറ്റുകളെ തെരഞ്ഞെടുത്ത് അയക്കുന്നതെന്ന് ഇലക്ഷന്‍ കമ്മറ്റിയൊ, കമ്മീഷനൊ ഉറപ്പു വരുത്തണം. ഓരോ തട്ടകത്തിലും ചില സ്ഥിരം കുത്തക ഡെലഗേറ്റുകള്‍ കയ്യടക്കുന്നത് നിര്‍ത്തലാക്കണം. ഇലക്ഷന്റെ കാലത്തു മാത്രം ഊത്തമീനുകള്‍ മാതിരി തല പൊക്കുന്ന പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് രീതിയിലുള്ള ഭാര്യാഭര്‍ത്താ പേപ്പര്‍ ടൈഗര്‍ സംഘടനകളെ ഒഴിവാക്കാനുള്ള ആര്‍ജ്ജവം ഫൊക്കാനാ-ഫോമാ കാണിക്കണം. ടി.വി. തോമസ്, കെ.ആര്‍. ഗൗരി മോഡലില്‍ ദമ്പതികളില്‍ ഒരാള്‍ ഫോമ ഡെലഗേറ്റായും മറ്റെയാള്‍ ഫൊക്കാനാ ഡെലഗേറ്റായും കാണാറുണ്ട്. ഭാര്യാഭര്‍ത്താക്കള്‍ രണ്ടിടത്താകുമ്പോള്‍ എവിടെയെങ്കിലും ജയിക്കുമെന്നാണവരുടെ വിചാരം. അത്തരക്കാരെയും ഒന്നു വീക്ഷിക്കുന്നതു നന്നായിരിക്കും.
 
കേരള അസംതൃപ്തി മലയാളി അസോസിയേഷനില്‍ നിന്ന് ആനക്കാട്ടില്‍ മാത്തുക്കുട്ടി ഫൊക്കാനയിലും ആമക്കുഴിയില്‍ വറീത് ഫോമയിലും മല്‍സരിക്കുന്നു. ഇലക്ഷന്‍ പ്രചാരണത്തിന്റെ ഭാഗമായി അവര്‍ വച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ചില എതിരാളികള്‍ ചാണകവെള്ളമൊഴിക്കുകയൊ വലിച്ചു കീറുകയൊ ചെയ്തതില്‍ അവര്‍ അസംതൃപ്തരാണ്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയോട് ബിജെപി ചെയ്തതുപോലെയാണെന്നവര്‍ പറയുന്നു. എന്നാല്‍ അവരുടെ പഴയ മോഡലിലുള്ള ചപ്ലാം കട്ടയുമടിച്ചുള്ള പാരഡിഗാനങ്ങള്‍ക്ക് ശ്രോതാക്കള്‍ അനവധിയാണ്. പതിവുപോലെ ഇപ്രാവശ്യവും ഫോമാ ഫൊക്കാനാ ഇലക്ഷന്‍ ഗോദയില്‍ ഷഡിയിട്ട് മല്ലടിക്കാന്‍ കുറച്ച് ലലനാമണികളും എണ്ണത്തില്‍ കുറവാണെങ്കിലും എത്തിയിട്ടുണ്ട്. അവരെ കാണുമ്പോള്‍ ഷഡിയിട്ട ഇലക്ഷന്‍ മല്‍സര ആണ്‍ ഗുസ്തി ഫയല്‍മാന്‍മാരുടെ മുട്ടുവിറക്കും അവരുടെ വീര്യവും ശൗര്യവും ചോര്‍ന്നു പോകും. അതോടെ പെണ്‍സിംഹികള്‍ ആണ്‍ സ്ഥാനാര്‍ത്ഥികളെ മലര്‍ത്തിയടിച്ച് ഫൊക്കാനാ-ഫോമാ തസ്തികകളും കൊത്തിപൊക്കിയെടുത്ത് പറക്കും. ഇലക്ഷന്‍ ചട്ടവും നിയമവും ലംഘിച്ച് എത്ര പേര്‍ക്ക് ഫലകങ്ങളും പൊന്നാടകളും വാരിക്കോരി പുതപ്പിച്ച് ന്യൂസ് മീഡിയായിലും പബ്ലിക്കിലും ഗുഡ് വില്‍ നേടിയാലും അതെല്ലാം ഇലക്ഷനില്‍ ആവിയായിപോകും. 
 
ചില അവസരത്തില്‍ ഇലക്ഷന്‍ മാത്രമല്ല ഫൊക്കാനാ-ഫോമാ കണ്‍വെന്‍ഷനുകളിലെ ചില ആളുകളെപ്പറ്റിയുള്ള ചര്‍ച്ചകളും കേട്ടു. കഴിഞ്ഞ ദിവസം ഈ ലേഖകന്‍ മലയാളിയുടെ തുമാരാ ഗ്രോസേര്‍സ് സൂപ്പര്‍ മാര്‍ക്കററില്‍ കേരളത്തിന്റെ ദേശീയ ഉല്‍പ്പന്നമായ കൂഴചക്കപ്പഴവും കുറച്ച് കൊല്ലം അയിലയും വാങ്ങുകയായിരുന്നു. മീന്‍ വെട്ടി തന്നുകൊണ്ടിരുന്ന മത്തി മത്തായി കണ്‍വന്‍ഷനുകളെപ്പറ്റി വാചാലനായി. അച്ചാറു വിഭവങ്ങളുടെ മൊത്ത അമേരിക്കന്‍ ഡീലറായ അച്ചാറ് വര്‍ക്കിച്ചനുമായിട്ടായിരുന്നു. സംഭാഷണം. ഈ ലേഖകന്‍ വെറുമൊരു ശ്രോതാവു മാത്രം. ഈ ആഴ്ചത്തെ മലയാള ന്യൂസ് വാരിക വിടര്‍ത്തിവെച്ച് അതി•േല്‍ ചക്കപ്പഴം കീറിമുറിച്ച് കസ്റ്റമേഴ്‌സിനു കൊടുത്തു കൊണ്ടിരുന്ന തുമാരാ ഗ്രോസേര്‍സ് ജീവനക്കാരി കഴുതക്കാട്ടില്‍ സുലുവും സംഭാഷണം ശ്രദ്ധയോടെ ശ്രവിക്കുന്നുണ്ടായിരുന്നു. അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ... ഈ കണ്‍വന്‍ഷനില്‍ പോകുന്നവരുടെ കൈയില്‍ നിന്ന് വലിയ തുക പോക്കറ്റടിച്ച് നാട്ടീന്ന് ചില രാഷ്ട്രീയക്കാരേയും, സിനിമാക്കാരേയും ഉദ്യോഗസ്ഥ•ാരേയും ഒക്കെ കൊണ്ടുവരുവാണത്രെ. അവരെ പോയി എയര്‍പോര്‍ട്ടിന്ന് തുടങ്ങി എഴുന്നള്ളിക്കലാ. ആ വരുന്നവര്‍ എല്ലാ വേദികളും കയ്യടക്കി നാക്കിട്ടലക്കും. അവരെയൊക്കെ ദൈവങ്ങളായി പൊക്കി രഥത്തിലിരുത്തി ഒരു ഘോഷയാത്രയും എഴുന്നള്ളത്തും. രാഷ്ട്രീയക്കാര്‍ എപ്പോഴും പറയുന്നതു തന്നെ വീണ്ടും വീണ്ടും തട്ടിവിടും. ചിലര്‍ നമ്മളെ കറക്കി മോട്ടിവേറ്റ് സ്പീച്ച് നടത്തുന്നവരത്രെ. സിനിമാക്കാരാണെങ്കില്‍ പഴയ വിഡികോമാളിത്തരങ്ങലും വളിപ്പും വിളിച്ചു കൂവും. പിന്നെ കുറെ ചുണ്ടനക്കല്‍, മെയ്യനക്കല്‍ പ്രത്യേകമായി കുറച്ചു കുലുക്കും കിലുക്കും കാണിച്ചിട്ടു നമ്മളെ ബലമായി കയ്യടിപ്പിക്കലും. തീര്‍ന്നില്ലെ നമ്മുടെ കാശും പ്രയത്‌നവും ആവിയായി പോയില്ലെ. ഈ കാശുകൊണ്ട് നിങ്ങള്‍ക്ക് രണ്ടു കൊല്ലത്തേക്ക് നല്ല ക്വയിലോണ്‍ കിംഗ് ഫിഷോ, കൊച്ചിന്‍ മക്രീലോ വാങ്ങി കഴിക്കാം. അതു നമ്മുടെ ശരീരത്തിലെങ്കിലും പോഷകമായി കിടക്കും. ഇത്രയധികം പൊക്കി സല്‍ക്കരിച്ചു വിടുന്ന ഇവരെ നാട്ടില്‍ ചെന്നാല്‍ ഒന്ന് അറിയുന്നമട്ടുപോലും നമ്മളോട് കാണിച്ചെന്നു വരില്ല. മത്തി മത്തായി ആവേശ ഭരിതനായി തുടര്‍ന്നു. പിന്നെ ഇവിടത്തെ ഇലക്ഷനെപറ്റി പറഞ്ഞാല്‍ ഒരു തരം ഒത്തുകളി. തമ്മില്‍ഭേദം ഏതെങ്കിലും തൊമ്മ•ാര്‍ക്ക് വോട്ടു ചെയ്യുക. പലപ്പോഴും തമ്മില്‍ഭേദമായ ഒരു തൊമ്മനേയും കാണാതെ ഒരേ തരത്തിലുള്ള തൊമ്മ•ാരെ കാണുമ്പോള്‍ താന്‍ നിഷ്പക്ഷനാണെന്നു മാത്രം മത്തി മത്തായി പറഞ്ഞു നിര്‍ത്തി. പുള്ളിയും-കാമാ- കേരള അസംതൃപ്തി മലയാളി അസോസിയേഷനില്‍ നിന്നാകണം. എന്നാലും ഇതില്‍ കഴമ്പുണ്‍ കാണുമോ...
പരിശോധിക്കുന്നതു നല്ലതാണ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.