You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസ് കൊലപാതകം: വിചാരണ നാളെ ആരംഭിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 03, 2018 02:33 hrs UTC

ഷിക്കാഗോ∙ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്ന മോര്‍ട്ടന്‍ഗ്രോവ് സ്വദേശി പ്രവീണ്‍ വര്‍ഗീസിന്റെ കൊലപാതക കേസിന്റെ വിചാരണ നാളെ ആരംഭിക്കും. നാലു വര്‍ഷം മുൻപ് പ്രവീണ്‍ വര്‍ഗീസിനെ കാണാതാവുകയും ദിവസങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മരണ കാരണം ലഹരി പദാര്‍ത്ഥം ഉള്ളില്‍ച്ചെന്നുള്ള ഹൈപ്പോതെര്‍മിയ മൂലമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹത്തില്‍ കണ്ട മുറിവുകളുടേയും ക്ഷതങ്ങളുടേയും അടിസ്ഥാനത്തില്‍ രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതംമൂലമാണെന്നു തെളിയുകയും ചെയ്തു.

അതിനുശേഷം തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങള്‍ അമ്മ ലവ്‌ലി വര്‍ഗീസ് മുട്ടാത്ത വാതിലുകളില്ല, പോകാത്ത ഓഫീസുകളില്ല. ആ അമ്മയുടെ കണ്ണീരിനു മുന്നില്‍, ഇച്ഛാശക്തിക്കുമുന്നില്‍ മറ്റൊന്നിനം സ്ഥാനമില്ലാതിരുന്നതുകൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചു. കഴിഞ്ഞവര്‍ഷം കാര്‍ബണ്‍ഡേയ്ല്‍ സ്വദേശി 23 കാരനായ ഗേജ് ബെത്തൂണ്‍ പ്രവീണിന്റെ മരണത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തുകയും, ബത്തൂണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബത്തൂണ്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.

ഈ കേസിന്റെ രണ്ടാഴ്ച നീളുന്ന വിചാരണ ജൂണ്‍ നാലിന് തിങ്കളാഴ്ച തുടങ്ങും. വിചാരണരാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നീളും. ഡേവിഡ് റോബിന്‍സണ്‍ ആണ് പബ്ലിക് പ്രോസിക്യൂട്ടര്‍. ഇന്ത്യന്‍ വിചാരണകളില്‍ നിന്നും വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ ഒരു ജൂറിയാണ് കേസിന്റെ അന്തിമ വിധിനിര്‍ണ്ണയിക്കുന്നത്. നോട്ടിഫിക്കേഷന്‍ ലഭിച്ച ഇരുനൂറ്റിയമ്പത് പേരില്‍ നിന്നും, 17 പേരെ തിരഞ്ഞെടുത്ത്, അതില്‍ നിന്ന് 12 പേരാണ് ഹിയറിങില്‍ ഹാജരാകുന്നത്. ഇതൊരു ഫെലനി മര്‍ഡര്‍ കേസാണ്. അതായത് കളവും മര്‍ദ്ദനവും മരണകാരണമായിട്ടുണ്ട് എന്നാണ് തെളിയേണ്ടത്. മനപൂര്‍വ്വമായ കൊലപാതക ശ്രമം അല്ലെങ്കില്‍പ്പോലും പ്രതിയുടെ ഏതെങ്കിലും പ്രവൃത്തി പ്രവീണിന്റെ മരണത്തിന് കാരണമായി എന്നു തെളിയുന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ജൂറി വിധിയുണ്ടാകുന്നത്. പ്രവീണിന്റെ കുടുംബം ഞായറാഴ്ച കാര്‍ബണ്‍ഡെയ്‌ലിലേക്ക് തിരിക്കും. കുടുംബത്തോടൊപ്പം, സുഹൃത്തുക്കളും, കാര്‍ബണ്‍ഡേയ്ല്‍ നിവാസികളും, മോണിക്ക സുക്കാസും എല്ലാ സഹായങ്ങളും ചെയ്ത് ഈ ദിവസങ്ങളില്‍ കൂടെയുണ്ടാകും.

മകന്റെ മരണവും, അതിനോടനുബന്ധിച്ച ചോദ്യം ചെയ്യലുകളും, ചിത്രങ്ങളും ഒക്കെ കാണേണ്ടിവരിക മാതാപിതാക്കള്‍ക്കും, സഹോദങ്ങൾക്കും അത്യന്തം വേദനയുളവാക്കുന്നതാണ്. ഈ ദിവസങ്ങളില്‍ ഇവര്‍ക്ക് മലയാളി സമൂഹത്തിന്റെ മുഴുവന്‍ പ്രാർഥനയും ആവശ്യമാണ്. കേസിന്റെ വിജയത്തിനായി പ്രാർഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.