You are Here : Home / USA News

അസംബ്ലി റിട്രീറ്റ് സെന്ററില്‍; ഭദ്രാസനം വികസനപാതയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, May 31, 2018 10:50 hrs UTC

ഡാല്‍ട്ടണ്‍ (പെന്‍സില്‍വേനിയ): മലങ്കരസഭയുടെ ഐഡന്റിറ്റിയും അടിസ്ഥാന പ്രമാണങ്ങളും നിലനിര്‍ത്തി കൊണ്ടു തന്നെ ഒരു അമേരിക്കന്‍ സഭയായി അറിയപ്പെടാനുള്ള സമയമായി എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഭദ്രാസനത്തിന്റെ അധീനതയിലുള്ള ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററില്‍ നടന്ന ഭദ്രാസന അസംബ്ലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ നിക്കോളോവോസ്. ഒരു പുനര്‍ചിന്തനത്തിന്റെ സമയമാണിത്. വടക്കുനോക്കിയന്ത്രം എന്നു പറയുന്നതു പോലെ, എല്ലാത്തിനും, 'ഇന്ത്യാനോക്കി' സഭയായി മാറാതെയുള്ള ഒരു കാഴ്ചപ്പാടിനു സമയമായി. നാം ഒരു കുടിയേറ്റ സഭയല്ല ഇപ്പോള്‍. ഈ ഭൂഖണ്ഡത്തിലെ അനിഷേധ്യ സാന്നിധ്യമാണ് നമ്മുടേത്.

ചരിത്രഘടകങ്ങളെ ആസ്പദമാക്കിയുള്ള വസ്തുതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. അര്‍ത്ഥപൂര്‍ണ്ണമായ ജീവിത സാക്ഷ്യങ്ങള്‍ക്കു തുടക്കമിടാന്‍ സമയമായി. സഭയുടെ ചട്ടക്കട്ടില്‍ നിന്നു കൊണ്ടു തന്നെ വിവേചനത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. പൈതൃകകാര്യക്രമങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായി കഴിഞ്ഞു. മറ്റു കുടിയേറ്റ സഭകളുമായി തട്ടിച്ചു നോക്കുമ്പോള്‍ മലങ്കരസഭയുടെ വളര്‍ച്ച ബഹുദൂരം മുന്നിലാണ്. ഇപ്പോള്‍ നമ്മള്‍ വെറും ഒരു കുടിയേറ്റ സഭയേ അല്ല. സ്വത്വം നിലനിര്‍ത്തുന്ന തദ്ദേശീയ സഭ തന്നെയാണ്. മുന്‍ഗാമികളായ മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത, മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത എന്നിവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പിത ജീവിതത്തിന്റെയും ബാക്കിപത്രമാണ് ഇന്നു ഭദ്രാസനം അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തിന്റെയും നിദാനം. മലങ്കരസഭയ്ക്ക് ആകമാനം അഭിമാനമായ ഈ റിട്രീറ്റ് സെന്ററിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പ്രാര്‍ത്ഥനയും സഹായവും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അസംബ്ലിക്ക് ആമുഖമായി ധ്യാനയോഗം നയിച്ച ഫാ. സജി തോമസ് തറയില്‍ സങ്കീര്‍ത്തനങ്ങള്‍ 141-ാം അധ്യായത്തെ ആസ്പദമാക്കി ഹൃദയസ്പര്‍ശിയായ രീതിയിലാണു സംസാരിച്ചത്. സൃഷ്ടിയും സംഹാരവും നടത്താനുള്ള കരുത്ത് വാക്കിനുണ്ട്. ആലോചനയില്ലാതെ വാക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടി വരും.

പറയുന്ന വാക്കുകളോട് വിശ്വാസ്യത പുലര്‍ത്തണം എന്നീ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കി ഉദാത്തമായ ഒരു ധ്യാനപ്രസംഗമാണ് സജി അച്ചന്‍ നടത്തിയത്. ഭദ്രാസന സെക്രട്ടറി ഫാ.സുജിത്ത് തോമസ് ഭദ്രാസന മെത്രാപ്പോലീത്തയുടെ കല്‍പ്പന വായിച്ചതോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്. പ്രാര്‍ത്ഥനയ്ക്കു ശേഷം മുന്‍ അസംബ്ലിയുടെ മിനിട്‌സ് വായിച്ച് പാസ്സാക്കി. 2017-18 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് വരവ് ചിലവ് കണക്കുകള്‍ എന്നിവയും അവതരിപ്പിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ തമ്പി നൈനാന്റെ ഓഡിറ്റ് റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു. അക്കൗണ്ടിങ് കമ്പനിയായ റോസ്റ്റ് ആന്റ് കമ്പനിയുടെ പ്രതിനിധികള്‍ നേരിട്ടെത്തി വിശദമായ വരവു ചിലവുകണക്കുകള്‍ അവതരിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിന്റെ ഇതപര്യന്തമുള്ള വികസനപ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ഉള്‍പ്പെടുന്ന വീഡിയോ പ്രസന്റേഷന്‍ ജെയ്‌സണ്‍ തോമസ്, സന്തോഷ് മത്തായി എന്നിവര്‍ ചേര്‍ന്നു നടത്തി.

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാവിപ്രവര്‍ത്തന ശൈലി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ചകള്‍ നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ്, കൗണ്‍സില്‍ അംഗങ്ങളായ ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ചാന്‍സലര്‍ ഫാ. തോമസ് പോള്‍, മെത്രാപ്പോലീത്തയുടെ അസിസ്റ്റന്റ് ഡീക്കന്‍ ഡെന്നീസ് മത്തായി, മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. എബി ജോര്‍ജ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബിജു പാറയ്ക്കല്‍ എന്നിവരും അസംബ്ലിയുടെ വിജയത്തിനു വേണ്ടി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫാ. എബി ജോര്‍ജിനെ അസംബ്ലിയുടെ റെക്കോര്‍ഡിങ് സെക്രട്ടറിയായി മെത്രാപ്പോലീത്ത നിയമിച്ചിരുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വികാരിമാരും അസംബ്ലി അംഗങ്ങളും പങ്കെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.