You are Here : Home / USA News

എഫ്.എം.കെ.സി.എഫ്. പതിമൂന്നാം വാർഷികവും ഫാ. മാത്യു കുന്നത്തിന്റെ 87ആം ജന്മദിനവും 13 ന്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, May 13, 2018 01:22 hrs UTC

ന്യൂജേഴ്‌സി: ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടഷന്റെ (എഫ്.എം.കെ.സി.എഫ്.) പതിമൂന്നാം വാർഷികവും ചെയർമാൻ ഫാ.മാത്യു കുന്നത്തിന്റെ എൺപത്തിഏഴാം പിറന്നാളും മെയ് 13 ഞായറാഴ്ച നട്ട്ലി സെയിന്റ് മേരീസ് പള്ളിയിൽ നടക്കും. വൈകുന്നേരം നാലിന് ഫാ. മാത്യുവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. ഫാ. തോമസ് കുന്നത്ത്, ഫാ. മീണ എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം ആറിന് പള്ളി ഓഡിറ്റോറിയത്തിൽ തുടർന്ന് ട്രസ്റ്റിലെ അംഗങ്ങളുടെ നൃത്തനൃത്യങ്ങളും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി പതിവുപോലെ ട്രസ്റ്റിലെ അംഗങ്ങളുട മക്കളുടെ സാന്നിധ്യത്തിൽ ഫാ. മാത്യു കേക്ക് മുറിച്ചുകൊണ്ട് മധുരം പങ്കുവയ്ക്കും.

ന്യൂജേഴ്സിയിലെ നല്ല സമരിയക്കാരൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ. മാത്യുവിന്റെ പേരിൽ 2005 ലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് ആരംഭിക്കുന്നത്. കോലാഹലങ്ങളില്ലാതെ നിശ്ബദസേവനം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ജാതിമതഭേദമന്യേ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പാവപ്പെട്ട നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പഠന സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ ട്രസ്റ്റ് ഇതിനകം അര മില്യൺ ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിനു പുറമെ നിർധനരായ രോഗികൾക്ക് ചികിത്സാ ചെലവ്, ഭവന നിർമാണം, വിവാഹ ചെലവ് തുടങ്ങിയ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ ഇത്രയേറെ തുക ചരുങ്ങിയകാലം കൊണ്ട് നൽകിയിട്ടുള്ള മറ്റൊരു മലയാളി സന്നദ്ധ സംഘടനകൾ അമേരിക്കയിൽ ഉണ്ടായിട്ടില്ല.

500 ഇത് പരം നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും അമേരിക്കയിൽ കുടിയേറാൻ അവസരമൊരുക്കിക്കൊടുത്ത മാത്യു അച്ചൻ അമേരിക്കയിലെ അനേകം മലയാളി കുടുംബങ്ങൾക്ക് അവരുടെ ആൽമീയഗുരുവും പിതൃതുല്യനുമാണ്. 35 വര്ഷം മുൻപ് അമേരിക്കയിൽ കുടിയേറിയ മാത്യു അച്ചൻ സ്വന്തം നിലയിൽ നിരവധി പാവപ്പെട്ടവരെ സഹായിച്ചു വന്നിരുന്നു. യാദൃശ്ചികമായി മിഡിൽ ഈസ്റ്റിൽ ജോലിചെയ്തിരുന്ന ഒരു മലയാളി നഴ്‌സിന്റ്റെ ഇമ്മിഗ്രേഷൻ നടപടിക്രമങ്ങളിൽ സഹായിക്കാനുള്ള അവസരം ഉണ്ടായതാണ് അനേകം മലയാളികളുടെ തന്നെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത്. ആ നഴ്‌സിനെ സഹായിക്കാൻ കാണിച്ച സൽമനസ് വെട്ടിത്തുറന്നത് 500 ഇൽ പരം നഴ്സുമാർക്ക് നേരിട്ടും അത്രയോളം വരുന്ന കുടുംബങ്ങൾക്ക് പരോക്ഷമായും അമേരിക്കയിൽ എത്തിപ്പെടാനുള്ള സഹചര്യമൊരുങ്ങുകയായിരുന്നു..സൗഭാഗ്യങ്ങളുടെ പറുദീസയായ ഈ നാട്ടിൽ എത്തിപ്പെടാൻ സഹായിച്ച ഈ കുടുംബങ്ങളിൽ നിന്ന് നയാ പൈസ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല ആരാരുമില്ലാത്ത അവർക്ക് ഒരു ജീവിതം കെട്ടപ്പെടുത്താൻ കരുത്തും അത്താണിയുമാവുകയും ചെയ്തു. നിസ്വാർത്ഥമായ ഈ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് അച്ചന്റെ എഴുപത്തിയഞ്ചാം പിറന്നാളിന് അദ്ദേഹത്തിന്റെൻപേരിൽ ഒരു ചാരിറ്റബിള് ട്രസ്റ്റ് ആരംഭിക്കാൻ അദ്ദേഹം വഴി അമേരിക്കയിൽ എത്തിയവരും അദ്ദേഹത്തിന്റെ കാരുണ്യപ്രവർത്തങ്ങളെ സ്നേഹിക്കുന്ന നിരവധി സുഹൃത്തുക്കളും ചേർന്ന് ഇത്തരമൊരു സംരംഭത്തിനൊരുങ്ങിയത്.

മാത്യു അച്ചൻ വഴി എത്തിയവർ ഇന്ന് അമേരിക്കയിൽ മുഴുവനും വ്യാപിച്ചു കിടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ ചാരിറ്റി ഡിന്നർ നൈറ്റ്, കലാപരിപാടികൾ, മൂവി ഷോ തുടങ്ങി വിവിധ രീതികളിൽ ധനസമാഹാരം നടത്തിയാണ് കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഫൗണ്ടേഷൻ അംഗങ്ങളും സുഹൃത്തുക്കളും ബാങ്കിൽ നിന്ന് ഓരോ മാസവും നിശിചിത തുക ഡയറക്റ്റ് ഡെപ്പോസിറ് നൽകിക്കൊണ്ടാണ് യാതൊരു ആയാസവുമില്ലാതെ ധനസമാഹാരം നടത്തുന്നത്. കൂടാതെ നേരിട്ടും അംഗത്വ ഫീസ് വഴിയുംകണ്ടെത്തുന്നു. ഡയറക്റ്റ് ഡെപ്പോസിറ്റ് ആശയം വളരെ ആയാസം കുറഞ്ഞ പദ്ധതി ആയതിനാൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗത്വമെടുത്തവരുടെ എണ്ണം നൂറിൽ കവിഞ്ഞു. അച്ചൻ വഴി വന്ന 500 പേരിലും ഈ ആശയം എത്തുകയും അവരും പങ്കാളികളായി മാറുകയും ചെയ്താൽ രക്ഷപ്പെടുന്നത് അനേകം നിര്ധനരായിരിക്കും. തന്റെ കാലാശേഷവും ഈ ട്രസ്റ്റ് നിലനില്ക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ധനസമാഹാരരീതി അവലംബിക്കാൻ കാരണമെന്നും ഇനിയും പലരും ഈ പദ്ധതിയിൽ ചേർന്ന് സഹായിക്കണമെന്നും ഫാ. മാത്യു കുന്നത്ത് അഭ്യർത്ഥിച്ചു. മാസം 20 ഡോളർ മുതൽ എത്ര തുക വേണമെങ്കിലും ഡിപോസിറ്റ് ചെയ്യാം.

പ്രായത്തിനിന്റെ അസ്വസ്ഥതകൾ വകവെക്കാതെ കർമ്മ മേഖലയിൽ കഠിനാധ്വാനം നടത്തി വന്ന മാത്യു അച്ചൻ അടുത്ത കാലത്താണ് വൈദികപരമായ ജോലികളിൽ നിന്നു വിരമിച്ച ശേഷവും തുടർന്ന് വന്നിരുന്ന ജോലികൾ നിർത്തി വയ്ക്കാൻ നിർബന്ധിതനായത്. സാധരണ വൈദികർ എഴുപത്തിയഞ്ചാം വയസിൽ വിരമിക്കുമ്പോൾ മാത്യു അച്ചന്റെ സേവനം ന്യൂവാർക്ക് അതിരൂപത 82 വയസുവരെ നീട്ടികൊടുത്തു. ഇതിനിടെ ഓപ്പൺ ഹാർട്ട് സർജറിയും കഴിഞ്ഞെങ്കിലും കഴിഞ്ഞ വര്ഷം വരെ പൂർണ ആരോഗ്യത്തോടെ നട്ട്ലി ഹോളിഫാമിലി പള്ളിയിൽ ജോലി ചെയ്തു വന്ന അദ്ദേഹം ഡയാലിൽസിസ് ആവശ്യമായതിനെ തുടർന്ന് റിട്ടയർമെന്റ് എടുക്കാൻ നിർബന്ധിതനാകുകയായിരുന്നു.

ഇപ്പോൾ മറ്റു ചുമതലകളിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിക്കുന്നു. കൂടുതൽ ആളുകൾ ഡയറക്റ്റ് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗങ്ങൾ ആകാൻ കഴിഞ്ഞാൽ കൂടുതൽ പാവപ്പെട്ടവരെ സഹായിക്കാൻ പറ്റുമെന്ന ആഗ്രഹമാണ് മാത്യു അച്ഛനുള്ളത്.ദിവസേനെ എന്ന വണ്ണമാണ് നാട്ടിൽ നിന്ന് സഹായങ്ങൾ തേടി കാതുകൾ വന്നുകൊണ്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.