You are Here : Home / USA News

പ്രതിഭകളുടെ സംഗമവേദിയായി നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, May 06, 2018 10:34 hrs UTC

ന്യൂജേഴ്‌സി: മാനത്തു നിന്ന് വർണ്ണ മേഘങ്ങൾ പെയ്തിറങ്ങി, എങ്ങും നിറക്കൂട്ടുകളുടെ വിസ്മയക്കാഴ്ച, സംഗീത താളമേളങ്ങളും നൃത്തരൂപങ്ങളും അണിനിരന്നു. പ്രതിഭകളുടെ സംഗമവേദിയായി മാറിയ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ്‌ ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സി(നാമം)ന്റെ നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് ആസ്വാദക ഹൃദയങ്ങൾ കവർന്ന അനുഭവമായി മാറി. ഉജ്ജ്വലം, അത്യുഗ്രം, അവിസ്മരണീയം എന്നിവക്കുകൾക്കു മറുവാക്കുണ്ടായിരുന്നുവെങ്കിൽ അവതരണം കൊണ്ടും സംഘാടകമികവുകൊണ്ടും ഉന്നത നിലവാരം പുലർത്തിയ നാമം അവർഡ് നിശയെ ആ വാക്കുകൊണ്ട് വിശേഷിപ്പിക്കാമായിരുന്നു.

ഏപ്രിൽ 28ന് ശനിയാഴ്ച വൈകുന്നേരം ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അമേരിക്കൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു വിശേഷിപ്പിക്കാവുന്ന അതിവിശിഷ്ട മലയാളികളായ ഏഴു പേർക്കാണ് വിവിധ വിഭാഗങ്ങളിലായി അവാര്‍ഡുകൾ നൽകി ആദരിച്ചത്. ഡോ. തോമസ് ഏബ്രഹാം (മികച്ച സാമൂഹ്യ പ്രവർത്തകൻ), ഡോ. ബാബു സ്റ്റീഫൻ (ബഹുമുഖ പ്രതിഭ), ഡോ.രാംദാസ് പിള്ള( മികച്ച വ്യവസായ സംരംഭകൻ), രേഖാ നായര്‍( മാനവികത), ഡോ. അജയ്‌ഘോഷ് (മികച്ച പത്രപ്രവര്‍ത്തകൻ), ടി.എസ്. നന്ദകുമാർ (മികച്ച സംഗീതജ്ഞൻ), തനിഷ്‌ക് മാത്യു ഏബ്രഹാം, ടിയറ തങ്കം ഏബ്രഹാം (മികച്ച യുവ പ്രതിഭകൾ ) എന്നിവർ പ്രൗഢഗംഭീരമായ സദസിൽ വച്ച് അവാർഡ് ഏറ്റു വാങ്ങിയത്.

റോയൽ ആൽബർട്ട് പാലസിലെ നിറഞ്ഞ സദസ്സിൽ നിലയ്കാത്ത കരഘോഷങ്ങളോടെയാണ് ഓരോ അവർഡ് ജേതാക്കളെയും വേദിയിലേക്ക് ആനയിച്ചത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലാർ ദേവദാസൻ നായർ ആയിരുന്നു നാമം 2018 എക്‌സലന്‍സ് അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി. പ്രമുഖ നടനും എഴുത്തുകാരനുമായ തമ്പി ആന്റണി ചടങ്ങു ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള അഞ്ഞൂറോളം വിശിഷ്ട വ്യക്തികളെക്കൊണ്ട് സമ്പന്നമായ ചടങ്ങിൽ വൈവിധ്യമാര്ന്ന കാലാവിരുന്നും അവാർഡ് നിശക്ക് കൊഴുപ്പേകി.

പ്രോഗ്രാം ഡയറക്ടർ തുമ്പി അൻസൂദിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച അവാർഡ് നിശയിൽ ഗീതാലി തമ്പി, ഗീതാലി എന്നിവർ (അമേരിക്കൻ ) സുമ നായർ, കാർത്തിക ഷാജി എന്നിവർ (ഇന്ത്യൻ ) ദേശീയ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് തമ്പി ആന്റണി അവാർഡ് നൈറ്റ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന്റെ മാസ്റ്റർ സെറിമോണിമാരായ ബോബി കുര്യാക്കോസ്, ദിവ്യ ജേക്കബ് എന്നിവർ ചേർന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരെ ഭദ്രദീപം കൊളുത്താൻ വേദിയിലേക്ക് ക്ഷണിച്ചു. മാധവൻ നായർ ആദ്യ തിരിക്കു ദീപം പകർന്നുകൊണ്ട് ചടങ്ങിന് ശുഭമുഹൂർത്തം നൽകി. തുടർന്ന് നാമം പ്രസിഡന്റ് മാലിനി നായര്‍, എം.ബി.എൻ. ഫൗണ്ടേഷൻ പ്രസിഡന്റ് ജാനകി അവുല, തമ്പി ആന്റണി, സെനറ്റർ വിൻ ഗോപാലനെ പ്രതിനിധികരിച്ചുകൊണ്ട് അമിത് ജാനി,എം.എൻ. സി. നായർ,സതീശൻ നായർ എന്നിവർ ചേർന്ന് മറ്റു തിരികൾക്കു കൂടി ദീപം പകർന്നു. അവാർഡുദാനച്ചടങ്ങിൻറെ മുഖ്യ സംഘാടകനും നാമം സെക്രട്ടറി ജനറലുമായ മാധവൻ ബി. നായർ അവാർഡ് ദാനചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. തുടർന്ന് മുഖ്യാതിഥി നടൻ തമ്പി ആന്റണി ഉദ്ഘാടന പ്രസംഗം നടത്തി.അമിത് ജാനി, നാമം പ്രസിഡന്റ് മാലിനി നായർ, എം.ബി.എൻ. ഫൗണ്ടേഷൻ പ്രസിഡന്റ് ജാനകി അവുല എന്നിവർ ആശംസകൾ നേർന്നു. നാമം അവാർഡിനോടനുബന്ധിച്ചു പുറത്തിറക്കിയ സുവനീർ ഫൊക്കാന മുൻ പ്രസിഡന്റും ഫൗണ്ടേഷൻ ചെയർമാനുമായ പോൾ കറുകപ്പള്ളിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.

കർണാട്ടിക്ക് സംഗീതത്തിലെ അടിസ്ഥാന താളലയഭാവമായ മൃദംഗം ഉൾപ്പെടയുള്ള വാദ്യഘോഷത്തോടെ നാമം അവാർഡ് ജേതാവും പ്രമുഖ പേർക്കേഷനിസ്റ്റുമായ ടി.എസ്.നന്ദകുമാറും സംഘവും അവതരിപ്പിച്ച ജുവെൽസ് ഓഫ് റിഥം എന്ന മാസ്റ്റർപീസ് വാദ്യ ലയ വൃന്ദയിലൂടെയാണ് അവാർഡ് നിശ ആരംഭിച്ചത്. മൃദംഗവായനയില്‍ മാജിക്കുകള്‍ സൃഷ്ടിച്ച നന്ദകുമാറിനൊപ്പം താളവും സംഗീതവും ഇഴപിരിച്ചുകൊണ്ടു ആസ്വാദകരെ താളമേളങ്ങളിലൂടെ അനന്തവിഹായസിലേക്കു നയിച്ച താളവാദ്യ കച്ചേരിയിൽ ടി.എസ്. നന്ദകുമാറിനൊപ്പംപന്ത്രണ്ടോളം വരുന്ന ശിഷ്യന്മാരുമുണ്ടായിരുന്നു. വയലിൻ,വീണ,ഓടക്കുഴൽ(ഫ്ലൂട്ട്), എന്നീ സംഗീതോപകരണങ്ങൾക്കൊപ്പം മൃദംഗം,ഘടം,ഗഞ്ചിറ, മോർസിംഗ്, റിഥം പാഡ് എന്നി എന്നീ വാദ്യോപകരണങ്ങളിൽ ഏതാണ്ട് 15 മിനുട്ട് നീണ്ടു നിന്ന നന്ദകുമാറും ശിഷ്യന്മാരുടെയും മാസ്മരിക പ്രകടനം ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ കാണികളെ ആവേശഭരിതരാക്കി. ഇത് വരാനിരിക്കുന്ന പരിപാടികളുടെ സാമ്പിൾ വെടിക്കെട്ട് എന്ന് കരുതി തന്നെ കാണികൾകാത്തിരുന്നു.

നന്ദകുമാറിനൊപ്പം മൃദംഗത്തിൽ അദ്ദേഹത്തെ പിന്തുണക്കാൻ ഹരീഷ് ദുരൈ, കൃഷ്ണ പാല്യ, ശബരി രാമചന്ദ്രൻ, ആനന്ദ ശങ്കർലിങ്കം എന്നിവരുമുണ്ടായിരുന്നു. . രവിശങ്കർ ശ്രീനിവാസൻ ഫ്ലൂട്ടിലും രവി ശ്രീനിവാസൻ വയലിനിലും താളമേളത്തെ സംഗീതസാന്ദ്രമാക്കി മാറ്റി. മഞ്ജുള രാമചന്ദ്രൻ ആണ് വീണയുടെ ശ്രുതിക്കൊപ്പം കീർത്തനങ്ങൾ ആലപിച്ചത്. വാതാപി ഗണപതിയിലായിരുന്നു തുടക്കം. തവിലിൽ രാജഗോപാലിനൊപ്പം നന്ദകുമാറും ഇടക്കിടെ സപ്പോർട്ട് ചെയ്തപ്പോൾ ഈശൻ റാവു ഗഞ്ചിറയും ജിഷ്ണു സുബ്രഹ്‍മണ്യം ഘടവും വായിച്ചു വിസ്മയമൊരുക്കി. നന്ദശിവ്കുമാറും പ്രഹ്ളാദ് മദബുഷിയും മൊർസിഗിലും സന്ദീപ് അയ്യർ ഹാൻഡ്‌സോണിക്കിലും മികച്ച പ്രകടനമാണ് നടത്തിയത്.

തുടർന്ന് സൗപർണിക ഡാൻസ് അക്കാദമിയിലെ 17 പേർ ചേർന്നൊരുക്കിയ വ്യത്യസ്തമാർന്ന സംഘനൃത്തമായിരുന്നു അരങ്ങേറിയത്. ഭരതനാട്യം, കഥകളി, ബോളിവുഡ് ഡാൻസുകളുടെ മനോഹരമായ ഈ ഫ്യൂഷൻ ഐറ്റം നാമം പ്രസിഡന്റും സൗപർണിക അക്കാദമിയിലെ ആർട്സ് ഡയറക്ടറുമായ മാലിനി നായരാണ്.

Click here to view the event pictures

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.