You are Here : Home / USA News

വിവാഹത്തിലൂടെ ലഭിക്കുന്ന ഗ്രീൻ കാർഡ് ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Text Size  

Story Dated: Saturday, April 21, 2018 01:56 hrs UTC

ഏബ്രഹാം തോമസ്

ന്യൂയോർക്ക്∙അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതിനും പൗരത്വം നേടുന്നതിനും കൂടുതലാളുകളും തിരഞ്ഞെടുക്കുന്ന മാർഗമാണ് ഗ്രീൻ കാർഡ്, ഗ്രീൻ കാർഡ് ലഭിക്കുവാൻ അവിവാഹിതരായവർ അമേരിക്കൻ പൗരത്വം ഉള്ളവരെ വിവാഹം കഴി‌ക്കാറുണ്ട്. വിവാഹം കഴിച്ച ശേഷം നിയമപരമായി അമേരിക്കയിലെത്തിയ ഭർത്താവിനോ ഭാര്യയ്ക്കോ പങ്കാളിക്കുവേണ്ടി ഗ്രീൻ കാർഡിന് അപേക്ഷിക്കാം. അമേരിക്കൻ പൗരരോ ഗ്രീൻ കാർഡ് ഉള്ളവരോ മറ്റ് രാജ്യക്കാരെ വിവാഹം കഴിച്ച് അവരെ അമേരിക്കയിലെത്തിക്കുവാൻ ഗ്രീൻ കാർഡിന് ശ്രമിക്കാറുണ്ട്.

ഗ്രീൻ കാർഡ് ലഭിക്കുവാനുള്ള മാർഗം ദശകങ്ങളായി ധാരാളമായി ദുരുപയോഗം ചെയ്തുവന്നിരുന്നതായി ആരോപണങ്ങളുണ്ട്. ഈ പശ്ചാത്തലത്തിൽ നിയമങ്ങൾക്കും നിബന്ധനകൾക്കും പുതുക്കി എഴുത്ത് നടക്കാറുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള നിയമങ്ങളെയും നിബന്ധന കളെയും കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു. ഇത് പൊതുവേ ആപേക്ഷികമായ കാര്യങ്ങളാണ്. വ്യക്തിപരമായ കേസുകളുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ചാവും അധികാരികൾ തീരുമാനം എടുക്കുക.

ഫാമിലി ബെയ്സ്ഡ് ഗ്രീൻ കാർഡ് – സൗപെസ് എന്ന വിഭാഗത്തിലാണ് വിവാഹത്തിലൂടെയുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ പരിഗണിക്കുന്നത്. മറ്റ് ഫാമിലി ബെയ്സ്ഡ് അപേക്ഷകളെക്കാൾ വേഗത്തിൽ ഇവയ്ക്ക് തീരുമാനം ഉണ്ടാവുന്നു. അമേരിക്കയിൽ സ്ഥിരമായി വസിക്കുവാനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഈ ഇമിഗ്രേഷൻ പെറ്റിഷന് ഉപയോഗിക്കേണ്ട ഫോം ഐ 130 ആണ്.

യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസ് താൽക്കാലികമായി അമേരിക്കയിൽ വസിക്കുവാൻ അനുവദിച്ചിട്ടുള്ളവർ ഫോം ഐ 485 ഉപയോഗിക്കുന്നു.

അമേരിക്കൻ പൗരരോ ഗ്രീൻ കാർഡ് ഉള്ളവരോ ആയി മറ്റ് രാജ്യക്കാർ നടത്തുന്ന വിവാഹങ്ങൾ പങ്കാളികൾക്ക് ഗ്രീൻ കാർഡിനുവേണ്ടി അപേക്ഷിക്കുമ്പോൾ തീവ്ര പരിശോധനയിലാവുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഇന്റർവ്യൂവിന് ഹാജരാവുമ്പോൾ ഈ ചോദ്യങ്ങൾക്കും മറുപടി പറയേണ്ട സാഹചര്യം ഉണ്ടാവാം. എപ്പോഴാണ് നിങ്ങൾ അന്യോന്യം കണ്ടുമുട്ടിയത്. ?

പങ്കാളിയുടെ ദേഹത്ത് പച്ച (ടാറ്റൂ) കുത്തിയിട്ടുണ്ടോ ? ഏതൊക്കെ ചലച്ചിത്രങ്ങളാണ് നിങ്ങൾ ഇരുവരും ഒന്നിച്ച് കണ്ടിട്ടുള്ളത് ? പങ്കാളികൾ അവരുടെ ബന്ധം യഥാർത്ഥമാണെന്ന് കാണിക്കുവാൻ രേഖകളും (മറ്റ് ഭാഷകളിലുള്ളതാണെങ്കിൽ ഇംഗ്ലീഷ് തർജ്ജമകളും ഒന്നിച്ചെടുത്ത ഫോട്ടോകളും തെളിവിനായി ഹാജരാക്കണം.

ഉത്തരങ്ങൾ എല്ലാം ശരിയായിരുന്നാലും തീർപ്പ് അനുകൂലമാവണമെന്ന് നിർബന്ധമില്ലെന്ന് അധികാരികളും കുടിയേറ്റ നിയമത്തിൽ പ്രവീണരായ അഭിഭാഷകരും പറയുന്നു.

നിങ്ങൾ എപ്പോഴാണ് കണ്ടുമുട്ടിയത് എന്ന ചോദ്യത്തിന് അനുബന്ധമായി അതിനുശേഷം എപ്പോഴാണ് ഡേറ്റ് ചെയ്യാൻ ആരംഭിച്ചത് എന്ന ചോദ്യം ഉയരാം.

എപ്പോഴാണ് പങ്കാളിയുടെ ബന്ധുക്കളെ കണ്ടത്. എപ്പോഴാണ് വിവാഹിതരാവാൻ തീരുമാനിച്ചത്. എപ്പോഴാണ് വിവാഹമോതിരം വാങ്ങിയത്. എങ്ങനെ ആയിരുന്നു വിവാഹം, ആരൊക്കെ സംബന്ധിച്ചു, ഇതിനുശേഷം എന്ത് ചെയ്തു, എവിടെയാണ് ആഹാരം കഴിച്ചത് എന്നും ചോദിക്കാം. നിങ്ങളുടെ വിവാഹബന്ധത്തെ കൂടുതലറിയാൻ ഇമിഗ്രേഷൻ അധികാരി ഇങ്ങനെ ശ്രമിക്കുന്നു.

സാധാരണ ഗതിയിൽ ഇതൊരു വ്യാജ വിവാഹമാണ് എന്ന മുൻവിധിയോടെ യാണ് അധികാരി ഇന്റർവ്യു ആരംഭിക്കുക. മറിച്ചാണ് എന്ന് സ്ഥാപിക്കേണ്ടത് ഭാര്യയുടെയും ഭർത്താവിന്റെയും ഉത്തരവാദിത്തമാണ്. അസത്യമാണ് പറയുന്നതെന്ന് തെളിഞ്ഞാൽ 2,50,000 ഡോളർ വരെ പിഴ നൽകേണ്ടി വരും. ജയിൽ ശിക്ഷയും ഉണ്ടാവും. വിവാഹത്തിലൂടെ ഗ്രീൻ കാർഡ് ലഭിക്കുവാനുള്ള സാധ്യത ഇതോടെ അപേക്ഷകയ്ക്ക് / അപേക്ഷകന് നഷ്ടമായേക്കും.

മൊത്തം അപേക്ഷാ ഫീസ് 299 ഡോളറാണ്. ചിലപ്പോൾ വ്യവസ്ഥകൾക്ക് ബാധമായി (കണ്ടീഷനൽ) ഗ്രീൻ കാർഡ് നൽകിയേക്കാം. ഈ ഗ്രീൻ കാർഡിന്റെ കാലാവധിക്കുശേഷം 90 ദിവസത്തിനുള്ളിൽ ഫോം ഐ 751 ൽ വ്യവസ്ഥകൾ മാറ്റിക്കിട്ടാൻ അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ ചോദ്യങ്ങൾ ഇവയിൽ നിന്നാകാം. നിങ്ങളുടെ ബെഡ്റൂമിന്റെ ചിത്രം വരയ്ക്കുക.

നിങ്ങളുടെ വീട്ടിൽ നിങ്ങൾ എങ്ങനെയാണ് പ്രവേശിക്കുന്നത് ? ഏത് വഴികളിലൂടെയാണ് നിങ്ങളുടെ പങ്കാളി സാധാരണ സഞ്ചരിക്കുന്നത് ?

കഴിഞ്ഞ രാത്രി നിങ്ങൾ എന്ത് ചെയ്തു ? ക്രിസ്മസിന് നിങ്ങൾ എന്തു ചെയ്തു ?

പങ്കാളി അയാളുടെ (അവളുടെ) അമ്മാവി അമ്മയെ അവസാനമായി കണ്ടത് എപ്പോഴാണ് ?

എവിടെ നിങ്ങൾ ആദ്യമായി പങ്കാളിയുടെ സഹോദരന്മാരെയും സഹോദരിമാരെയും കണ്ടത് ?

നിങ്ങളുടെ പങ്കാളി എപ്പോഴെങ്കിലും ആശുപത്രിയിൽ ചികിത്സയിലായിരുന്നുവോ ?

പൗരത്വത്തിന്റെ യോഗ്യതകൾ ഇവയാണ് : അഞ്ച് വർഷമായി ഗ്രീൻ കാർഡ് ഉടമയായിരിക്കണം. ഈ അഞ്ച് വർഷത്തിനുള്ളിൽ യുഎസിന് പുറത്ത് ആറ് മാസമോ അതിൽ കൂടുതലോ വസിച്ചിരിക്കരുത്.

പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുൻപ് 30 മാസമെങ്കിലും യുഎസിൽ ശാരീരികമായി ഉണ്ടായിരുന്നിരിക്കണം.

എവിടെ നിന്നാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്ത് 3 മാസം താമസിച്ചിരിക്കണം.

ഇംഗ്ലീഷിൽ സാമാന്യബോധം ഉണ്ടായിരിക്കണം. ഈ വ്യവസ്ഥയ്ക്ക് ഇളവിനായി നിയമ പോരാട്ടങ്ങൾ നടക്കുന്നുണ്ട്.

അമേരിക്കൻ ചരിത്രം, ഗവൺമെന്റ്, സമൂഹം എന്നിവയെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.

അമേരിക്കയോട് കൂറ് പ്രഖ്യാപിച്ച് പ്രതിജ്ഞ എടുക്കുവാൻ തയാറായി രിക്കണം. പ്രതിജ്ഞകൾ അനുവദനീയമല്ലാത്ത മതവിശ്വാസികൾക്ക് ഇളവുണ്ട്.

പൗരത്വ അപേക്ഷയുടെ മൊത്തെ ചെലവ് 924 ഡോളറാണ് (മാറ്റം ഉണ്ടായേക്കാം)

ആപ്ലിക്കേഷൻ ഫീ – 199 ഡോളർ, യുഎസ് സി ഐഎസ് ഫയലിംഗ് ഫീ– 640 ഡോളർ, ബയോമെട്രിക് ഫീ– 85 ഡോളർ എന്നിങ്ങനെയാണ് ഫീസ് ശേഖരിക്കുന്നത്.

ഗ്രീൻ കാർഡിന്റെയോ പൗരത്വത്തിന്റെയോ നടപടികൾ ആരംഭിക്കുവാൻ തുനിഞ്ഞാൽ സ്വകാര്യ വിവരത്തിൽ ചിലതൊക്കെ ഗോപനീയമായി എന്ന് വരില്ല. തുടർച്ചയായി അനൗദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ഫോൺ വിളികളും ഇമെയിലുകളും ഉണ്ടായി എന്ന് വരാം. ഇവയ്ക്കെതിരെ സൂക്ഷ്മ ജാഗ്രത പാലിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരികയില്ല.

പൗരത്വത്തിനുള്ള അപേക്ഷ ഫോം എൻ 400 ൽ ചെയ്യുന്നു. നടപടി ക്രമങ്ങൾ സാധാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാകാറുണ്ട്. എങ്കിലും ധാരാളം അപേക്ഷകൾക്ക് തീർപ്പ് കാത്ത് കിടപ്പുള്ളതിനാൽ ഇതിൽ കൂടുതൽ സമയം വേണ്ടി വന്നേക്കും. അപേക്ഷ കിട്ടിയാൽ ബയോമെട്രിക്സി (ശാരീരിക അളവുകളും കൈരേഖകളും സമർപ്പിക്കുവാൻ എത്തണമെന്ന നിർദേശം യുഎസ് സിഐഎസ് അറിയിക്കും. ഇതിനുശേഷം ഇന്റർവ്യൂവിനുള്ള തീയതിയും സമയവും അറിയിക്കും. ഇന്റർ വ്യൂവിൽ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും പറയുവാനും യുഎസ് സിവിക്സിനെകുറിച്ച് 10 ചോദ്യങ്ങൾക്കുള്ള മറുപടികളും പരീക്ഷിച്ച് തീർപ്പ് കല്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.