You are Here : Home / USA News

ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന'

Text Size  

Story Dated: Sunday, March 25, 2018 01:07 hrs UTC

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

എന്റെ ആലയം പ്രാര്‍ത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി. യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ് ഓശാനയുടെ പരമ പ്രധാനമായ സന്ദേശം. (മത്തായി 21:1214 , മര്‍ക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാന്‍ 2:1317) വര്‍ഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയില്‍ വില്പന നടത്തി അതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും ശാസ്ത്രിമാര്‍ക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികള്‍ക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണത്തില്‍ നിന്ന് നല്‍കുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു.

ദൈവാലയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടീ വന്നവരെല്ലാം / അധികാരികള്‍ മാറ്റി നിര്‍ത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപെടേണ്ടിവന്നവര്‍ക്കു വേണ്ടീ യേശു ശബ്ദ്ദം ഇന്നും ഉയരുന്നു. മതനേതാക്കളും അധികാരികളും ഇന്നും ഇത് തിരിച്ചറിയുന്നില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാന്‍ തന്നെ അവര്‍ തീരുമാനിക്കുകയും ചെയ്യുന്നു. തെറ്റ് ചെയ്യുന്നവര്‍ക്ക് ദൈവാലയത്തിന്റെ പേരില്‍ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാര്‍ത്ഥനാലയം ആയി സംരക്ഷിക്കെണ്ടവര്‍ ചെയ്യുന്നത്? തിന്മ ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തില്‍ സ്വികരിച്ചിരുത്തകയും അവര്‍ക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോള്‍ അവരാല്‍ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികള്‍. മതഭക്തി, പള്ളിഭക്തി, വ്യക്തിഭക്തി തുടങ്ങി ആധുനികഭക്തികള്‍ നിരവധി. ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന് ? സ്‌നേഹത്തോടു കൂടിയ യേശുക്രിസ്തുവിന്റെ ഈ കരച്ചില്‍ ശൗലിനെ പൗലോസാക്കി മാറ്റിയെങ്കിലും കര്‍ത്താവിന്റെ കരച്ചിലിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയാത്ത ആധുനിക ശൗലുമാര്‍ ഇന്നും ദേവാലയം കള്ളകച്ചവടകേന്ദ്രങ്ങളാക്കി മാറ്റുന്നു. ''അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു. ഈ നാളില്‍ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു, ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.'' ഇടയന്മാര്‍ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാന്‍ സാധിക്കാത്ത സാഹചര്യം.

• ആര്‍ഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം • സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങള്‍. • വിശ്വാസികളോടുള്ള ധാര്ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങള്‍ • സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ • സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത • കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. • മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങള്‍ • ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം • കുടുംബ പ്രശ്നങ്ങളും കടക്കെടുതികളും മൂലമുള്‍ള അപമാനഭയത്താല്‍ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവര്‍ • ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകള്‍ • സഭയുടെ സ്ഥാപനങ്ങളില്‍ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും • ദേവാലയ നിര്മ്മാണത്തില്‍ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകര്‍ഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നല്‍കികൊണ്ടുള്ള ദേവാലയ പുനര്‍നിര്മ്മാണങ്ങള്‍:കേവലം പിരിവുകള്‍ നല്‍കാന്‍ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികള്‍.

പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകള്‍, കുരിശടികള്‍, സ്വര്‍ണ കൊടിമരങ്ങള്‍, വെടിക്കെട്ടുകള്‍, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ അനേകര്‍ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു. • സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി. • ചില ആഘോഷങ്ങള്‍ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു. • മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നില്‍ക്കുന്നവര്‍ • ഇടവകകളിലെ അനാവശ്യമായ 'ഫോര്മാലിറ്റി'കള്‍ മൂലം സഭ വിടേണ്ടിവന്നവര്‍ • വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തന്‍ സഭകളിലേക്കു ചേക്കേറുവാന്‍ നിര്‍ബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തില്‍ ചെങ്ങാലിവില്പനക്കാരെ ചാട്ടവാര്‍ കൊണ്ടടിച്ചു പുറത്താക്കിയ കര്‍ത്താവ് വീണ്ടും വരുവാന്‍ താമസിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല. 'അല്പനേരക്രിസ്ത്യാനി'കളുടെ എണ്ണം സഭകളില്‍ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോള്‍ വിശ്വാസിയുടെ മുഖം മൂടിയണിയുകയും അതിനു പുറത്തു ഏതു മാര്‍ഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നില്‍ അര്‍പ്പിതമായ കര്ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും അര്ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകല്‍ച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാര്‍ഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയില്‍ നിന്നകറ്റുന്നു. ലാളിത്യം ക്രൈസ്തവസഭകളില്‍ കുറയുന്നു 'ജീവിതത്തിലെ ലാളിത്യം' ക്രൈസ്തവസഭകളില്‍ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും 'മതി' എന്നു പറയാനുള്‍ള ആര്‍ജവത്വമാണ് ആത്മീയശക്തിയുടെ ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവര്‍ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല് ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്‌ക്കാരത്തില് ജീവിക്കുന്ന ആധുനിക സമൂഹത്തില്‍, യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാന്‍ അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും നേതാക്കള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഇന്ന് വിപരീതദിശയില്‍ ഉപഭോഗസംസ്‌കാരത്തിലും, വ്യക്തിപൂജയിലും സ്വാധീനിക്കപ്പെട്ടു മലിനമാക്കപ്പെടുന്നു ആധുനിക ക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില് നിന്നുള്‍ള വിടുതല്‍ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ, ഒട്ടിപ്പിടിക്കുവാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിയണം. യെരുശലേം ദേവാലയം അറിഞ്ഞില്ല, മതപുരോഹിതന്മാര്‍ അറിഞ്ഞില്ല. ശാസ്ത്രിമാരും പരീശന്മാരും അറിഞ്ഞില്ല. സദൂക്യര്‍ അറിഞ്ഞില്ല, എരിവുകാര്‍ അറിഞ്ഞില്ല. വാസ്തവത്തില്‍ പ്രാര്‍ത്ഥനാലയങ്ങളില്‍നിന്നു പുറത്താക്കപ്പെടേണ്ടവര്‍, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്. ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്. അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുള്‍ള ഇടവകയിലെ, സഭയിലെ വിശ്വാസികളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാര്‍ഗത്തില്‍ പുരോഹിതരും അല്മായരും തമ്മിലുള്‍ള പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്നേഹവും, കരുതലും വളര്‍ത്തുകയും ചെയ്താല്‍ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി പോകാതെ പരിരക്ഷിക്കുവാന്‍ സാധിക്കും. ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാര്‍ സഭയെ നശിപ്പിക്കും. രണ്ടു കണ്ണുകള്‍ കൊണ്ട് മാത്രം നോക്കി കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത് എന്ന യാഥാര്‍ഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഇടയന്മാര്‍. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങള്‍, സ്പര്‍ശനം, സംസാരങ്ങള്‍, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇടയന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആടുകള്‍ ചിതറിപ്പോകും. സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തില്‍ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ ഇടയന്മാര്‍ വിശ്വാസികളെ സഭകളില്‍ നിന്നകറ്റും. തങ്ങള്‍ക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിച്ച് മരിക്കുന്നു. കാപട്യത്തിന്റെ പര്യായമായ ഇവര്‍ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങള്‍ നടത്തുന്നു. ചെമ്മരിയാടുകളെ നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങള്‍ ബലിപീഠത്തില്‍ ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകര്‍ത്തുകൊണ്ടിരിക്കുന്നു. സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടു ള്ള, ഏറെ അറിവും പഠിപ്പുമുള്‍ള വൈദികന്മാര് ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള് എന്തുകൊണ്ട് വിശ്വാസികള് പള്ളിയില് നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില് നിന്നും പള്ളീലച്ചന്മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില് അത് മേല്പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാര്‍. അത് സ്വയം പൂജയാണ്. അതിലുള്പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്ക്കും, അയാള്‍ ഉള്പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യില്‍ല. യഥാര്ത്ഥ പ്രശ്നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് - കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില് കോള്മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്. 'ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളില്‍ നിന്നകറ്റുവാന്‍ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്‌കാരം കാരണമാകുന്നു. ദേവാലയങ്ങളിലെ ഹാജര്‍ നില കുറവാണെങ്കിലും ദൈവവിശ്വാസം ഉള്ളവര്‍ കൂടുന്നു എന്നത്യാഥാര്‍ഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള് അതിനുള്‍ള ഏറ്റവും നല്ല വേദികള് ആയി മാറുന്നില്ലേ നമ്മുടെ ആരാധനാലയങ്ങള്‍ പോലും. ഒരു കണക്കിന് പറഞ്ഞാല്, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്‌കാരിക സംഘടനകളും തമ്മില്‍ വലിയ വിത്യാസം അനുഭവപ്പെടുന്നില്‍ല. രണ്ടിടങ്ങളിലും കലാഅഭ്യസപ്രകടനങ്ങള്, സാംസ്‌കാരിക പഠനങ്ങള്, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങള്‍, കാലുവാരല്‍, കുതികാല് വെട്ട്, തൊഴുത്തില്‍ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില് ഇറക്ക്, കുഴിയില് വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികള്‍ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകള്‍ വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരും കുറവല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.