You are Here : Home / USA News

കുടുംബ നവീകരണ ധ്യാനം തിങ്കള്‍ ചൊവ്വ ദിനങ്ങളില്‍

Text Size  

Story Dated: Saturday, March 24, 2018 11:42 hrs UTC

Fr Johnson Punchakonam

അന്‍പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കരേറ്റികൊണ്ട് കര്‍ത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാര്‍ച്ച് 26, 27 തിങ്കള്‍ ചൊവ്വ തീയതികളില്‍. കപ്പൂച്ചിന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ കൂടിയായ ഫാ. ജോഫ് പുത്തന്‍പുരയ്ക്കല്‍ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നല്‍കും . ഋതുക്കള്‍ ഇനിയും മാറിവരും... പ്രകൃതി വാരി വിതറുന്ന ജീവിതത്തിന്റെ വര്‍ണ്ണപീലികള്‍ കോര്‍ത്തിണക്കി ഫ്‌ലോറിഡയിലെ മലയാളി സമൂഹത്തിനായി ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം 2018. നിയതമായ ആവര്‍ത്തനങ്ങളോടെ ചലിക്കുന്ന കാലചക്രത്തില്‍ എല്ലാം കൃത്യമായ ഇടവേളകളില്‍ വന്നുപോയ്‌കൊണ്ടിരിക്കും.

ജീവിതം എന്നു തുടങ്ങി എന്ന് അവസാനിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇതിനിടയില്‍ സര്‍വ്വശക്തന്‍ ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകളില്ലാതെ മുന്നേറുവാന്‍, കൊഴിഞ്ഞുവീണ ഇന്നലകളിലെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ത്തിണക്കുവാന്‍ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകള്‍ക്കിടയില്‍ ഇനി അല്പമൊരു ഇടവേളയാകാം. ചിരിയിഴകളിലെവിടെയോ സ്വയമറിയാതെ കരച്ചിലിന്റെ വെള്ളി വീഴുമ്പോള്‍, കണ്ണുനീരിന്‍ വക്കുപൊട്ടി ഗദ്ഗദം മാറാതെ വീണ്ടുമെന്തിനോ വേണ്ടി പൊട്ടിച്ചിരിക്കുവാന്‍ ശ്രമിക്കാം. ആരോഹണാവരോഹണത്തിന്റെ ആന്ദോളനത്താല്‍ മനസ്സിന് അല്പം കുളിര്‍മ നിറക്കുവാന്‍ ശ്രമിക്കാം. ദ്രുതതാളത്തിനൊപ്പം മനസ്സ് കൊണ്ടെങ്കിലും അല്പമൊന്നു ചുവടു വയ്ക്കാം. ജീവിതത്തിന്റെ രണ്ടു ദിനങ്ങള്‍ നമുക്കൊന്നിച്ചിരിക്കാം, ആസ്വദിക്കാം, ജീവിതം ആഘോഷമാക്കാം. സ്‌ട്രെസ്സുകള്‍ വരുന്ന വഴികള്‍ തേടി അവയെ ഇല്ലായ്മ ചെയ്യുവാന്‍ പഠിക്കാം. കുടുംബജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരക്കലുമായി രണ്ടു ദിനങ്ങള്‍. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങള്‍ക്കായി സ്വയം എരിയുന്നവരാണ് നമ്മില്‍ ചിലരെങ്കിലും.

'ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍' (ഫിലി. 2:14). 2018 മാര്‍ച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.