You are Here : Home / USA News

നാമം സോഷ്യല്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. തോമസ് എബ്രഹാമിന്

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, March 20, 2018 12:17 hrs UTC

ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സി (നാമം)ന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ. തോമസ് എബ്രഹാം അര്‍ഹനായി. കഴിഞ്ഞ 45 വര്‍ഷമായി ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മികച്ച സാമൂഹ്യ സേവകനുള്ള നാമം അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എന്ന അവാര്‍ഡിനര്‍ഹനാക്കിയത്. ഏപ്രില്‍ 28ന് വൈകുന്നേരം 5 ന് ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബെര്‍ട്‌സ് പ്ലേസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാമം എക്‌സ്സെല്ലെന്റ് അവാര്‍ഡ് നൈറ്റ് 2018ല്‍ അവാര്‍ഡ് സമ്മാനിക്കുന്നതായിരിക്കുമെന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി. നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്,വൈസ് പ്രസിഡന്റ് ഡോ.ആശ നായര്‍,ട്രെഷറര്‍ അനിത നായര്‍,എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രിയ സുബ്രഹ്മണ്യന്‍,വര്ഗീസ് ആന്റണി, രഞ്ജിത് പിള്ള,തുമ്പി ആന്‍സൂര്‍, വിനി നായര്‍, സുനില്‍ നമ്പ്യാര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

 

മലയാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ നാലു ദശാബ്ദത്തിലേറെയായി അദ്ദേഹം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളാണ് നാമം എക്‌സലന്‍സ് അവാര്‍ഡിന് ഏറ്റവും അനുയോജ്യനാക്കാന്‍ കാരണമായതെന്നും മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. തോമസ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു ഇന്ത്യ ഗവണ്മെന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളായ പ്രവാസി ഭാരതീയ സമ്മാന്‍, ഭാരത് വംശി ഗൗരവ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചിരുന്നു. മുന്‍ ഉപരാഷ്ട്രപതി ബൈറോണ്‍ സിംഗ് ശെഖാവത്തില്‍ നിന്ന് 2008 ജനുവരി നാലിനാണ് ഇന്ത്യന്‍ പ്രവാസികളുടെ അഭിമാന പുരസ്‌കാരമായ ഭാരത് വംശി ഗൗരവ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. അതെ വര്ഷം തന്നെ ജനുവരി 9നു പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമായ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി പ്രതിഭ പാട്ടിലില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ലോകം മുഴുവനും ഇന്ത്യയിലുമുള്ള പ്രവാസി മലയാളികള്‍ക്കുമായി നല്‍കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ഈ പുരസ്‌കാരം. ഇതേ വര്ഷം തന്നെ നവംബറില്‍ മാളവിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റവും മികച്ച പൂര്‍വ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മെറ്റീരിയല്‍ ആന്‍ഡ് നാനോ ടെക്‌നോളജിയില്‍ അതീവ വൈധിഗ്ദ്യം നേടിയിട്ടുള്ള ഡോ. തോമസ് കണക്റ്റികട്ട് സ്റ്റാംഫോര്‍ഡ് ആസ്ഥാനമായിട്ടുള്ള ടെക്‌നോളജി ആന്‍ഡ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്നൊവേറ്റീവ് റിസര്‍ച്ച് ആന്‍ഡ് പ്രോഡക്ടസ് (iRAP), Inc എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് ആണ്. (iRAP), Inc സ്ഥാപിക്കുന്നതിന് മുന്‍പ് കണക്റ്റികട്ട് നോര്‍വാക്ക് ആസ്ഥാനമായുള്ള മാര്‍ക്കറ്റ് ആന്‍ഡ് ഇന്‍ഡസ്ടറി അനാലിസിസ് സ്ഥാപനമായ ബിസിനസ് കമ്മ്യൂണിക്കേഷന്‍ കമ്പനി (BCC) യുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ആധുനിക മെറ്റീരിയല്‍സിലും നാനോ ടെക്‌നോളജിയിലും മെറ്റീരിയല്‍ ഗവേഷകനായും സാങ്കേതിക സാമ്പത്തിക അനലിസ്റ്റായും ഏറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 1998 മുതല്‍ 2005 വരെ നടന്ന ബി.സി.സി വാര്‍ഷിക നാനോ മെറ്റീരിയല്‍ കോണ്‍ഫെറെന്‍സിന്റെ സ്ഥിരം അധ്യക്ഷനായിരുന്നു. ഹൈടെക് സെറാമിക് ന്യൂസ് എന്ന മാസികയുടെ എഡിറ്റര്‍ ആയി 17 വര്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്ന് ദശകം മുന്‍പ് പ്രവാസി ഇന്ത്യക്കാര്‍ക്കായി അവകാശത്തിനായി ആരംഭിച്ച പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (PIO)എന്ന നീക്കത്തിന് മുന്‍പില്‍ നിന്ന് നയിച്ച ഡോ. തോമസ് നേതൃത്വം നല്‍കി 1989ല്‍ നടന്ന പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രഥമ കണ്‍വെന്‍ഷനില്‍ വച്ചാണ് PIO എന്ന പേര് തന്നെ രൂപീകരിക്കുന്നത്.

 

കൂടാതെ, അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ആയവര്‍ക്കും വേണ്ടി കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം നിരവധി പ്രസ്ഥാങ്ങള്‍ ആരംഭിച്ചിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ (എഫ്.ഐ.എ) ഓഫ് ന്യൂജേഴ്സി ആന്‍ഡ് കണക്റ്റികട്ട് (1977), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസ്സോസിയേഷന്‍സ്(NFIA) (1980); ഗ്ലോബാല്‍ ഓര്‍ഗനൈസഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഒറിജിന്‍ (GOPIO) (1989); ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്റര് (1993); നാലു മില്യണ്‍ ഡോളറിന്റ്‌റെ എന്‍ഡോവ്‌മെന്റ് തുകയ്ക്കുള്ള ജഗദീഷ് ഭഗവതി ചെയര്‍ ഫോര്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇക്കോണമി അറ്റ് കൊളംബിയ യൂണിവേഴ്‌സിറ്റി (1992-2000); നാഷണല്‍ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (NIAASC, 1998); സൗത്ത് ഏഷ്യന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് (SACSS, 2000); ദി ഇന്‍ഡസ് നാനോ ടെക്‌നോളജി അസോസിയേഷന്‍ (TINA2011) തുടങ്ങിയവയായിരുന്നു അദ്ദേഹം നേതൃത്വം നല്‍കി ആരംഭിച്ച സംഘടനകള്‍. ഈ സംഘടനകളുടെ പ്രസിഡന്റ്, ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. തികഞ്ഞ ഗാന്ധിയന്‍ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഡോ.തോമസ് സമാധാനത്തിന്റെയും അക്രമവിരുദ്ധ രാഷ്ട്രീയത്തിന്റെയും പാതയിലൂടെ നിരവധി പരിപാടികള്‍ ന്യൂയോര്‍ക്ക് മേഖലകളില്‍ നടത്തിയിട്ടുണ്ട്. ഗോപിയോയുടെ സ്ഥാപകന്‍ കൂടിയായ ഡോ. തോമസ് അതിന്റ്‌റെ ഭരണഘടനാ ശില്പിയും ഇപ്പോഴത്തെ ചെയര്മാനുമാണ്. ഗോപിയോയ്ക്കു ഇപ്പോള്‍ 35 രാജ്യങ്ങളിലായി 108 ചാപ്റ്ററുകളാണുള്ളത്. FIA,NFIA എന്നീ സംഘടനകളുടെ അമരത്തായിരുന്നപ്പോള്‍ മുന്‍ പ്രധാന മന്ത്രിമാരായ മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, വാജ്പേയ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അദ്ദേ്ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങളില്‍ pio ക്കു പുറമെ പാസ്‌പോര്ട്ട് സറണ്ടര്‍ നുവേണ്ടി ഈടാക്കിയിരുന്ന അനാവശ്യ ഫൈനുകള്‍ പിന്‍വലിച്ചിരുന്നു.

 

പ്രവാസികളുടെ ഇരട്ട പൗരത്വം, വോട്ടവകാശം എന്നിവയാണ് പ്രധാന നേട്ടങ്ങള്‍. ഇപ്പോള്‍ നോട്ടു നിരോധനം മൂലം പണം മാറാന്‍ കഴിയാതെ വന്ന പ്രവാസികള്‍ക്ക് പണം മാറാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പത്തനംതിട്ട സ്വദേശിയായ ഡോ.തോമസ് എബ്രഹാം മാളവിക നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1971 ല്‍ എഞ്ചിനീറിങ്ങില്‍ ബിരുദം നേടിയ ശേഷം അതെ കോളേജില്‍ 6 മാസം അദ്ധ്യാപകനായിരുന്നു . പിന്നീട് ജോദ്പൂരിലെ മെറ്റലോജിക് എന്ന സ്ഥാപനത്തില്‍ 1973 വരെ സേവനം ചെയ്തശേഷം1973ല്‍ അമേരിക്കയില്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മെറ്റീരിയല്‍ സയന്‍സില്‍ പി. എച്ച ഡി ക്കു ചേര്‍ന്നു.ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീറിങ്ങില്‍ രണ്ടാമത്തെ phd ചെയ്ത ശേഷം നാനോ ടെക്‌നോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്യുകയായിരുന്നു. ഭാര്യ: ഡോ. സൂസി (ജെറിയാട്രിഷ്യന്‍ ). ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മെഡിക്കല്‍ സെന്ററിലെ യൂറോളജിസ്‌റ് ഡോ. നിത്യ എബ്രഹാം മകളും പ്രാറ്റ് ആന്‍ഡ് വിറ്റിനിയില്‍ എയര്‍ ബസ് ബോയിങ്ങ് തുടങ്ങിയ എയര്‍ ക്രാഫ്റ്റുകളുടെ ഡിസൈന്‍ എഞ്ചിനീയര്‍ ആയ ജെയ് ആണ് മകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.