You are Here : Home / USA News

ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 24, 2018 02:24 hrs UTC

 ചിക്കാഗോ: അറുപതു നാള്‍ നീണ്ടുനിന്ന അചഞ്ചല അയ്യപ്പ ഭക്തിയാല്‍ "സര്‍വം ഖല്വിദം ബ്രഹ്മ' അല്ലെങ്കില്‍ സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ ബ്രഹ്മം തന്നെ എന്ന തിരിച്ചറിവ് ഓരോ ഭക്തനും നല്കിക്കൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ചു. ഈവര്‍ഷത്തെ മകരവിളക്ക് മഹോത്സവ പൂജകള്‍ ആരംഭിച്ചത് സര്‍വ്വവിഘ്‌ന നിവരകനായ ശ്രീമഹാഗണപതിക്ക് ഗണപതി അഥര്‍വ്വോപനിഷ്ദ് മന്ത്രത്താല്‍ പ്രത്യേക പൂജകള്‍ ചെയ്തുകൊണ്ടാണ്. തുടര്‍ന്നു വൈക്കത്തപ്പനും, ഉണ്ണിക്കണ്ണനും, ആദിപരാശക്തിക്കും പ്രത്യേക പൂജകളും മഹാനൈവേദ്യ സമര്‍പ്പണവും നടത്തി. അതിനുശേഷം 2017- 18 വര്‍ഷത്തെ മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം കലിയുഗവരദനായ മണികണ്ഠ പെരുമാളിനെ ദീപാലങ്കാരങ്ങള്‍ കാട്ടിയശേഷം നട തുറന്നു.

 

"ശിവസ്യഹൃദയം വിഷ്ണു: വിഷ്‌ണോസ്തുഹൃദയം ശിവ:' എന്ന സ്കന്ദോപനിഷത്തിലെ വരികള്‍ ഉള്‍ക്കൊണ്ട് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും, ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും, പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടര്‍ന്ന് നൈവേദ്യം സമര്‍പ്പിച്ച് പ്രത്യേക പൂജകള്‍ നടത്തിയ ശേഷം നട അടച്ചു. ചിക്കാഗോയിലേയും, ഫേസ്ബുക്ക് വഴി അയ്യപ്പ പൂജകള്‍ ലൈവായി കണ്ടുകൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പഭക്തര്‍ക്കും ദിവ്യാനുഭൂതി പകര്‍ന്നുകൊണ്ട് ശരണഘോഷമുഖരിതമായ അന്തരീക്ഷത്തില്‍ അപ്പുക്കുട്ടന്‍ കലക്കലിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിജു കൃഷ്ണന്‍ സ്വാമി തലയില്‍ ഏറ്റിക്കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ ആരതി ഉഴിഞ്ഞ് സ്വീകരിച്ച് തിരുവാഭരണപ്പെട്ടി സന്നിധാനത്തില്‍ എത്തിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്കു മുന്നില്‍ പടിപൂജയും അഷ്‌ടോത്തര അര്‍ച്ചനയും കര്‍പ്പൂരാരാധനയും നടത്തി നട അടച്ചു. വീണ്ടും ബിംബശുദ്ധി വരുത്തി പനിനീര്‍ അഭിഷേകം നടത്തി നട തുറന്ന് പുഷ്പാലങ്കാരം നടത്തിയ ശേഷം അയ്യപ്പമന്ത്ര കവചനത്തിനാലും സാമവേദ പാരായണത്തിനാലും മന്ത്രപുഷ്പ പാരായണത്തിനാലും അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്‌ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി.

 

തുടര്‍ന്നു നമസ്കാരമന്ത്രവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു. പ്രസന്നന്‍ നമ്പൂതിരി മകരവിളക്ക് ഉത്സവത്തിനായി ഉയര്‍ത്തിയ കൊടി താഴ്ത്തി ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്ക് പരിസമാപ്തികുറിച്ചു. ജ്ഞാനത്തിന്റെ പരമകാഷ്ടയില്‍ ഗുരുതന്നെ ദൈവം, ദൈവം തന്നെ ഗുരു. ലോക ഗുരുവായിട്ടാണ് നാം അയ്യപ്പ തത്വത്തെ സങ്കല്‍പിച്ചിരിക്കുന്നത്. ദുര്‍ലഭമായ മനുഷ്യ ജന്മത്തില്‍ അറിയേണ്ടത് ഒന്നു മാത്രമാണ്- അതു ബ്രഹ്മവിദ്യ-പരമായ ജ്ഞാനമാണ്. ഈ തത്വം നമുക്ക് അനുഭവവേദ്യമാക്കിത്തീര്‍ത്ത ഒരു ഉജ്വലമായ പുണ്യകാലമായിരുന്നു മണ്ഡല മകരവിളക്ക് കാലം എന്നു ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. അയ്യപ്പതത്വം ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് മരംകൊച്ചുന്ന തണുപ്പിനേയും അവഗണിച്ച് ഇന്നിവിടെ തടിച്ചുകൂടിയ ഭക്തജനപ്രവാഹം എന്നു വിശ്വനാഥന്‍ കട്ടകാടും, ശ്രീ സായ് ഭജന്‍ ഗ്രൂപ്പിന്റെ അതിമനോഹരമായ ഭജനകളും ഗീതാമണ്ഡലം ഭജന്‍ ഗ്രൂപ്പിന്റെ ഭജനകളും ഭക്തരെ ആനന്ദത്തിന്റെ പരമകാഷ്ഠയില്‍ എത്തിച്ചു എന്ന് വൈസ് പ്രസിഡന്റ് ശേഖരന്‍ അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ ആദ്യമായി അയ്യപ്പപൂജയ്ക്കായി നാരായണന്‍ അപ്പുക്കുട്ടന്‍ പണികഴിപ്പിച്ച മനോഹരമായ കൊടിമരം എല്ലാ അയ്യപ്പഭക്തര്‍ക്കും ശബരിമല സന്നിധാനത്ത് എത്തിയ പ്രതീതിയാണ് നല്‍കിയത്. ഈവര്‍ഷത്തെ അയ്യപ്പ പൂജകള്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും, സഹ കാര്‍മികനായി പ്രവര്‍ത്തിച്ച ബിജു കൃഷ്ണനും, വേദപാരായണങ്ങള്‍ നടത്തിയ സീതാരാമ അയ്യര്‍ക്കും ഗീതാമണ്ഡലം സ്പിരിച്വല്‍ ലീഡര്‍ ആനന്ദ് പ്രഭാകര്‍ നന്ദി പ്രകാശിപ്പിച്ചു. ഈവര്‍ഷത്തെ ഗീതാമണ്ഡലത്തിന്റെ മകരവിളക്ക് മഹോത്സവം സ്‌പോണ്‍സര്‍ ചെയ്ത രമ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്‌പോണ്‍സര്‍ ചെയ്ത ഭക്തര്‍ക്കും, അയ്യപ്പപൂജകള്‍ക്കുള്ള പൂജാ സാമഗ്രികള്‍ നല്‍കിയ എസ്.എം.എസ് മലയാളി ഗ്രോസറി സ്റ്റോറിനും അതുപോലെ ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും, ഗീതാമണ്ഡലം ഭജനസംഘത്തിനും, ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇത് ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകറിനും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി അറിയിച്ചു. മകരവിളക്ക് ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങളും ബ്രഹ്മശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികളില്‍ നിന്ന് പ്രസാദം വാങ്ങി അനുഗ്രഹം തേടി. അതിനുശേഷം നടന്ന മഹാപ്രസാദ വിതരണത്തോടെ മകരവിളക്ക് ഉത്സവങ്ങള്‍ക്ക് കൊടിയിറങ്ങി. രാമചന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.