You are Here : Home / USA News

ഷെറിന്റെ മരണം, ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമ’ത്തെ തുടർന്നെന്ന് റിപ്പോർട്ട്

Text Size  

Story Dated: Thursday, January 04, 2018 04:27 hrs UTC

ഹൂസ്റ്റൻ:∙ യുഎസിലെ മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടർന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ട്.

റിച്ചാർഡ്സനിലെ വസതിയിൽ നിന്നു കാണാതായെന്നു വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം കഴിഞ്ഞ ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. വെസ്‍ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്.

ഷെറിന്റെ ശരീരത്തിൽ ഒടിവുകളും മുറിവുകൾ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു.

പാലു കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തു നിർത്തിയ കുഞ്ഞിനെ കാണാതായി എന്നായിരുന്നു വെസ്‍ലി പൊലീസിനോട് ആദ്യം പറഞ്ഞത്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.

ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയതിനു സിനി മാത്യൂസിനെതിരെ കേസുണ്ട്.എന്നാൽ ഷെറിന്റെ മരണത്തിൽ സിനിക്കു പങ്കുണ്ടെന്നു തെളിയിക്കാനാവശ്യമായതൊന്നും മൃതദേഹ പരിശോധനയിൽ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.


ശിശുസംരക്ഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഒരു ബന്ധുവിന്റെ സംരക്ഷണയിൽ കഴിയുന്ന നാലു വയസ്സുകാരി മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വെസ്‍ലി– സിനി ദമ്പതികൾ നൽകിയ അപേക്ഷയിൽ കോടതി ഇന്നു വാദം കേൾക്കും. കുഞ്ഞിനെ കാണാണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ അപേക്ഷ കോടതി കഴിഞ്ഞമാസം നിരസിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.