You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ചാരിറ്റി അവാര്‍ഡ് ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, November 29, 2017 11:12 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ 'എക്‌സലന്‍സ് ഇന്‍ ചാരിറ്റി' അവാര്‍ഡിന് ആദര്‍ശ് അല്‍ഫോന്‍സ് കണ്ണന്താനം അര്‍ഹനായി. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നല്‍കി വരുന്ന സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടിയ ആദര്‍ശ്, തനിക്ക് ലഭിക്കുമായിരുന്ന ഉയര്‍ന്ന ജോലികള്‍ ഉപേക്ഷിച്ച്, സ്‌ക്കൂളുകളിലും, ലൈബ്രറികളിലും, റോഡ് സൈഡുകളിലും ഇരുന്ന് കുട്ടികളെ ചിത്രരചന പഠിപ്പിക്കുകയും, അതിലൂടെ അവരെ മുഖ്യധാര വിദ്യാഭ്യാസത്തിലേക്കും, ജീവിത മാര്‍ഗങ്ങളിലേക്കും കൊണ്ടുവരുവാന്‍ വേണ്ടി ആറു വര്‍ഷമായി ആദര്‍ശ് അല്‍ഫോന്‍സ് നടത്തിവരുന്ന ശ്രമങ്ങളെ അവാര്‍ഡ് കമ്മറ്റി പ്രശംസിച്ചു. പഠന കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ, ചിത്രരചനാ പഠനത്തിലൂടെ, മുന്‍നിരയിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി, പ്രോജക്ട് ആര്‍ട് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ 2011 ല്‍ ആദര്‍ശ് സ്ഥാപിച്ചു.

 

കേവലം ആറു കുട്ടികളുമായി ന്യൂയോര്‍ക്കില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍, ഇന്ന് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലെ 44 സ്‌ക്കൂളുകളിലേക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയക്കാരില്‍ നിന്നും ഭരണ കര്‍ത്താക്കളില്‍ നിന്നും വളരെ നല്ല സഹകരണമാണ് ആദര്‍ശിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'പ്രോജക്ട് ആര്‍ട്ടിന്റെ' പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്‌ക്കൂളുകളിലും, ലൈബ്രററികളിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ അദ്ദേഹം. ഏഴു വയസില്‍ ക്ലാസ്മുറിയില്‍ ഇരുന്ന പടം വരച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട ആദര്‍ശ്, പിന്നീട് മറ്റൊരു സ്‌ക്കൂളിലാണ് പഠനം തുടര്‍ന്നത്.

പതിനാലാം വയസില്‍ മദര്‍ തെരേസയുടേയും, നെല്‍സന്‍ മണ്ടേലയുടെയും, ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടേയും ചിത്രങ്ങള്‍ വരച്ച് ഏവരുടെയും പ്രശംസ നേടിയ ആദര്‍ശ്, ചിത്രരചന തന്റെ ജീവിത നിയോഗമാണെന്ന് അന്ന് തിരിച്ചറിഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മകനാണ് ആദര്‍ശ്. ഡിസംബര്‍ 30-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പ്ലൈയിനിസിലുള്ള 'കോള്‍ അമി' ഓഡിറ്റോറിയത്തില്‍ വച്ച് വെസ്റ്റ്‌ചെസ്റ്റര്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 'ചാരിറ്റി ഡിന്നര്‍ നൈറ്റില്‍' വച്ച് വൈസ്‌മെന്‍ ക്ലബ്ബിന്റെ യു.എസ്.ഏരിയ പ്രസിഡന്റ് ടൈബര്‍ ഫോമി അവാര്‍ഡ് സമ്മാനിക്കും. ചാരിറ്റി അവാര്‍ഡ് കൂടാതെ, ബിസിനസ്, പ്രൊഫഷണല്‍, ഹ്യൂമാനിറ്റേറിയന്‍ എന്നീ രംഗങ്ങളിലും ഉടന്‍ പ്രഖ്യാപിക്കുന്നതാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല പറഞ്ഞു. ലൈവ് ഓര്‍ക്കസ്ട്ര ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികളും ചാരിറ്റി ഡിന്നറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കാഞ്ഞമല: 917 596 2119 കെ.കെ.ജോണ്‍സന്‍: 914 610 1594 എഡ്വിന്‍ കാത്തി: 914 426 814 ഷാജി സഖറിയ: 646 281 8582

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.