You are Here : Home / USA News

കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന കേരളോത്സവത്തില്‍ ആദരിച്ചു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, October 31, 2017 11:34 hrs UTC

ന്യുയോര്‍ക്ക്: നാട്യ ജീവിതത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ട പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കേരളോത്സവത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അമേരിക്കയില്‍ ആദ്യമായി എത്തിയ ക്ഷേമാവതി ടീച്ചര്‍ അവതരിപ്പിച്ച ന്രുത്തങ്ങള്‍ സദസിനു വിസ്മയമായി. ക്രുഷ്ണ ഭക്തിയുടെ അപൂര്‍വ ഭാവങ്ങള്‍ അരങ്ങില്‍ നിറഞ്ഞു. ഒരുപാടു കാലം കൂടി കുചേലന്‍ സതീര്‍ഥ്യനെ കാണാനെത്തുന്നതായിരുന്നു വിഷയം. ഇത്രയും കാലം തന്നെ കാണാന്‍ വരാത്തതില്‍ ഭഗവാന്‍ പരിഭവം പറയുന്നു. എന്നാല്‍ പ്രാരാബ്ദക്കാരനായ താന്‍ വന്നില്ലെല്ലെങ്കിലും അവിടത്തെ എല്ലാ വിശേഷങ്ങളും സ്ഥിരമായി അറിഞ്ഞു കൊണ്ടാണിരുന്നതെന്നു കുചേലന്‍ മറുപടി പറഞ്ഞു. കുരുക്ഷേത്ര യുദ്ധക്കളത്തില്‍ വച്ച് ഗീതോപദേശം നല്‍കിയതുള്‍പ്പടെ. ഗീതോപദേശത്തില്‍ യദാ യദാഹി... എന്നു തുടങ്ങുന്ന ഭാഗം ടീച്ചര്‍ അവതരിപ്പിച്ചത് അപൂര്‍വമായ അനുഭൂതി പകരുന്നതായിരുന്നു. ക്രുഷ്ണാ നീ എന്നെ അറിയിുന്നില്ല... എന്ന ഗാനത്തിന്റെ ന്രൂത്താവിഷ്‌കാരവും ഭക്തിയുടെ മിന്നലാട്ടം മനസുകളിലുണര്‍ത്തി.

 

 

 

 

കണ്ടില്ലെങ്കില്‍ നഷ്ടമാകുമായിരുന്ന കലാവിരുന്നിനാണു സദസ് സാക്ഷ്യം വഹിച്ചത്. ഇതുവരെ അമേരിക്കയില്‍ എത്താന്‍ കഴിയാതിരുന്നത് നഷ്ടമായി തോന്നുന്നു എന്നു ടീച്ചര്‍ പറഞ്ഞു. കലയേയും മലയാളത്തേയും ഇത്രയും സ്‌നേഹിക്കുന്ന ജനങ്ങളാണു ഇവിടെയുള്ളതെന്നതില്‍ അത്യന്തം സന്തോഷമുണ്ട്. പുത്രിയും നടിയുമായ ഇവ പവത്രനും ന്രുത്തം അവതരിപ്പിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, വനിതാ ഫോറം ചെയര്‍ ലീലാ മാരേട്ട്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍നാണു പൊന്നാടയണിയിച്ചത്. ലൈസി അലക്‌സ് ക്ഷേമാവതി ടീച്ചറുടെ ലഘു ജീവചരിത്രം അവതരിപ്പിച്ചു. അന്‍പത് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാന വേദികളില്‍ നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. പതിനൊന്നാം വയസില് കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതി ടീച്ചറുടെ കലാ ജീവിതത്തിലെ വഴിത്തിരിവ്. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില് നിന്നും വിവിധ നൃത്തരൂപങ്ങള് അഭ്യസിച്ചു .

 

 

 

ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിന് സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം ഇന്നുവരെയുള്ള ജീവിതത്തില്‍ ഏറ്റവുമധികം പ്രണയം എന്തിനോടാണെന്ന് ചോദിച്ചാല്‍ നൃത്തത്തോട് എന്നാണ് ടീച്ചര്‍ പറയുക. അരങ്ങിലും കളരിയിലും അരനൂറ്റാണ്ട് സാര്‍ഥകമായി പൂര്‍ത്തിയാക്കിയതിന്റെ ധന്യതയിലാണ് സാംസ്‌കാരിക കേരളത്തിന്റെ രംഗൈശ്വര്യമായ ഈ വിശ്വ പ്രശസ്ത നര്‍ത്തകി. നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടന വിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ . 1975 ല്‍ സംഗീതനാടക അക്കാദമി ഭരത നാട്യത്തിനു അവാര്‍ഡ് നല്‍കി ആദരിച്ചു. 93 ല്‍ മോഹിനിയാട്ടത്തിന് കലാമണ്ഡലം അവാര്‍ഡ്, 99 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, 2008 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യ പുരസ്‌കാരം എന്നിവ നേടി.

 

 

 

ജീവിതത്തില്‍ നമുക്ക് അനുഭവിക്കാന്‍ ഭാഗ്യമുള്ളതൊക്കെ അതാതു സമയത്ത് നമ്മെ തേടിയെത്തും എന്നാണ് ടീച്ചര്‍ വിശ്വസിക്കുന്നത്. നൃത്തരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരതസര്‍ക്കാര്‍ 2011 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ പവിത്രന്‍ (കബനി നദി ചുവന്നപ്പോള്‍) ആണ് ഭര്‍ത്താവ്. മലയാളികളുടെ കലാ സ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കിയ അനുഗ്രഹീത കലാകാരിയാണ് ഇവ പവിത്രന്‍. നൃത്ത സംസ്‌കാരത്തിന്റെ നായികയാണെങ്കില്‍ കുടി ഒരു ചലച്ചിത്ര നടി എന്ന രീതിയില്‍ ആണ് കൂടുതല്‍ അറിയപ്പെടുന്നത്. ദി ക്യാമ്പസ്, റോക്സ്റ്റര്‍ തുടങ്ങി വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവ റ്റിവി ഷോകളിലും പ്രവര്‍ത്തിക്കുന്നു. പത്തു വര്‍ഷം ഇംഗ്ലീഷ് ജേര്‍ണലിസ്റ്റായും പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.