You are Here : Home / USA News

"കടവ്' ഓണാഘോഷം, പേരുപോലെ വ്യത്യസ്തം, അനുകരണീയം

Text Size  

Story Dated: Saturday, September 14, 2019 11:12 hrs UTC

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.
 
 
ഫിലാഡല്‍ഫിയ:  "കൈകോര്‍ക്കാം നല്ല നാളെക്കായി ..നല്ലമനസ്സോടെ.." എന്ന ആശയത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഫിലാഡല്‍ഫിയായ്ക്ക് അടുത്തുള്ള എക്സ്റ്റണ്‍ സിറ്റിയില്‍ പുതുതായി  രൂപം കൊണ്ട "കടവ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന  കേരളാ അസോസിയേഷന്‍ ഓഫ് ഡെലവെയര്‍ വാലി എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം അതിന്റെ പേരുപോലെ വ്യത്യസ്തവും അനുകരണീയവുമായ  രീതിയില്‍ വിവിധ പ്രോഗ്രാമുകളോടുകൂടി നടത്തപ്പെട്ടു .
 
സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച രാവിലെ  പത്തുമണി മുതല്‍ നാലുമണിവരെ  ഡൗണിംഗ് ടൗണിലുള്ള ലയണ്‍വില്‍ മിഡില്‍ സ്കൂളില്‍വച്ചായിരുന്നു  ഓണാഘോഷ പരിപാടികള്‍ നടന്നത് .
 
മറ്റ് ആസ്സോസിയേഷനുകളുടെ ഓണാഘോഷങ്ങളില്‍ നിന്നും തീര്‍ത്തും വത്യസ്തമായ രീതിയിലായിരുന്നു ഓണാഘോഷ ചടങ്ങുകള്‍ അരങ്ങേറിയത്.
 
ഓണാഘോഷം എന്നാല്‍ ജാതി മത ഭേദമില്ലാതെ കേരള ജനത ഒന്നടങ്കം ആഘോഷിക്കുന്ന ഏറ്റവും വലിയ ആഘോഷമാണെന്നും , അതില്‍ സ്‌റ്റേജ് നിറഞ്ഞ സമ്മേളനങ്ങളോ,  വലിച്ചു നീളുന്ന പ്രസംഗങ്ങളോ  അല്ല ആവശ്യമെന്നും,  പഴയകാല ഓണാഘോഷങ്ങളുടെ ഓര്‍മ്മകളിലേക്ക് മടക്കിക്കൊണ്ടുപോകുവാന്‍ പര്യാപ്തമായ രീതില്‍,  ഓണാഘോഷം എന്ന പേരിനെ അന്വര്‍ത്ഥമാകും വിധം കുട്ടികള്‍ മുതല്‍ മുത്തശ്ശീ മുത്തശ്ശന്മാരെ വരെയും പങ്കെടുപ്പിച്ചുകൊണ്ട്  ഗൃഹാതുരത്വം ഉണര്‍ത്തുന്ന, കണ്ണിനും കാതിനും മനസ്സിനും സുഖവും സന്തോഷവും പകരുന്ന    കലാപരിപാടികളും ഓണസദ്യയുമാണ് ഓണത്തിന് ആവശ്യം എന്നും, അത്തരത്തിലുള്ള ഒരു ഓണമാണ്   സാദാരണ മലയാളികള്‍ ആഗ്രഹിക്കുന്ന ഓണാഘോഷമെന്നുമുള്ള തിരിച്ചറിവോടെ  വലിയ  പൊതുസമ്മേളനം ഒഴിവാക്കിയാണ് കടവ് ഓണാഘോഷം ജനശ്രദ്ധ പിടിച്ചു പറ്റിയത് .
 
കേരളീയ വേഷമണിഞ്ഞു   താലപ്പൊലികളേന്തിയ മലയാളി മങ്കമാരുടെയും, ചെണ്ട മേളങ്ങളുടെയും അകമ്പടികളോടുകൂടി വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ആഘോഷപൂര്‍വ്വം ആയിരുന്നു മാവേലിയുടെ എഴുന്നള്ളത്ത്.   അതിനു ശേഷം  ശേഷം അസ്സോസിയേഷനിലെ ഏറ്റവും പ്രായമുള്ള ഒരുപറ്റം മാതാപിതാക്കന്മാര്‍  ചേര്‍ന്ന്  നിലവിളക്കു കൊളുത്തി ആഘോഷ പരിപാടികള്‍  ഉത്ഘാടനം ചെയ്തു .
 
സംഘടനാ പ്രസിഡന്റ് ശ്രീ. രാജീവന്‍ ചെറിയാലിന്റെ  സ്വാഗതപ്രസംഗത്തിന് ശേഷം മോഹനന്‍ നായര്‍ ഓണ സന്ദേശം നല്‍കി. അതിനു ശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ മിന്നും പ്രകടനമായിരുന്നു   കടവിന്റെ അംഗങ്ങള്‍ കാഴ്ചവച്ചത്. മുത്തശ്ശീ മുത്തശ്ശന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച വഞ്ചിപ്പാട്ട് കാണികളെ പഴയകാല ഓണനാളിന്‍റെ മാധുര്യമൂറുന്ന  ഓര്‍മ്മകളിലേക്ക് അല്പനേരത്തേക്കെങ്കിലും കൊണ്ടുപോയി. തിരുവാതിര കളിയും, വൈവിധ്യമാര്‍ന്ന ഡാന്‍സുകളും, കവിതകളും, ഗാനമേളയും, ഒപ്പനയും, സ്കിറ്റും, മിമിക്രിയും, വാദ്യമേളങ്ങളും, ആയോധനകലാ അഭ്യാസ പ്രകടനവും എല്ലാംതന്നെ ഒന്നിനൊന്നു മികച്ചു നിന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരവും, കായിക മത്സരവും, ചിത്ര രചനാ മത്സരവും നടന്നു . വിജയികള്‍ക്ക് തദവസരത്തില്‍ സമ്മാനദാനം നടത്തി. കേരളീയ രീതിയില്‍  രണ്ടുതരം പായസം ഉള്‍ക്കൊണ്ട വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ആസ്വാദ്യകരമായിരുന്നു. വന്നുചേര്‍ന്ന ഏവര്‍ക്കും സംഘടനയുടെ സെക്രട്ടറി വിജേഷ് വേലപ്പന്‍  നന്ദി രേഖപ്പെടുത്തി.
 
മലയാളം അറിയാത്ത  എഴുപതില്‍ പരം കുട്ടികളെ മലയാളം എഴുതുവാനും വായിപ്പിക്കുവാനും പരിശീലിപ്പിക്കുന്ന മലയാളം ക്ലാസ്സ്  ഉള്‍പ്പെടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനോപകാരപ്രദമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന കടവിന്റെ ഓണാഘോഷ പരിപാടികളില്‍ സംബന്ധിച്ച ഓരോരുത്തരും നിറഞ്ഞ മനസ്സോടെയാണ് തിരികെ യാത്രയായത്.
 
വാര്‍ത്ത തയ്യാറാക്കി അയച്ചത്: രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.