You are Here : Home / USA News

ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബ്ബ് പ്രളയ ദുരിതാശ്വാസ സഹായ ധനം നല്‍കി

Text Size  

Story Dated: Monday, November 05, 2018 10:35 hrs UTC


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത്‌ ബോട്ട് ക്ലബ്‌ കേരളത്തില്‍ പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. പ്രളയദുരിതത്തില്‍ പെട്ട് വലയുന്ന കുടുംബങ്ങളില്‍ നിന്നും ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുക്കാന്‍ നന്നേ ബുദ്ധിമുട്ടിയെങ്കിലും അവസാനം ഏറ്റവും അര്‍ഹരായവരെന്നു തോന്നിയ മൂന്നു കുടുംബങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള പറഞ്ഞു. കാനഡയിലെ ടോറോന്റോയില്‍ ബ്രാംപ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സര വള്ളംകളിയില്‍ പങ്കെടുത്തു വിജയം കൈവരിച്ചപ്പോള്‍ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസത്തിനു നല്‍കുമെന്ന് തീരുമാനമെടുത്തിരുന്നു. അതോടൊപ്പം അംഗങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച തുക കൂടി ചേര്‍ത്താണ് ഇതിനു വേണ്ടിവന്ന തുക സമാഹരിച്ചത് എന്ന് സെക്രട്ടറി വിശാല്‍ വിജയന്‍ അറിയിച്ചു. കുമരകം ബോട്ട് ക്ലബ്ബിന്‍റെ ഒന്നാം തുഴക്കാരനും കഴിഞ്ഞ വര്‍ഷം നെഹ്രു ട്രോഫി വള്ളം കളിയില്‍ ക്യാപ്റ്റനുമായിരുന്ന അനില്‍ കളപ്പുരയെ പ്രളയത്തില്‍ നഷ്ടമായ വീട് പണിയുന്നതില്‍ എളിയ സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു. കൂടാതെ, കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും അതേത്തുടര്‍ന്ന് അസുഖബാധിതനായി മരണമടയുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിങ്ങോലി നങ്ങ്യാര്‍കുളങ്ങര ശാലിനീഭവനം ശ്യാം കുമാറിന്റെ (33) കുടുംബത്തിനാണ് ഭാരത്‌ ബോട്ട് ക്ലബ്ബിന്‍റെ സഹായം ലഭിച്ചത്. മൂന്നാമതായി മാന്നാര്‍ പഞ്ചായത്തില്‍ നിന്നുള്ള കുരട്ടിക്കാട് പുത്തന്‍വീട്ടില്‍ മീനാക്ഷിയും ചെറുമകനായ ഗോകുലിനും ആണ് ഭാരത്‌ ബോട്ട് ക്ലബ്ബിന്‍റെ സഹായം എത്തിച്ചത്. ഗോകുലിന്റെ ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ്. മീനാക്ഷിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് അവര്‍ കഴിഞ്ഞുകൂടുന്നതെന്നും, അവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നും ബി.ബി.സി. ടീം ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപടിക്കല്‍ പറഞ്ഞു. ബി.ബി.സി. അംഗമായ രവീന്ദ്രന്‍ തറാക്കേരില്‍ നേരിട്ട് ചെന്നാണ് ചെക്കുകള്‍ കൈമാറിയത്. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.