You are Here : Home / USA News

വൈറ്റ് പ്ലെയിന്‍സ് പള്ളിയിലെ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനു പരിസമാപ്തി

Text Size  

Story Dated: Monday, September 10, 2018 10:52 hrs UTC

വര്‍ഗീസ് പ്ലാമൂട്ടില്‍

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് എട്ടു ദിവസം നീണ്ടു നിന്ന നോമ്പിനും വ്രതാനുഷ്ഠാനത്തിനും സമാപ്തികുറിച്ച് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ്മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചു. പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഇടവക മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, റാസ, സമാപന പ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെയാണ് എട്ടുനോമ്പു പെരുന്നാള്‍ സമാപിച്ചത്. അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന മധ്യേ നടത്തിയ ആത്മീയ പ്രഭാഷണത്തില്‍ സ്വന്തം വ്യക്തിത്വം അടിയറവെച്ച് കര്‍ത്താവിന്റെ ദാസിയായി സ്വയം മാറിയ വിശുദ്ധ കന്യകമറിയാമിനെപ്പോലെ ദൈവഹിതത്തിനു വിധേയരായി രൂപാന്തിരം പ്രാപിക്കുന്നതിനുള്ള മുഖാന്തിരമായിരിക്കണം നമ്മുടെ നോമ്പാചരണവും പെരുന്നാളാഘോഷവുമെല്ലാമെന്ന് ഉദ്‌ബോധിപ്പിച്ചു.

പ്രസംഗങ്ങള്‍ കേമമായിരുന്നുവെന്ന് പറയുന്നതിലും വിഭവങ്ങള്‍ രുചികരമായിരുന്നുവെന്ന് വിലയിരുത്തുന്നതിലും ഉപരിയായി നോമ്പാചരണത്തിലൂടെയും ദൈവമാതാവിന്റെ പെരുന്നാളില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംബന്ധിക്കുന്നതിലൂടെയും നമുക്ക് ആത്മീയമായി എന്തു നേട്ടമുണ്ടായി എന്നതായിരിക്കണം നമ്മുടെ മാനദണ്ഡം. കേവലം കലാപരിപാടികളായി അവതരിപ്പിക്കപ്പെടുന്ന വചന പ്രഘോഷണങ്ങളോ, വിഭവസമൃദ്ധമായ സദ്യവട്ടങ്ങളോ ആസ്വദിക്കുന്നതിനുള്ള അവസരങ്ങളായി നമ്മുടെ കണ്‍വന്‍ഷനുകളും പെരുന്നാളുകളും ആയിത്തീരാതെ നാം ശ്രദ്ധിക്കണമെന്നും അഭിവന്ദ്യ തിരുമേനി പ്രബോധിപ്പിച്ചു. എപ്പിസ്‌കോപ്പല്‍ ശുശ്രൂഷ യുടെ 25 വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ താന്‍ ആദ്യമായി തന്റെ ശുശ്രൂഷ അമേരിക്കയില്‍ ആരംഭിച്ചത് ഈ വിശുദ്ധ ദേവാലയത്തില്‍ 1993 ല്‍ ആയിരുന്നുവെന്നും 1994 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഈ ദേവാലയത്തിലെ എട്ടുനോമ്പില്‍ സംബന്ധിക്കുവാന്‍ സാധിച്ചുവെന്നും അതൊരു ഭാഗ്യമായി കരുതുന്നുവെന്നും അഭി. തിരുമേനി അനുസ്മരിച്ചു. ഇടവക വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

 

എട്ടു ദിവസമായി ദേവാലയത്തില്‍ നടന്ന ആരാധനയിലും വചനശുശ്രൂഷയിലും ഇടവകയിലെയും സഹോദര ഇടവകകളിലെയും അനേകം ഭക്തജനങ്ങള്‍ സംബന്ധിച്ച് അനുഗ്രഹീതരായി. ഇടവകവികാരി റവ. ഫാ. പൗലൂസ് പീറ്റര്‍ റവ. ഫാ. ബ്രിന്‍സ് അലക്‌സ് മാത്യു, റവ. ഫാ. മാത്യു കോശി, റവ. ഫാ. നൈനാന്‍ ഉമ്മന്‍ എന്നിവരാണ് വിവിധ ദിവസങ്ങളിലെ വചനശുശ്രൂഷകള്‍ നിര്‍വഹിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.