You are Here : Home / USA News

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി മലങ്കര അതിഭാദ്രസനവും

Text Size  

Story Dated: Friday, September 07, 2018 10:46 hrs UTC

സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

ന്യൂയോര്‍ക്ക്: പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി മലങ്കര അതിഭാദ്രസനവും വിശ്വാസികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മലങ്കര ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ്. ആഗസ്റ്റില്‍ കേരളം കണ്ട പ്രളയം കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രകൃതിക്ഷോഭമായി വിലയിരുത്തുന്നതോടൊപ്പം ഈ മഹാപ്രളയത്തില്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടമായ സഹോദരീ സഹോദരന്മാരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥന നമ്മുടെ എല്ലാ ഇടവകപ്പള്ളിയിലും നടത്തണമെന്നും, പ്രളയാനന്തര കേരളത്തെ സഹായിക്കാനായി കടുത്ത ദുരിതത്തിലും നന്മ നിറഞ്ഞ മനസ്സുമായി ജാതിമതഭേദമില്ലാതെ ഒരു ജനത ഒന്നായി പ്രവര്‍ത്തിച്ചപ്പോള്‍ പ്രളയത്തില്‍ മുങ്ങിയ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും നമ്മുടെ സഭയുടെ മലങ്കരയിലെ ഭദ്രാസനങ്ങള്‍ നേരിട്ട് നടത്തുന്ന പ്രവര്‍ത്തനത്തെയും അഭിനന്ദിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് പറഞ്ഞു.

 

ഭദ്രാസന ആസ്ഥാനത്തു നടന്ന കൗണ്‍സില്‍ മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തിരുമേനി. ഭദ്രാസന മെത്രാപ്പോലീത്ത ആഗസ്റ്റ് 16ാം തിയ്യതി മലങ്കര അതിഭദ്രാസനത്തിലെ അമേരിക്കയിലെയും കാനഡയിലെയും ദേവാലയങ്ങളില്‍ വായിക്കുന്നതിനായി അയച്ച ഇടയലേഖനത്തില്‍ പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനര്‍നിര്‍മാണ കാര്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഭയുടെ ഹൈറേഞ്ച് മേഖലയില്‍ സഭ നേരിട്ട് നടത്തുന്ന ദുരിതാശ്വാസത്തിലേക്കുമായി നല്‍കുന്നതിനായി ധനസമാഹരണ യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും അറിയിക്കുകയുണ്ടായി. ഭക്തജനസംഘടനകളും വിശ്വാസികള്‍ നേരിട്ടും ഇടവകയുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ചും ഞായറാഴ്ചകളില്‍ ലഭിക്കുന്ന സ്‌തോത്ര കാഴ്ചയും ചേര്‍ത്ത് ദുരിതാശ്വാസ ധനസമാഹരണം വിജയമാക്കുവാനും, സെപ്റ്റംബര്‍ പതിനഞ്ചിനു മുന്‍പ് ഭദ്രാസന ആസ്ഥാനത്ത് എത്തിക്കണമെന്നും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.