You are Here : Home / USA News

വെള്ളക്കെടുതിക്കെതിരെ തുഴയെറിഞ്ഞ് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി: ന്യൂയോര്‍ക്ക് ജലകേസരി ചാമ്പ്യന്മാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, September 02, 2018 03:47 hrs UTC

ടൊറോന്റോ : കേരളം വെള്ളപ്പൊക്കദുരിതത്തില്‍ നട്ടംതിരിയുമ്പോള്‍ ഒരു വള്ളംകളി മത്സരം നടത്തുന്നതിന്റെ ഔചിത്യമില്ലായ്മ മനസ്സിലാക്കി സംഘാടകര്‍ പല തവണ ഉപേക്ഷിക്കണമെന്ന് തീരുമാനിച്ച കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം, ഒടുവില്‍ വെള്ളക്കെടുതിക്കെതിരെ തുഴയാനുള്ള ശക്തമായ സമരായുധമാക്കിയപ്പോള്‍ വന്‍വിജയം! .

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയിലെ ഭരണപ്രതിപക്ഷങ്ങളുടെ പിന്തുണയും സഹായവും നേടിയെടുക്കാന്‍ ഈ വള്ളംകളി മത്സരം കൊണ്ട് സാധിച്ചുവെന്നത് സംഘാടകരായ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രെസിഡന്റും കേന്ദ്ര പ്രതിപക്ഷ നേതാവുമായ ആന്‍ഡ്രൂ ഷേര്‍, മെമ്പര്‍ ഓഫ് പാര്‍ലമെന്‍റ് റൂബി സഹോട്ട, മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്‍റ് ദീപക് ആനന്ദ്, ബ്രാംപ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥി പാട്രിക്ക് ബ്രൗണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. സെപ്റ്റംബറില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത വള്ളംകളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ "ജലകേസരി " ചാമ്പ്യന്മാരായി. ടി .എം .എസ് ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി . വിജയികള്‍ക്ക് മുഖ്യാതിഥി ആന്‍ഡ്രൂ ഷേര്‍ നെഹ്‌റു ട്രോഫിയും, സ്‌പോണ്‍സര്‍ മനോജ് കരാത്ത 1000 ഡോളര്‍ കാഷ് അവാര്‍ഡും സമ്മാനിച്ചു.

മലയാളം സിനിമ സംവിധായകന്‍ കെ മധു, ടൈഗര്‍ ജീത് സിംഗ് സീനിയറും , ജൂനിയറും വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ വെള്ളക്കെടുതിയോടനുബന്ധിച്ചു ജാതിമത , സംഘടനാ വിത്യാസമില്ലാതെ എല്ലാ മലയാളികള്‍ക്കും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും , മത സൗഹാര്‍ദ്ദ പ്രാര്‍ത്ഥന നടത്താനും സംഘാടകര്‍ ഈ അവസരം ഉപയോഗിച്ചു .

തദവസരത്തില്‍ ബ്രാംപ്ടണ്‍ മലയാളീ സമാജം തുടങ്ങുന്ന "ഹെല്‍പ് കേരള ഫണ്ട് " കാമ്പയിനും ആന്‍ഡ്രൂ ഷേര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളായ ടോമി കോക്കാട്ട്, പ്രസാദ് നായര്‍, ജോബ്‌സണ്‍ ഈശോ , സന്തോഷ് സാക്ക് കോശി, സൈമണ്‍ പ്ലാത്തോട്ടം, എന്നിവരും ഗുരുവായൂരപ്പന്‍ അമ്പലത്തിലെ മുഖ്യതന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാട് , സജീബ് കോയ, ഫാ. ഡാനിയേല്‍ ചാക്കോ, റെവ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

"വള്ളം കളി മാറ്റിവെച്ചു നാട്ടില്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ മരണമടഞ്ഞവരെയും ദുരിതത്തിലായവരെയും ഓര്‍ത്ത് ദുഖിച്ചും സഹതപിച്ചും വെറുതെ വീട്ടില്‍ ഇരുന്നിട്ട് ഒരു കാര്യവുമില്ല. പകരം ദുഃഖം ഉള്ളിലൊതുക്കിയിട്ടാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ കരകയറ്റാന്‍ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന ചിന്തയാണ് വള്ളം കളി നടത്താനും അതിലൂടെ നമ്മുടെ നിവേദനം വേണ്ട സ്ഥലങ്ങളിലെല്ലാം എത്തിച്ചു പരിഹാരം നേടാനും ദുരിദാശ്വാസനിധിയിലേക്ക് പണം ശേഖരിക്കാനും തീരുമാനിച്ചത്. " സംഘാടകനായ ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം വിശദീകരിച്ചു. കുറേപ്പേര്‍ എതിര്‍പ്പുകളുമായി ആദ്യം വന്നെങ്കിലും അവരുടെ വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെ വളരെയധികം ആളുകള്‍ തക്കസമയത്ത് സഹായത്തിനായെത്തിയതാണ് പരിപാടികള്‍ വിജയകരമായി നടത്താന്‍ സാധിച്ചത്. അദ്ദേഹം പറഞ്ഞു.

റീമാക്‌സ് റിയല്‍റ്റിയിലെ മനോജ് കരാത്തയായിരുന്നു പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍. കാനഡയിലെ പ്രമുഖ ടീം ആയ ടി എം എസ് ചുണ്ടന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.വനിതകളുടെ മത്സരത്തില്‍ ഗ്ലാഡിയേറ്റെഴ്‌സ് വിജയികള്‍ ആയി.

പ്രസിഡണ്ട് കുര്യന്‍ പ്രാക്കാനത്തിന്റെ നേതൃത്വത്തില്‍ തോമസ് വര്‍ഗീസ്, ഗോപകുമാര്‍ നായര്‍ , ജോജി ജോര്‍ജ് , മത്തായി മാത്തുള്ള, ഷിബു ചെറിയാന്‍, ബിനു ജോഷ്വാ , ജോസഫ് പുന്നശ്ശേരില്‍, ഷൈനി സെബാസ്റ്റിയന്‍ , സിന്ധു സജോയ്, മോന്‍സി തോമസ്, സാം പുതുക്കേരില്‍ , സോമന്‍ സക്കറിയ, ശ്രീരാജ്, ഫാസില്‍ മുഹമ്മദ്, ജോയി ഇമ്മാനുവേല്‍ , ജയമോഹന്‍ മേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വെബ്: www.bramptonbotarace.ca .

വാര്‍ത്താ വിവരണം ജയിസണ്‍ മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.