You are Here : Home / USA News

മനോജ് ജോണിനു കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 24, 2018 08:23 hrs EDT

ന്യൂജേഴ്‌സി: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചില്‍ നിര്യാതനായ കോട്ടയം വടവാതൂര്‍ അമ്പലത്തിങ്കല്‍ മനോജ് ജോണിനു (49) സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വന്‍ ജനാവലി കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തിങ്കളാഴ്ച നടന്ന വേയ്ക്ക് സര്‍വീസിലും ചൊവ്വാഴ്ച നടന്ന സംസ്കാര ശുശ്രൂഷയിലും സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് ആസ്ഥാനമായ ന്യൂജേഴ്‌സി വിപ്പനിയിലുള്ള സെന്റ് എഫ്രയിം കത്തീഡ്രലില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ നടന്ന വേയ്ക്ക് സര്‍വീസിലും മരണാനന്തര ശുശ്രൂഷകള്‍ക്കും മലങ്കര ആര്‍ച്ച് ഡയോസിസ് അധപനും പാത്രിയര്‍ക്കാ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത, അമേരിക്ക -യൂറോപ്പ് -യൂറോപ്പ് ക്‌നാനായ ആര്‍ച്ച് ഡയോസിസ് അധിപന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചൊവ്വാഴ്ച രാവിലെ പരേതന്റെ മാതൃഇടവകയായ ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സംസ്കാര ശുശ്രൂഷയില്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയും കാര്‍മികത്വം വഹിക്കും. മാനവരാശിയുടെ പാപമോചനത്തിനായി ക്രൂശിക്കപ്പെട്ട യേശുക്രിസ്തു "എന്റെ ദൈവമേ നീയെന്ന കൈവിട്ടതെന്ത്?' എന്നു പിതാവാം ദൈവത്തോട് ചോദിക്കുന്ന അവസരത്തില്‍ മറുപടി ലഭിക്കാതെ ജീവനെ ഭരമേല്‍പിച്ച ദൈവപുത്രന്റെ ക്രൂശാരോഹണം ലോക ജനതയുടെ സമ്പൂര്‍ണ്ണ രക്ഷയ്ക്കുതകുകയും പില്‍ക്കാലത്ത് ക്രൈസ്തവ സഭ ഉടലെടുക്കുകയും ചെയ്തപ്പോള്‍ നിറവേറിയത് പിതാവാം ദൈവത്തിന്റെ മനുഷ്യസ്‌നേഹത്തിന്റേയും കരുതലുകളുടേയും വെളിപ്പെടുത്തലുകളാണ്. സകല ചരാചരങ്ങളുടേയും സൃഷ്ടാവായ ദൈവത്തിന്റെ കല്‍പ്പന പ്രകാരം സ്വര്‍ഗ്ഗ സന്നിധിയില്‍ ചേര്‍ക്കപ്പെട്ട കതൃദാസന്റെ ആത്മാവ് നിത്യതയില്‍ വിശ്രമിക്കുകയും ദൈവീകരമായ കരുതലും നടത്തിപ്പും കുടുംബാംഗങ്ങള്‍ക്കുണ്ടാകട്ടെ എന്നും ജന്മനാടിന്റെ അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ അനുസ്മരണത്തില്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. അമേരിക്കയില്‍ വരുന്നകാലം മുതല്‍ വ്യക്തിപരമായും ഇടവകാംഗങ്ങള്‍ക്കും ഭദ്രാസനത്തിനും മനോജ് ജോണ്‍ നല്‍കിയ നിസ്തുലവും നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ തന്റെ ലഘു സന്ദേശത്തില്‍ വിവരിച്ച അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഗദ്ഗദകണ്ഠനായി. അദ്ദേഹത്തിന്റെ ഒരിക്കലും മായാത്ത പുഞ്ചിരിയും, ഏവരേയും സഹായിക്കാനുള്ള സേവന സന്നദ്ധതയും ഏക്കാലവും നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കട്ടെ എന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

അഭിവന്ദ്യ മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പീത്ത (കണ്ടനാട് ഭദ്രാസനാധിപന്‍), അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത (അങ്കമാലി മേഖല), രാജു ഏബ്രഹാം (ജനറല്‍ സെക്രട്ടറി, സെന്റ് പോള്‍സ് ഫല്ലോഷിപ്പ്), കൗണ്‍സില്‍ അംഗവും ഇടവക സെക്രട്ടറിയുമായ ജയിംസ് ജോര്‍ജ്, ഷെവലിയാര്‍ ഏബ്രഹാം മാത്യു, ഷെവലിയാര്‍ ജയിംസ് ജോണ്‍, ബിജു ചെറിയാന്‍, പാസ്റ്റര്‍ ആന്‍ഡ്രൂസ് വാഴേച്ചേരില്‍, ഷിബു വര്‍ഗീസ്, ഫോമ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ഫൊക്കാന ജോയിന്റ് ട്രഷററും മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റുമായ സുജ ജോസ്, ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റോഷന്‍ മാമ്മന്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

വടവാതൂര്‍ അമ്പലത്തിങ്കല്‍ പരേതരായ ജോണ്‍ - അക്കാമ്മ ദമ്പതികളുടെ ഏക പുത്രനായ മനോജ് ജോണ്‍ ദീര്‍ഘകാലമായി ന്യൂജേഴ്‌സി വെസ്റ്റ് ഓറഞ്ചില്‍ താമസിക്കുകയായിരുന്നു. കോട്ടയം ഒറവയ്ക്കല്‍ ചെന്നിക്കല്‍ കുടുംബാംഗം ബിനിമോള്‍ ജോണ്‍ ആണ് ഭാര്യ. ജെഫി ജോണ്‍, സച്ചിന്‍ ജോണ്‍, രോഹന്‍ ജോണ്‍ എന്നിവരാണ് മക്കള്‍. മറിയാമ്മ, ശാന്തമ്മ, മോളി (മൂവരും കോട്ടയം), കുഞ്ഞുമോള്‍, ആലീസ്, രമ, സുമ (എല്ലാവരും ന്യൂജേഴ്‌സി), രെഞ്ചി (ഫ്‌ളോറിഡ) എന്നിവര്‍ സഹോദരിമാരുമാണ്. റോബര്‍ട്ട് സ്റ്റാന്‍ഗോ, എം.സി മത്തായി, ലാലു കുര്യാക്കോസ്, ബാബു വര്‍ഗീസ്, തോമസ് വലിയവീടന്‍സ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്. അനിമോള്‍, ബ്ലസി, റോജി കുര്യന്‍, ജോണ്‍ വര്‍ഗീസ് (ഷിബു) എന്നിവര്‍ ഭാര്യാ സഹോദരങ്ങളുമാണ്.

മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, മലങ്കര ദീപം ചീഫ് എഡിറ്റര്‍, വിവിധ ഭക്തസംഘടനാ ഭാരവാഹി തുടങ്ങിയ നിലകളില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയെ നിസ്തുലമായി സേവിച്ച ബഹുമുഖ പ്രതിഭയായിരുന്നു മനോജ് ജോണ്‍. ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More