You are Here : Home / USA News

പ്രളയദുരിതം : പരി. കാതോലിക്കാ ബാവയുടെ ശ്ളൈഹിക സന്ദർശനം മാറ്റിവച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, August 20, 2018 11:07 hrs UTC

ന്യൂയോർക്ക് ∙ പരി. ബസേലിയോസ് മാർത്തോമ്മാ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്കുള്ള ശ്ളൈഹിക സന്ദർശനം മാറ്റിവച്ചു. കേരളത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ കാലവർഷക്കെടുതികളും പ്രളയവും പ്രകൃതിദുരന്തവും മൂലം ഏറെ ആളുകൾ മരിക്കുകയും അനേകർ ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കാതോലിക്കാ ദിന നിധി ഏറ്റുവാങ്ങുന്നതിലേക്കുള്ള ശ്ളൈഹിക സന്ദർശനം മാറ്റി വച്ചത്. കാതോലിക്കാ ദിന നിധി ഏറ്റുവാങ്ങുന്നതിനൊപ്പം നിരവധി ഇടവകകൾ സന്ദർശിക്കുന്നതിനും വിശ്വാസികളെ കാണുന്നതിനും ഭദ്രാസന തലത്തിൽ ഏർപ്പാടുകൾ ചെയ്തിരുന്നു.

ഇതു സംബന്ധിച്ച പരി. കാതോലിക്കാ ബാവയു‌ടെയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളാസ് ബോസ് മെത്രാപ്പൊലീത്തായുടെയും കൽപനകൾ ഞായറാഴ്ച ഇടവകകളിൽ വായിച്ചു. ദുരിതാശ്വാസം ദിനം ആചരിക്കണമെന്നും പ്രത്യേകമായ പ്രാർത്ഥനകൾ നടത്തണമെന്നും കൽപനയിലൂടെ ആവശ്യപ്പെട്ടു. ആഹാരം, വസ്ത്രം, മരുന്ന്, തുടങ്ങിയ അവശ്യ സാധനങ്ങൾ ശേഖരിച്ച് സിവില്‍ അധികൃതരുടെ മാർഗ നിർദേശങ്ങൾ പാലിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യണമെന്നും കൽപനയിൽ പറയുന്നു. ലത്തൂരിലെ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനും സുനാമി ബാധിതരെ പുനരധിവസിപ്പിക്കുന്നതിനും ഛത്തീസ്ഗഡിലെയും ചെന്നൈയിലെയും പ്രളയ ബാധിതരെ സഹായിക്കുന്നതിനും സദാ മക്കൾ കാട്ടിയ ഉത്സാഹം ഇപ്പോഴും പ്രകടിപ്പിക്കുവാൻ നമുക്ക് സാധിക്കണം.

പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് ക്രൈസ്തവ ചുമതലയും കർത്തവ്യവുമാണ്. ഓരോ ഇടവകയും അവരവരുടെ കഴിവിന്റെ പരമാവധി തുക ഇതിനു വേണ്ടി സമാഹരിച്ച് പ്രളയ ദുരിതാശ്വാസത്തിനു വിനിയോഗിക്കുവാൻ സഭയുടെ ദുരിതാശ്വാസ അക്കൗണ്ട് നമ്പരുകളും കൽപനയിൽ അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.