You are Here : Home / USA News

ഗ്ലോബല്‍ എം.ജി.എം. തിരുവല്ല അലംനൈയ്ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, August 07, 2018 10:39 hrs EDT

ന്യൂയോര്‍ക്ക്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ തിരുവല്ല എം.ജി.എം.എച്ച്.എസ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ കോര്‍ത്തിണക്കുന്ന ഗ്ലോബല്‍ എം.ജി.എം അലംനൈയ്ക്ക് രൂപം കൊടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ മീറ്റിംഗില്‍ 1950, 1960, 1970 കാലഘട്ടത്തില്‍ പഠിച്ചവര്‍ പങ്കെടുത്തു. കാതോലിക്കേറ്റ് സ്കൂളുകളുടെ മാനേജര്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലത്തിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ കെ.ടി. ഇടിക്കുള സ്വാഗതമാശംസിച്ചു. തന്‍റെ ബാല്യകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട് ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യത്തെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചതോടൊപ്പം, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏവരും ഒരുപോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന, എം.ജി.എം. സ്കൂളിനെ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്ന കെ.എം. മാത്യു സാറിന്‍റെ ആഗ്രഹവും പ്രത്യേക താല്പര്യവുമാണ് ഇങ്ങനെ ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുവാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച എബ്രഹാം പന്നിക്കോട്ട് തന്‍റെ കേരളത്തിലേക്കുള്ള ഓരോ യാത്രയിലും സ്കൂള്‍ മാനേജ്‌മെന്‍റുമായും, പ്രത്യേകിച്ച് കെ.എം. മാത്യു സാറുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും, ഇന്നത്തെ എംജിഎം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് എങ്ങനെ ഭാഗഭാക്കാകാം എന്നും വിശദീകരിച്ചു. വര്‍ഗീസ് കെ രാജന്‍ സ്കൂളിന്‍റെ ആരംഭം മുതല്‍ ഇന്നുവരെയുള്ള ചരിത്രം വളരെ വിശദമായി വിശദീകരിച്ചു. തുടര്‍ന്നു സംസാരിച്ച ജോണ്‍ ജേക്കബ് തന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫുട്‌ബോള്‍ ടീമിന്‍റെ വിജയങ്ങളെക്കുറിച്ച് വളരെ അഭിമാനത്തോടുകൂടി വിശദീകരിച്ചു. തോമസ് ഐസക്ക് തന്‍റെ പ്രസംഗത്തില്‍ തനിക്ക് ലഭിച്ച അദ്ധ്യാത്മിക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. അഭിവന്ദ്യ തിരുമേനി തന്‍റെ മറുപടി പ്രസംഗത്തില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഉന്നതനിലവാരത്തില്‍ സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകുവാന്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, ഒരു ഗ്ലോബല്‍ അലംനൈയ്ക്ക് സ്കൂളിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും ആധുനിക രീതിയില്‍ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ എപ്പോഴും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും പ്രസ്താവിച്ചു. ഇന്നും പല പരിമിതികള്‍ സ്കൂള്‍ നേരിടുന്നുണ്ടെങ്കിലും ചടങ്ങില്‍ സംബന്ധിച്ച ഓരോരുത്തരുടെയും സ്കൂളിനോടുള്ള സ്‌നേഹവും കടപ്പാടും വളരെയധികം സന്തോഷത്തോട് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

സ്കൂളിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെ പ്രത്യേകമായ കരുതല്‍ എപ്പോഴും ഉണ്ടാകുമെന്നും, തനിക്കു നല്‍കിയ സ്‌നേഹത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുകയും ചെയ്തു. തന്‍റെ ജീവിതത്തിലെ സുവര്‍ണകാലഘട്ടമായിരുന്നു എം.ജി.എം. സ്കൂളിലെ വര്‍ഷങ്ങളെന്ന് സജി എബ്രഹാം തന്‍റെ നന്ദി പ്രകാശനത്തില്‍ സ്മരിച്ചു. കേരളത്തിന്‍റെ രണ്ടറ്റത്തുനിന്നും, വിശേഷാല്‍ രാജകുടുംബങ്ങളില്‍ നിന്നും, അനേകം വിദ്യാര്‍ത്ഥികള്‍ എം.ജി.എം. സ്കൂളില്‍ പഠിക്കുവാന്‍ എത്തിയിരുന്നതായി സജി ഓര്‍മ്മിച്ചു. എം.ജി.എം. സ്കൂളില്‍ വിദ്യാഭ്യാസം ചെയ്ത ഓരോ വിദ്യാര്‍ത്ഥിയും സ്കൂള്‍ കലാലയ ജീവിതവും ഓര്‍മ്മകളും എന്നും നെഞ്ചോടു ചേര്‍ത്ത് ജീവിതത്തില്‍ സൂക്ഷിക്കുന്നുവെന്നും സജി പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും, വിശേഷാല്‍ അഭിവന്ദ്യ മെത്രാപ്പോലീത്തയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ഗ്ലോബല്‍ എം.ജി.എം. അലംനൈയ്ക്ക് എന്നും തിരുമേനിയുടെ എല്ലാവിധമായ പിന്തുണയും അനുഗ്രഹങ്ങളും ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് കേക്ക് മുറിക്കുകയും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.

അഭിവന്ദ്യ തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം കൊടുക്കുകയും കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായി കെ.ടി. ഇടിക്കുളയെയും, വൈസ് പ്രസിഡന്റായി ഏബ്രഹാം പന്നിക്കോട്ട്, സെക്രട്ടറിയായി സജി ഏബ്രഹാം, ട്രഷററായി വര്‍ഗീസ് കെ. രാജന്‍ എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ജോണ്‍ ജേക്കബ്, ഏബ്രഹാം പാലത്തിങ്കല്‍, ടി.വി. തോമസ്, തോമസ് ഐസക്ക്, ജിജി മാത്യു, ഡാനിയേല്‍ തോമസ് എന്നിവരെയും ചുമതലപ്പെടുത്തി. വര്‍ഗീസ് കെ രാജന്‍ കാര്യപരിപാടികള്‍ നിയന്ത്രിച്ചു.

വിശദ വിവരങ്ങള്‍ക്ക്: കെ.ടി. ഇടിക്കുള 845 221 0080, ഏബ്രഹാം പന്നിക്കോട്ട് 330 858 4653, വര്‍ഗീസ് രാജന്‍ 516 775 8174, സജി ഏബ്രഹാം 917 617 3959. E-mail: mgmglobaltvla@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.