You are Here : Home / USA News

പത്താമത് മലങ്കര കാത്തലിക് കണ്‍വന്‍ഷന് കണക്ടിക്കട്ടില്‍ തിരിതെളിയും

Text Size  

Story Dated: Sunday, July 29, 2018 01:15 hrs UTC

സ്റ്റാംഫോര്‍ഡ്, കണക്ടിക്കട്ട്: സഭാപരമായ ഐക്യം വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, ആത്മീയവും ആരാധനാക്രമപരവുമായ സമ്പന്നത പരിപോഷിപ്പിക്കുക, ദൈവദാനമായി ലഭിച്ച കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി മൂന്നുവര്‍ഷത്തിലൊരിക്കല്‍ കൂടിച്ചേരുന്ന നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര കണ്‍വന്‍ഷന് ഓഗസ്റ്റ് രണ്ടിന് കണക്ടിക്കട്ടില്‍ തിരിതെളിയും. ഓഗസ്റ്റ് അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന പത്താമത് മലങ്കര കണ്‍വന്‍ഷന് സ്റ്റാംഫോര്‍ഡ് ഹില്‍ട്ടന്‍ ഹോട്ടലാണ് വേദി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 850-ല്‍പ്പരം പേര്‍ പങ്കെടുക്കും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യാതിഥിയാകുന്ന കണ്‍വന്‍ഷനില്‍ പസൈക്കിലെ ബൈസന്റൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ഡോ. കുര്‍ട് ബുര്‍നെറ്റ്, ബ്രിഡ്ജ്‌പോര്‍ട്ട് ബിഷപ്പ് ഡോ. ഫ്രാങ്ക് ജെ. കാഗിയാനോ, സ്റ്റാഫോര്‍ഡിലെ ഉക്രൈന്‍ എപ്പാര്‍ക്കി ബിഷപ്പ് ബോള്‍ പാട്രിക് ചോംമ്‌നിസ്കി, പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, മൂവാറ്റുപുഴ രൂപതാ കോ അഡ്ജത്തൂര്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡിന്റെ ആപ്തവാക്യമായ യൂത്ത്, ഫെയ്ത്ത്, ഡിസേണ്‍മെന്റ് എന്നതുതന്നെയാണ് കണ്‍വന്‍ഷന്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. മോണ്‍. ജയിംസ് മക്‌ഡൊണാള്‍ഡ്, റവ.ഡോ. റോയ് പാലാട്ട് സി.എം.ഐ, റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍, സിസ്റ്റര്‍ ഡോ. ജോസ്‌ലിന്‍ എസ്.ഐ.ഡി, സിസ്റ്റര്‍ ജോവാന്‍, ഡോ. ആന്റണി റെയ്മണ്ട്, ബ്രയാന്‍ മേഴ്‌സിയര്‍ എന്നിവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്കഷന്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ നയിക്കുന്ന മോട്ടിവേഷണല്‍ പ്രഭാഷണം, സഭാധികാരികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവയ്‌ക്കൊപ്പം എല്ലാ ദിവസവും ദിവ്യബലിയും അര്‍പ്പിക്കപ്പെടും. കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും. ബൈബിള്‍, സഭാചരിത്രം, ആരാധനാക്രമം എന്നിവയെ ആസ്പദമാക്കിയുള്ള മെഗാ ക്വിസ് മത്സരമാണ് മറ്റൊരു സവിശേഷത. അമേരിക്കയിലെ സീറോ മലങ്കര മക്കളുടെ സഭാത്മക കൂട്ടായ്മകളില്‍ ഏറ്റവും ശ്രദ്ധേയമാണ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കണ്‍വന്‍ഷന്‍. സീറോ മലങ്കര സഭാ പൈതൃകവും മൂല്യങ്ങളും അമേരിക്കയുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ധ്യാന, പഠനങ്ങള്‍ക്ക് വിഷയമാക്കാനും ഈ മൂല്യങ്ങള്‍ സഭാ കൂട്ടായ്മയില്‍ ആഘോഷിക്കാനുമുള്ള വേദികൂടിയാകും കണ്‍വന്‍ഷനുകള്‍. നോര്‍ത്ത് അമേരിക്കന്‍ സീറോ മലങ്കര ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് ചെയര്‍മാനും, വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി വൈസ് ചെയര്‍മാനുമായ 100 അംഗ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഫാ. നോബി അയ്യനേത്ത്, ഡോ. ജോര്‍ജ് കാക്കനാട്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.