You are Here : Home / USA News

'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി

Text Size  

Story Dated: Friday, July 27, 2018 08:14 hrs EDT

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി - യൂത്ത് കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രസിദ്ധീകരിച്ച 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' എന്ന ന്യൂസ് ബുള്ളറ്റിന്‍ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കോണ്‍ഫറന്‍സിന്റെ ചൂടാറും മുന്നേ വാര്‍ത്തകളും ചിത്രങ്ങളുമായി നിറഞ്ഞ നിന്ന ഈ ന്യൂസ് ലെറ്ററിന് ഇത്തവണ കൂടുതല്‍ വായനക്കാരുണ്ടായി. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത 1052 പേര്‍ക്കിടിയിലേക്ക് എത്തിക്കാവുന്ന വിധത്തില്‍ ക്രമീകരിച്ച ന്യൂസ് ലെറ്ററില്‍ അതാതു ദിവസത്തെ വാര്‍ത്തകളും ചിത്രങ്ങളും നന്നായി തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞതായി ചീഫ് എഡിറ്റര്‍ ഫാ ഷിബു ഡാനിയല്‍ പറഞ്ഞു. കോണ്‍ഫറന്‍സ് ക്രോണിക്കിളിലൂടെ വായനക്കാര്‍ കോണ്‍ഫറന്‍സിന്റെ ആത്മീയധന്യതയാണ് അനുഭവിച്ചതെന്നു കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ അറിയിച്ചു. ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ അഞ്ചു ലക്കങ്ങളാണ് പ്രസിദ്ധീകരിച്ചത്.

കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ പൂര്‍ണ്ണ സജ്ജമാക്കിയിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെ തന്നെ പ്രിന്റ് എഡീഷനായും സോഷ്യല്‍ മീഡിയ വഴിയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത്. ഇതിനു വേണ്ടി ഫാ ഷിബു ഡാനിയല്‍ ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവര്‍ത്തിച്ചു. വര്‍ഗീസ് പോത്താനിക്കാട്, ഫിലിപ്പോസ് ഫിലിപ്പ്, അജിത് മാത്തന്‍, രാജന്‍ വാഴപ്പള്ളില്‍, മാത്യു സാമുവല്‍, സുനോജ് തമ്പി, ലിന്‍സി തോമസ്, നിതിന്‍ എബ്രഹാം എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്‌സായി പ്രവര്‍ത്തിച്ചത്. ഒപ്പം ഫോട്ടോഗ്രാഫര്‍ ബിനു സാമുവലിന്റെ ചിത്രങ്ങളും ക്രോണിക്കിളിലെ നിറസാന്നിധ്യമായി. ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും ഉണ്ടായിരുന്നു. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്റ് ചെയ്യുകയുമായിരുന്നുവെന്നു കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിലാഴ്ന്നുമ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരുകൂട്ടം അംഗങ്ങളുടെ പ്രയത്‌നഫലമാണ് കോണ്‍ഫറന്‍സ് ക്രോണിക്കിളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിബു അച്ചന്റെ കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതില്‍ ഉയര്‍ന്നു വന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹരമായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഒരു സ്മരണികയായി ക്രോണിക്കിള്‍ മാറി. കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ ഈ പ്രത്യേക പതിപ്പ് സൂക്ഷിച്ച് വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്ന കാഴ്ചയ്ക്കു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഫറന്‍സ് സാക്ഷിയായി. ഇത് മൊബൈല്‍ ആപ്പിലും കോണ്‍ഫറന്‍സ് വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More