You are Here : Home / USA News

ആത്മീയ പ്രഭ ചൊരിഞ്ഞ് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന് പരിസമാപ്തി

Text Size  

Story Dated: Saturday, July 21, 2018 09:25 hrs EDT

ഷാജി രാമപുരം

ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ 32 മത് ഫാമിലി കോണ്‍ഫ്രറന്‍സ് ജൂലൈ 8 ഞായറാഴ്ച കോണ്‍ഫ്രറന്‍സ് വേദിയായ ഹോട്ടല്‍ ഹില്‍ട്ടണില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമൊഥിയോസ്, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എന്നീ ബിഷപ്പുമാരുടെ സഹകാര്‍മ്മികത്വത്തിലും നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടുകൂടി ആത്മീയ പ്രഭ ചൊരിഞ്ഞ് സമംഗളം സമാപിച്ചു. ദൈവത്താല്‍ സംയോജിക്കപ്പെട്ടവര്‍, സേവനത്തിനായി സമര്‍പ്പിതര്‍(United by God; Committed to Serve) എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. അഭിവന്ദ്യ ബിഷപ്പുമാരെ കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡ് മാര്‍ത്തോമ്മ ഇടവക വികാരിയും ബഹുമുഖ പണ്ഡിതനും ആയ റവ.സാം ടി. കോശി എന്നിവരാണ് പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജൂലൈ 5 വ്യാഴാഴ്ച വൈകീട്ട് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി പട്ടക്കാര്‍ ഉള്‍പ്പെടെ ഏകദേശം ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. മേല്‍പ്പട്ട സ്ഥാനത്ത് ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തീകരിക്കുന്ന തിരുവനന്തപുരം- കൊല്ലം ഭദ്രാസനാധിപന്‍ ബിഷപ് ജോസഫ് മാര്‍ ബര്‍ണബാസ്, ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ ബിഷപ് തോമസ് മാര്‍ തിമോഥിയോസ്, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ഡോ.ജോസഫ് മാര്‍ത്തോമ്മയുടെ അധ്യക്ഷതയില്‍ നടന്ന സ്വകരണ സമ്മേളനത്തില്‍ അമേരിക്കയിലെ നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി റവ.ഡോ.ജിം വിന്‍ക്ലെര്‍, ഭദ്രാസനത്തിലെ വൈദികരെ പ്രതിനിധീകരിച്ച് സഭാ കൗണ്‍സില്‍ മെംബര്‍ റവ. ജോജി തോമസ്, അത്മായ സമൂഹത്തെ പ്രതിനിധീകരിച്ച് എന്‍.എം. ഫിലിപ്പ് ചിക്കാഗോ, സേവികാസംഘം ഭദ്രാസന സെക്രട്ടറി ജോളി ബാബു, യൂത്തിനെ പ്രതിനിധീകരിച്ച് ഭദ്രാസന കൗണ്‍സില്‍ മെംബര്‍ ഡോ.ലീന്‍ കീരിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭദ്രാസനത്തിന്റെയും, കോണ്‍ഫ്രറന്‍സിന്റെയും വകയായുള്ള ഉപഹാരം മാര്‍ത്തോമ്മ സഭാ കൗണ്‍സില്‍ അംഗങ്ങള്‍ ആയ വര്‍ക്കി എബ്രഹാം, നിര്‍മ്മല എബ്രഹാം, ഭദ്രാസന ട്രഷറാര്‍ പ്രഫ. ഫിലിപ്പ് തോമസ്, കോണ്‍ഫ്രറന്‍സ് സെക്രട്ടറി ജോണ്‍ കെ ഫിലിപ്പ്, ട്രഷറാര്‍ സജു കോര, അക്കൗണ്ടന്റ് എബി ജോര്‍ജ് എന്നിവര്‍ നല്‍കി. ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള സ്വാഗതവും, കോണ്‍ഫ്രറന്‍സ് കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി. സെബാന്‍ സാം, സാം റോജിന്‍ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായസംഘം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാര്‍ത്തോമ്മ സഭയുടെ ആദ്യത്തെ ഫാമിലി കോണ്‍ഫ്രറന്‍സ് എന്ന പ്രത്യേകതയും ഈ കുടുംബ സംഗമത്തിനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More