You are Here : Home / USA News

ആസന്നമായ ഫൊക്കാനാ തെരഞ്ഞെടുപ്പ് - ഒരു പുനര്‍ചിന്ത: തോമസ് കൂവള്ളൂര്‍

Text Size  

Story Dated: Tuesday, July 03, 2018 08:51 hrs UTC

ജൂലൈ 5 മുതല് 7 വരെ ഫിലാഡല്ഫിയയിലെ വാലി ഫോര്ജ് കണ്വന്ഷന് സെന്റര് ആന്റ് കാസിനോയില് വച്ചു നടക്കാനിരിക്കുന്ന ഫൊക്കാനായുടെ അന്തര്ദേശീയ കണ്വന്ഷന് ഇന്ന് ലോകമലയാളികളുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ പാര്ട്ടിയില്പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും, വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരേ വേദിയില് അവിടെ സമ്മേളിക്കുന്നു. എന്നുതന്നെയല്ല, കേരളത്തില് നിന്നുള്ള വിവിധ മതങ്ങളില്പ്പെട്ടവരും, വ്യത്യസ്ത ചിന്താഗതിക്കാരുമായി അറിയപ്പെടുന്ന വ്യക്തികളും അവിടെ ഒരേ വേദിയില് ഒന്നിച്ചണിനിരക്കുന്നു.

ഇതിനിടെ ഫൊക്കാനായെ അടുത്ത രണ്ടുവര്ഷത്തേയ്ക്ക് നയിക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നുള്ള ഭാരിച്ച ഉത്തരവാദിത്വം ഫൊക്കാനായുടെ നിലവിലുള്ള നേതൃത്വത്തിനുണ്ട്. ഫൊക്കാനായുടെ കരുത്തരും, വിവേകമതികളുമായ ഇലക്ഷന് കമ്മീണറുമാര് ഇക്കാര്യത്തില് തയ്യാറെടുത്തുകഴിഞ്ഞു.

ജൂലൈയിലെ വേനല് ചൂടിന്റെ ആധിക്യത്താലെന്നപോലെ മാധ്യമങ്ങളിലൂടെ നിരവധിപേര് ചൂടുപിടിക്കുന്ന വാര്ത്തകള് മലയാളമാധ്യമങ്ങളിലൂടെ എഴുതി മത്സര രംഗത്തുള്ള സ്ഥാനാര്ത്ഥികളെല്ലാം ചൂടുപിടിച്ച് പരക്കം പായുന്നതായും മനസ്സിലാക്കാന് കഴിയുന്നു.

ഇതിനിടെ ഈ ലേഖകന് ഫൊക്കാനായുടെ അടുത്ത പ്രസിഡന്റ് ലീലാ മാരേട്ടോ മാധവന് നായരോ എന്ന തലക്കെട്ടില് വ്യക്തിപരമായി അവലോകനരൂപത്തില് എഴുതിയ ലേഖനം വായിക്കാനിടയായ പല ഫൊക്കാനാ സ്‌നേഹികളും, എന്തിനേറെ, മത്സരരംഗത്തുള്ള സ്ഥാനാര്ത്ഥികള് വരെ ഈ ലേഖകനെ വിളിച്ച് അവരുടെ അഭിപ്രായങ്ങള് പങ്കുവയ്ക്കുകയുണ്ടായി. അവരില് ചിലര് ഫൊക്കാനാ നേതൃത്വത്തോട് ആത്മാര്ത്ഥതയുള്ളവരും, ചിലര് പ്രസ്ഥാനത്തിന്റെ നേതൃത്വത്തോട് അസംതൃപ്തിയുള്ളവരും, ചിലര് രണ്ടു പാനലിനെയും പിന്തുണയ്ക്കുന്നവരുമാണെന്ന് മനസ്സിലാക്കാന് കഴിഞ്ഞു.

ചുരുക്കത്തില് ഒരു കൂട്ടര് മാധവന് നായരെ പിന്തുണയ്ക്കുന്നവരും, മറ്റൊരു കൂട്ടര് ലീലാമാരേട്ടിനെ പുന്താങ്ങുന്നവരും, മൂന്നാമതൊരു കൂട്ടര് മത്സരം ഒഴിവാക്കി, മുന്കാലങ്ങളിലെപ്പോലെതന്നെ തെരഞ്ഞെടുപ്പു നടത്തി പ്രസ്ഥാനത്തെ സംരക്ഷിക്കാന് ശ്രമിക്കുന്ന പക്വമതികളുമാണെന്നു വ്യക്തമായി.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കെട്ടുറപ്പുള്ള ഒന്നാണ് എന്നുള്ള കാര്യത്തില് യാതൊരു സംശയവുമില്ല. അങ്ങിനെ അല്ലായിരുന്നുവെങ്കില് കേരളമുഖ്യമന്ത്രിയെയും, പ്രതിപക്ഷനേതാവിനെയും, അതുപോലെ തന്നെ പ്രതിഭാശാലികളായ ലോകപ്രശസ്തരായ വ്യക്തികളെയും ക്ഷണിച്ചുവരുത്താന് അവര്ക്കു കഴിയുമായിരുന്നില്ല. ഇത്തവണത്തെ കണ്വന്ഷന് മുന്കാലങ്ങളെ അപേക്ഷിച്ച് വളരെ ചിട്ടയോടും, ഭംഗിയായും നടത്താന് കഴിയുന്നത് ഫൊക്കാനാ നേതൃത്വത്തിന്റെ കെട്ടുറപ്പിന് ഉദാഹരണമാണ്.

വാസ്തവത്തില് വ്യക്തികള്ക്ക് ശക്തി പകരുന്നത് സംഘടനയ്ക്കുള്ളിലുള്ള ഐക്യമാണ്. ഫൊക്കാനായുടെ ഇത്തവണത്തെ ഔദ്യോഗിക പ്രസിഡന്റ് ആയി ഫൊക്കാനാ നേതൃത്വം മാധവന് നായരെയാണ് തെരഞ്ഞെടുത്തത്. അല്ലായിരുന്നുവെങ്കില് ഇത്തവണത്തെ ഫൊക്കാനാ കണ്വന്ഷന്റെ ചെയര്മാന് സ്ഥാനം അലങ്കരിക്കാന് അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. മറ്റേതൊരു സംഘടനെയെക്കാള് ശക്തവും, കെട്ടുറപ്പുള്ളതുമായ ഒരു നേതൃത്വം ഫൊക്കാനായ്ക്ക് ഉണ്ടെന്നുള്ളത് പുറത്തുനില്ക്കുന്ന കാഴ്ചക്കാര്ക്ക് അറിഞ്ഞുകൂടാ എന്നതാണ് വാസ്തവം.

ഫൊക്കാനായില് അഭിപ്രായവ്യത്യാസങ്ങള് ഉണ്ടെന്നുള്ളതു ശരി തന്നെ. പക്ഷേ പ്രശ്‌നങ്ങളുണ്ടാകുമ്പോള് അവയ്ക്ക് പരിഹാരം കണ്ടെത്താന് ഫൊക്കാനാ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് മതിയായ ഉദാഹരണമാണ് 2 വര്ഷം മുന്പ് ഈ ലേഖകന്റെ അസ്സോസിയേഷനില്, അതായത്, ഇന്ത്യന് അമേരിക്കന് മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന അംഗസംഘടനയില്, ഒരു പ്രശ്‌നം രൂക്ഷമായപ്പോള് ഫൊക്കാനാ നേതാക്കള് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. 2016-ല് ആയിരുന്നു പ്രസ്തുത പ്രശ്‌നം പൊന്തിവന്നത്. അതും ഫൊക്കാനായില് മത്സരിക്കാന് ഒരാള്ക്ക് അനുമതി ലഭിക്കുന്നതു സംബന്ധിച്ച്. 

ഫൊക്കാനായില് നെടുംതൂണുകളായി പ്രവര്ത്തിച്ചിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരനായ ടെറന്സണ് തോമസും, വലതുപക്ഷക്കാരനായ ജോയി ഇട്ടനും ഈ ലേഖകനുമായി ബന്ധപ്പെട്ട് പ്രശ്‌നം തീര്ത്തത് ഞാനിപ്പോള് സ്മരിക്കുന്നു.

വാസ്തവത്തില് ചൂടുപിടിച്ചു നില്ക്കുന്ന ഈ സാഹചര്യത്തില് എരിയുന്ന തീയില് ഒരു വാര്ത്ത എഴുതി സ്ഥാനാര്ത്ഥികളെ ചൂടുപിടിപ്പിക്കുന്നത് ശരിയല്ലെന്ന് എനിക്കു തോന്നുന്നു. മത്സരരംഗത്തുള്ള ലീലാമാരേട്ടും മാധവന്നായരും എന്റെ ആത്മസുഹൃത്തുക്കളാണ്. നാളെയും അവരെ കാണേണ്ടതുമാണ്. രണ്ടുപേരും സമൂഹത്തില് വിലയും നിലയുമുള്ള വ്യക്തികളാണ്.

ലീലാ മാരേട്ട് ഫൊക്കാനാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാന് എന്തുകൊണ്ടും അനുയോജ്യയാണ്. അവര് മത്സരരംഗത്തുവരാന് കാരണം അവര്ക്ക് ഫൊക്കാനായുടെ പ്രസിഡന്റ് ആയിത്തീരണം എന്നുള്ള ഉറച്ച തീരുമാനമാണ്. അതിനവരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല.

അതേസമയം മാധവന്നായരെ പ്രസിഡന്റായി ഇത്തവണ നിര്ത്താനും, അദ്ദഹത്തെ ജയിപ്പിക്കാനുമുള്ള തീരുമാനമെടുത്തത് ഫൊക്കാനായുടെ നേതൃത്വമാണ്. ചുരുക്കം ചിലര്ക്ക് മാധവന് നായരോട് വ്യക്തിപരമായ എതിര്പ്പുണ്ടെങ്കില് കൂടി ഭൂരിപക്ഷം വരുന്ന ഫൊക്കാനാ നേതൃത്വം മാധവന് നായര് തന്നെ ആയിരിക്കണം ഇത്തവണ ഫൊക്കാനായുടെ പ്രസിഡന്റ് എന്ന് തീരുമാനിച്ചു കഴിഞ്ഞതാണ്. അപ്പോള് ലീലാ മാരേട്ട് അല്പം സംയമനം പാലിക്കേണ്ടി വന്നേക്കും.

ഫൊക്കാനായുടെ നേതൃത്വത്തെ മറികടക്കാന് ആര്ക്കും കഴിയുകയില്ല എന്നുള്ളതിനു തെളിവാണ് 2014-ല് ജനറല് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഹിന്ദുവായ അറ്റോര്ണി വിനോദ് കെയാര്കെയും ക്രിസ്ത്യാനിയായ പീലിപ്പോസ് ഫിലിപ്പും മത്സരരംഗത്തു വന്നപ്പോള് ഫൊക്കാനാ നേതൃത്വം ഇടപെട്ട് പീലിപ്പോസ് ഫിലിപ്പിനോട് 2016-ല് ജനറല് സെക്രട്ടറി ആക്കാമെന്നു വാക്കുകൊടുത്തത് വിനോദ് കെയാര്കെയെ ജനറല് സെക്രട്ടറി ആയി എടുത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയത്. ഫൊക്കാനായ്ക്കുള്ളില് ജാതീയമായ വേര്തിരിവില്ല എന്നുള്ളതിന് ഇതില് കൂടുതല് എന്തു തെളിവിരിക്കുന്നു.

അതുപോലെ തന്നെ 2016-ല് പീലിപ്പോസ് ഫിലിപ്പിനെ ജനറല് സെക്രട്ടറിയായി ഫൊക്കാനാ നേതൃത്വം എതിരില്ലാതെ തെരഞ്ഞെടുത്ത് വാക്കുപാലിച്ചു.

2016-ല് ഹിന്ദുവായ മാധവന് നായരും ക്രിസ്ത്യാനിയായ തമ്പി ചാക്കോയും പ്രസിഡന്റു സ്ഥാനാര്ത്ഥികളായി മത്സരരംഗത്തു വന്നപ്പോള് ഫൊക്കാനാ നേതൃത്വം ഇടപെട്ട് ക്രിസ്ത്യാനിയായ തമ്പി ചാക്കോയെ പ്രസിഡന്റായി പിന്തുണയ്ക്കുമെന്ന് വാക്കുകൊടുത്തതുമാണ്. ആ വാക്കിന് മാറ്റം വരുത്തിയാല് അതിനര്ത്ഥം ഫൊക്കാനായുടെ അടിത്തറയ്ക്ക് മാറ്റം വരുമെന്നുള്ളത് വ്യക്തം. ഫൊക്കാനാ നേതൃത്വം കെട്ടുറപ്പുള്ളതായതിനാല് എന്തു വില കൊടുത്തും ഫൊക്കാനായുടെ അഖണ്ഡത നിലനിര്ത്തുമെന്ന കാര്യത്തില് സംശയമില്ല.

ഇപ്പോഴത്തെ സാഹചര്യത്തില് ലീലാ മാരേട്ട് ഫൊക്കാനാ നേതൃത്വത്തെ അംഗീകരിക്കുന്ന പക്ഷം 2020-ലേയ്ക്ക് നിഷ്പ്രയാസം പ്രസിഡണ്ടായി തീരാന് സാധിക്കും എന്ന കാര്യത്തില് തര്ക്കമില്ല. അവര്ക്കതിനുള്ള എല്ലാ യോഗ്യതകളുമുണ്ട്. ഫൊക്കാനാ നേതൃത്വത്തെ അംഗീകരിക്കാത്ത പക്ഷം ഒരുപക്ഷേ ഇത് ലീലാ മാരേട്ടിന്റെ ഇന്നുള്ള വ്യക്തിത്വത്തിനു തന്നെ കോട്ടമായിത്തീരാനിടയുണ്ട് എന്നാണ് ലീലാമാരേട്ടിന്റെ ഒരു സുഹൃത്തെന്ന നിലയില് എനിക്കു പറയാനുള്ളത്. അതേ സമയം ഫൊക്കാനാ നേതൃത്വത്തെ അനുസരിക്കുന്ന പക്ഷം ലീലാ മാരേട്ടിന് അവര് അര്ഹിക്കുന്ന സ്ഥാനം നല്കി അവരെ 2020-ലെ പ്രസിഡണ്ടാക്കാന് വേണ്ടതെല്ലാം ഫൊക്കാനാ നേതൃത്വം ചെയ്യുമെന്നാണ് എന്റെ വ്യക്തിപരമായ നിഗമനം.

ഫൊക്കാനായില് പ്രശ്‌നമുണ്ടാക്കാന് ശ്രമിക്കുന്നവരിലധികവും ഫൊക്കാനായുടെ വളര്ച്ചയില് അസൂയപൂണ്ടവരും, തങ്ങള് ഉദ്ദേശിച്ച സ്ഥാനം കിട്ടാത്തതില് അസംതൃപ്തരും ആയിട്ടും ഉള്ളവരാണെന്നു കാണാന് കഴിയും. അത്തരക്കാരാണ് വാസ്തവത്തില് ഫൊക്കാനാ പ്രവര്ത്തകര്ക്ക് വര്ഗ്ഗീയ സ്വഭാവം കൊടുക്കാന് ശ്രമിക്കുന്നവരും, ഏതു വിധേനയും പ്രസ്ഥാനത്തെ ബലക്ഷയപ്പെടുത്താന് ശ്രമിക്കുന്നവരും അത്തരക്കാര്ക്കെതിരെ ഫൊക്കാനാ ഡെലഗേറ്റുകള് ജാഗരൂകരായിരിക്കുന്നതു നന്നായിരിക്കും.

2018-ലെ ഫൊക്കാനാ കണ്വന്ഷനും, തെരഞ്ഞെടുപ്പും മറ്റുള്ളവര്ക്കു കൂടി മാതൃകയായിത്തീരട്ടെ എന്ന് ആശിക്കുന്നു. ഫൊക്കാനാ നേതൃത്വത്തിന്റെ ആശീര്വ്വാദമുള്ള മാധവന് നായരും അദ്ദേഹത്തിന്റെ ടീമില് ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്ന ഫൊക്കാനായെ രണ്ടുവര്ഷത്തേയ്ക്ക് നയിക്കേണ്ട നേതൃത്വത്തിനും എല്ലാവിധ ഭാവുകങ്ങളും നേര്ന്നു കൊള്ളുന്നു.

വാര്ത്ത അയയ്ക്കുന്നത്- ജൂലൈ 3, 2018 തോമസ് കൂവള്ളൂര് 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.