You are Here : Home / USA News

ഒരുക്കങ്ങൾ പൂർത്തിയായി; കണ്‍വെന്‍ഷന്‍ ചരിത്രസംഭവമാക്കാൻ ചെയര്‍മാന്‍

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, July 03, 2018 04:27 hrs EDT

ന്യൂജേഴ്‌സി :അമേരിക്കന്‍ സ്വാതന്ത്ര്യ ചരിത്ര സ്മരണകള്‍ ഉണര്‍ത്തുന്ന ഫിലാഡല്‍ഫിയാ നഗരത്തില്‍ ജൂലൈ അഞ്ച് മുതല്‍ എട്ടു വരെ നടക്കുന്ന ഫെഡേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍. ഫിലാഡല്‍ഫിയാ നഗരത്തില്‍ ഏറ്റവും വലുതും മനോഹരവുമായ വാലി ഫോര്‍ജ് കസിനോ റിസോര്‍ട്ട് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ അമേരിക്കന്‍ മലയാളികളുടെ മറക്കാനാവാത്ത കാഴ്ച്ചസി കള്‍ ഒരുക്കുന്നതിനുള്ള അവസാനമിനുക്കു പണികള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നും മാധവന്‍ ബി.നായര്‍ പറഞ്ഞു.

കണ്‍വെന്‍ഷനു രണ്ടു നാൾ  മാത്രം ശേഷിക്കേ രജിസ്‌ട്രേഷനുകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും കണ്‍വെന്‍ഷന്‍ സെന്ററിലെ മുറികള്‍ എല്ലാം തന്നെ ബുക്കി ചെയ്ത് തീര്‍ന്നതിനാല്‍ കൂടുതല്‍ പ്രതിനിധികള്‍ക്കായി തൊട്ടടുത്തുള്ള ഹോട്ടലുകളില്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഫാമിലി രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തു. ഇനിയുള്ളത് വാക്ക് ഇന്‍ രജിസ്‌ട്രേഷനാണ്. മൂന്ന് ദിവസത്തേക്ക് വാക്ക് ഇന്‍ രജിസ്‌ട്രേഷന് 350 ഡോളറാണ് ഈടാക്കുന്നത്. ബാങ്ക്വറ്റ് ദിനമായ ശനിയാഴ്ച മാത്രം അറ്റന്‍ഡ് ചെയ്യുന്ന വര്‍ക്ക് 150 ഡോളറാണ് ഫീസ്. അതും സീറ്റു ലഭ്യമാണെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ.

സംഘാടകരുടെ പ്രതീക്ഷക്കപ്പുറത്ത് അവശ്വസനീയമായ പ്രതികരണമാണ് കണ്‍വെന്‍ഷന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്ന അപരനാമത്തിലറിയപ്പെടുന്ന ഫിലാഡല്‍ഫിയാ നഗരത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് സൗഹൃദനഗരമെന്നാണ് കണ്‍വെന്‍ഷന്‍ വേദിക്കു പേരിട്ടിരിക്കുന്നത്.ആ പേരിനു എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്ന സൗഹൃദയരായ മലയാളി സമൂഹമാണ് ഫിലാഡല്‍ഫിയായുടെ അനുഗ്രഹം. ഫിലാഡല്‍ഫിയാക്കാരനായ ഫൊക്കാനപ്രസിഡന്റ് തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ സഹൃദയരായ ഒരു പിടി ഫൊക്കാന നേതാക്കന്മാരുടെ കൂട്ടായ പരിശ്രമമാണ് ഈ കണ്‍വെന്‍ഷനെ ഒരു ചരിത്രസംഭവമാക്കി മാറ്റാനൊരുങ്ങുന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമുള്‍പ്പെടെ കേരളരാഷ്ട്രീയത്തിന്റെ ഒരു പരിശ്ചേദം തന്നെയായിരിക്കും ഈ മൂന്നു ദിവസങ്ങളില്‍ ഫിലാഡല്‍ഫിയായില്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പമുണ്ടാവുക. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, എം.എല്‍.എ.മാരായ രാജു എബ്രാഹം, മോന്‍സ് ജോസഫ്, വി.പി. സജീന്ദ്രന്‍, രാജ്യസഭാ ഉപാദ്ധ്യക്ഷനും മുന്‍ എം.പി. യുമായ പ്രൊഫ. പി.ജെ.കുര്യന്‍, വനിതാ കമ്മീഷന്‍ അംഗം സജിതാ കമാല്‍, നോര്‍ക്ക പ്രതിനിധി വരദരാജന്‍ തുടങ്ങിയ രാഷ്ട്രീയരംഗത്തെ നിരവധിപേര്‍ മൂന്നുദിവസത്തെ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 22 വര്‍ഷം മുമ്പ് ഡാളസില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്തതാണ് ഫൊക്കാനയില്‍ ആദ്യമായി മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 22 വര്‍ഷത്തിനുശേഷം മറ്റൊരു മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവുകൂടിയുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യത്തെ അമേരിക്കന്‍ പര്യടനമാണിതെന്നതു ഫൊക്കാനയെ സംബന്ധിച്ചു അഭിമാനകരമായ മറ്റൊരു കാര്യമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു. കണ്‍വെന്‍ഷന്‍ നടക്കുന്ന ഹോട്ടലില്‍ താനുള്‍പ്പെട്ട ഭാരവാഹികള്‍ മാസങ്ങള്‍ക്കുമുമ്പു തന്നെ പലവട്ടം സന്ദര്‍ശിച്ച് ഒരുക്കങ്ങളുടെ പുരോഗതതി വിലയിരുത്തി വരികയാണെന്നും ഒരുക്കങ്ങളുടെ പുരോഗതിയില്‍ പൂര്‍ണ്ണസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു പിഴവുകളുമില്ലാതെ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ടയന്ത്രം പോലെ സുഗമമായി നടന്നുവരികയാണ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഏറ്റവും പ്രധാനം. മൂന്നു ദിവസം മനം നിറഞ്ഞ സന്തോഷമായി എല്ലാവരും മടങ്ങിപോകണം. പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ കാര്യങ്ങള്‍ ഭംഗിയായി കൊണ്ടുപോകുവാന്‍ മുന്‍കൂട്ടിതന്നെ നിശ്ചയിച്ച ബ്രഹത്തായ കമ്മിറ്റികള്‍ എല്ലാം തന്നെ മികച്ച പ്രവര്‍ത്തനമാണ് ചെയ്ത് വരുന്നത്. ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് തൃപ്തി വരുത്തി. രാപകലില്ലാതെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമം കൊണ്ട് കുറ്റമറ്റ രീതിയില്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരുന്നവര്‍ക്ക് ചെക്കിന്‍ ചെയ്യുവാനും പെട്ടന്ന് മുറികള്‍ ലഭ്യമാക്കുവാനും വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ തിലകക്കുറിയായ ഫിലാഡല്‍ഫിയായിലെ സ്വാതന്ത്ര്യമണിയുടെ ചരിത്രരേഖകളുടെ അടയാളമായി "മണിമുഴക്കം" എന്ന പേരില്‍ പുറത്തിറങ്ങുന്ന സുവനീറിന്റെ അച്ചടി പൂര്‍ത്തിയായി. 300 പേജു വരുന്ന ഈ സ്മരണികയുടെ പ്രകാശനം കണ്‍വെന്‍ഷന്‍ വേദിയില്‍ നടക്കും. സ്വാതന്ത്ര്യമണിയുടെ ചിത്രം ആലേഖനം ചെയ്തുകൊണ്ടാണ് ഈ സ്മരണികയുടെ കവര്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഫൊക്കാനയുടെ ചരിത്രത്തില്‍ ഇറങ്ങിയിട്ടുള്ള സ്മരണികകളില്‍ ഏറ്റവും മികവുറ്റതായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.-അദ്ദേഹം വ്യക്തമാക്കി.

മൂന്നു ദിവസത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി മനം നിറയുന്ന കലാപരിപാടികളാണ് അണിയറയില്‍ ഒരുക്കുന്നത്. ആദ്യദിവസമായ അഞ്ചാം തീയതി നൂറോളം വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിരിയായിരിക്കും ആദ്യത്തെ ആകര്‍ഷണം. ഫൊക്കാനയുടെ വിവിധ റീജിയണുകളില്‍ വനിതകള്‍ സംയുക്തമായാണിത് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ അഭിനയപ്രതിഭകളായ സിനിമാമേഖലയില്‍ നിന്ന് ദുൽഖർ സല്‍മാന്‍, ജയസൂര്യ, ജഗദീഷ്, സുരഭി, അനീഷ് രവി, അനു ജോസഫ്, നടിയും സംവിധായകിയുമായ സ്വാസ്വിക, കോമഡി താരം വിനോദ് ഗായകരായ രഞ്ജിനി ജോസ്, സുനില്‍ കുമാര്‍ നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. പുറമെ ഫൊക്കാനയുടെ ഏറ്റവും പ്രധാന കലാമത്സരങ്ങളും കാഴ്ച്ചക്കാര്‍ക്ക് വിരുന്നായിരിക്കും.

ഫൊക്കാനയിലെ ഏറ്റവും ആകര്‍ഷകമായ ബ്യൂട്ടിപേജന്റ്, മലയാളി മങ്ക, സ്‌പെലിഗ് ബി, ടാലന്റ് ഷോ മത്സരങ്ങള്‍ക്കു പുറമേ ചീട്ടുകളി എന്നിവയ്ക്കുള്ള ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇതുകൂടാതെ സാഹിത്യസെമിനാറുകള്‍ ഉള്‍പ്പെട്ട വിവിധ സെമിനാറുകള്‍ നടത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇക്കുറി ഫൊക്കാന 11 പേര്‍ക്കാണ് സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. ആഗോളതലത്തില്‍ നിന്നുള്ള മലയാളി എഴുത്തുകാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പുരസ്‌കാരം.

പ്രമുഖ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത സാഹിത്യ സെമിനാറിനു പുറമെ മാധ്യമസെമിനാര്‍, നഴ്‌സസ് മീറ്റ്, മതസൗഹാര്‍ദ്ദസന്ദേശ സെമിനാര്‍ തുടങ്ങിയ സെമിനാറുകളില്‍ ഈ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നതാണ്. ഇതു കൂടാതെ കണ്‍വെന്‍ഷനിലെ ഏറ്റവും ആകര്‍ഷകമായ ഇനമായ ബാങ്ക്വറ്റ് നെറ്റിനുള്ള ഒരുക്കങ്ങളുടെ അവസാന മിനുക്കുപണിയിലാണ്. രജിസ്‌ട്രേഷനില്‍ അപ്രതീക്ഷിതമായി സംഭവിച്ച വര്‍ധന കണക്കിലെടുത്ത് മുന്‍കൂട്ടി തീരുമാനിച്ചിരിക്കുന്ന ബാങ്ക്വറ്റ് ഹാള്‍ മാറ്റി കണ്‍വെന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാള്‍ ബാങ്കവറ്റിനായി മാറ്റിവയ്‌ക്കേണ്ടി വന്നു.

ബാങ്ക്വറ്റിന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ നടന്നു വരികയാണ്. അതിഥികളെ സ്വീകരിക്കാന്‍ പ്രത്യേകകമ്മിറ്റികളെ രൂപീകരിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു കുറവും വരുത്താതെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള ഒരു കണ്‍വെന്‍ഷനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനു എല്ലാ കമ്മറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി വിലയിരുത്തുന്നുണ്ടെന്നും ഇനി കണ്‍വെന്‍ഷന് എല്ലാവരെയും നേരില്‍ കാണുവാനുള്ള ആവേശമാണ് സഹൃദയരായ ഫിലാഡല്‍ഫിയാക്കാര്‍ക്കുള്ളതെന്നും മാധവന്‍ ബി. നായര്‍ പറഞ്ഞു. എല്ലാ മലയാളിസഹോദരങ്ങളെയും സഹൃദ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ഈ കണ്‍വെന്‍ഷന്‍ ഒരു ചരിത്രസംഭവമാക്കി മാറ്റുവാന്‍ എല്ലാവരുടെയും അനുഗ്രഹം തേടുന്നതായും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More