You are Here : Home / USA News

ലോകത്തിലെ ഏറ്റവും സമര്‍ത്ഥര്‍ മലയാളി തന്നെ: ഫോമാ കണ്‍വന്‍ഷനില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 22, 2018 08:58 hrs EDT

ചിക്കാഗോ: യോഗയുടെ മഹത്വവും ഭാരത സംസ്കാരത്തിന്റെ ഔന്നത്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപദാനങ്ങളും എടുത്തുകാട്ടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ഉദ്ഘാടന പ്രസംഗം ഫോമ കണ്‍വന്‍ഷനില്‍ പുതുമയായി. ഇതേവരെ കോണ്‍ഗ്രസിന്റേയോ, ഇടതുപക്ഷത്തിന്റേയോ നേതാക്കള്‍ മാത്രം സംവദിച്ചിരുന്ന വേദിയിലാണ് ബി.ജെ.പി നേതാവ് തിളങ്ങുന്ന പ്രകടനവുമായി എത്തിയത്. സദസിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ തെളിവെന്നോണം ഒറ്റപ്പെട്ട കൈയ്യടികളാണ് ഉയര്‍ന്നത്.

മലയാളികളുടെ നേട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണു മന്ത്രി പ്രസംഗം തുടങ്ങിയത്. കേരളീയ വേഷത്തിലാണ് നിങ്ങള്‍ വരുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ താനും സ്യൂട്ട് ഒഴിവാക്കുമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ഇതൊരു കേരളമായി തോന്നി. ലോകത്ത് എവിടെ പോയാലും ഏറ്റവും സമര്‍ത്ഥര്‍ മലയാളികളാണ്. യഹൂദന്മാരല്ല. പാര വെയ്ക്കാനും അവര്‍ തന്നെ മുന്നില്‍. ഏതു സാഹചര്യത്തില്‍ പോയും രക്ഷപെടാന്‍ കഴിവുള്ളത് മലയാളികള്‍ക്ക് മാത്രമാണ്.

ഇവിടെയിരിക്കുന്ന നിങ്ങള്‍ ഓരോരുത്തരെപ്പറ്റിയും ഒരു പുസ്തകം എഴുതാന്‍മാത്രം ജീവിതാനുഭവങ്ങളുണ്ടാകും. ഞങ്ങളെപ്പറ്റി എഴുതിയാല്‍ അത് ഒരു പാരഗ്രാഫില്‍ ഒതുങ്ങും.

വേദിയിലുള്ള മോന്‍സ് ജോസഫ് എം.എല്‍എ മന്ത്രി ആയിരിക്കുമ്പോള്‍ റോഡുകള്‍ കേരളത്തില്‍ നിര്‍മ്മിച്ചു കാണിച്ചുതന്ന വ്യക്തിയാണ്. രാജു ഏബ്രഹാം എം.എല്‍.എയും താനും തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാരായിരുന്നു.

തിരക്കിനിടയിലും മൂന്നു ദിവസത്തെ കണ്‍വന്‍ഷനില്‍ വരാനും ഒത്തുചേരലിനുമുള്ള മനസ്സ് നിങ്ങള്‍ക്ക് ഉണ്ടായത് അഭിനന്ദനമര്‍ഹിക്കുന്നു. ലോകത്തിനു മലയാളികള്‍ ഒരുപാട് സന്തോഷം നല്‍കുന്നു.

ഇന്ന് (വ്യാഴം) അന്താരാഷ്ട്ര യോഗാ ദിനമാണ്. എന്താണ് യോഗ? ഞാനും നിങ്ങളും സര്‍വ്വ മനുഷ്യരും ഒന്നാണെന്നതാണ് യോഗയുടെ സന്ദേശം. സന്തോഷം എനിക്കു മാത്രം അവകാശപ്പെട്ടതല്ല. എല്ലാവരുടേയും സന്തോഷം എന്റെ സന്തോഷത്തിന്റെ ഭാഗമാണ്. സന്തോഷത്തെ വെട്ടിമുറിക്കാനാവില്ല. യോഗയുടെഈ സന്ദേശം നടപ്പിലായാല്‍ യുദ്ധവും പട്ടിണിയും ഒന്നുമുണ്ടാവില്ല. 153 രാജ്യങ്ങളില്‍ യോഗാദിനം ആചരിക്കുന്നു.

അതുപോലെ കേരളം നല്‍കിയ സംഭാവനയാണ് ആയുര്‍വേദം. അതിന്റെ അടിസ്ഥാന തത്വവും യോഗയുടേതുതന്നെ. ചികില്‍സ എന്നാല്‍ രാസവസ്തു നിര്‍മ്മാണ ഫാക്ടറിയല്ല.

ഇന്ത്യയെ വില്‍ക്കാനാണ് താന്‍ വന്നിരിക്കുന്നത്. മുമ്പ് ചിലര്‍ വില്പന നടത്തിയപോലെയല്ല, ഇന്ത്യയെ ടൂറിസം രംഗത്ത് മാര്‍ക്കറ്റ് ചെയ്യാനുള്ള റോഡ് ഷോയുമായാണ് താന്‍ വന്നിരിക്കുന്നത്. ഇന്ത്യ പോലെ മറ്റൊരു രാജ്യമില്ല. 7500 മൈല്‍ കടല്‍തീരം, രാജസ്ഥാനിലെ വലിയ കോട്ടകള്‍, മരുഭൂമി, ഹിമാലയത്തിന്റെ 70 ശതമാനം ഇന്ത്യയിലാണ്. ടാജ്മഹല്‍, അതുപോലെ മനോഹരമായ സ്മാരകങ്ങള്‍.എല്ലാം ഉള്ളത് ഇവിടെ മാത്രമാണെന്നു വിദേശികള തന്നെ പറയുന്നു..

നമ്മുടെ 5000 വര്‍ഷത്തെ സംസ്കാരത്തിനു തുല്യമായി മറ്റൊന്നില്ല. ഇന്ത്യയില്‍ വന്നാല്‍ നിങ്ങള്‍ മറ്റൊരാളായി മാറി മടങ്ങിപ്പോകും (ട്രാന്‍സ്‌ഫോം) എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണം 20 ശതമാനം കൂടി. പക്ഷെ ഹര്‍ത്താലും മറ്റും പ്രഖ്യാപിച്ച് ടൂറിസ്റ്റുകളെ ദ്രോഹിക്കണോ എന്നാലോചിക്കണം. പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെ സമീപിച്ചപ്പോള്‍ തമാശ പറയുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എത്ര ഹര്‍ത്താലും സമരവും നടന്നു എന്നതിന്റെ കൃത്യം കണക്ക് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ഇതില്‍നിന്നൊക്കെ നാം മാറണം.

റോഡ് ഷോയ്ക്കിടെ ഒരു അവധി പ്രധാനമന്ത്രി അനുവദിച്ചതുകൊണ്ടാണ് തനിക്ക് വരാനായത്. 19 വര്‍ഷമായി പ്രധാനമന്ത്രി ഒരു അവധി പോലും എടുത്തിട്ടില്ല. അതിനാല്‍ ഈസ്റ്ററിനു മാത്രമാണ് താന്‍ ഒരവധി എടുത്തത്. എപ്പോഴും യാത്ര. സഹികെട്ട് ഭാര്യ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ തന്നെ കിടന്നുകൊള്ളാന്‍. അങ്ങനെയും ചിലപ്പോള്‍ വേണ്ടി വന്നു

ആ മനുഷ്യന്‍ (പ്രധാനമന്ത്രി) രാജ്യത്ത് അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാരില്‍ സുതാര്യത തിരിച്ചുകൊണ്ടുവന്നു. നേരത്തെ സുതാര്യതയുടെ കാര്യത്തില്‍ 146ല്‍143ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. അധികാരമേറ്റ് മാസങ്ങള്‍ക്കകം നമ്മുടെ സര്‍ക്കാര്‍ ഡല്‍ ഹിയില്‍ നിന്നു അഴിമതി തുടച്ചുനീക്കി.

67 മില്യന്‍ ടോയ്‌ലറ്റ് നിര്‍മ്മിച്ചു. ഇപ്പോള്‍ 70 ശതമാനം പേര്‍ക്ക് ടോയ്‌ലറ്റ് ഉണ്ട്. എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്നു. ബാങ്കുകളില്‍ പാവങ്ങള്‍ക്കായി 300 മില്യന്‍ അക്കൗണ്ട് തുറന്നു. രണ്ടുലക്ഷത്തി അറുപതിനായിരം കോടി രൂപ പാവങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് നല്‍കി. 42 മില്യന്‍ കുക്കിംഗ് ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കി. 80 മില്യന്‍ കൂടി നല്‍കും. 100 ശതമാനം പാവപ്പെട്ടവര്‍ക്കും ഹെല്ത്ത് ഇന്‍ഷ്വറന്‍സ്, ലൈഫ് ഇന്‍ഷ്വറന്‍സ് എന്നിവയുണ്ട്. 5 ലക്ഷം വരെ സൗജന്യ ചികിത്സ കിട്ടും.ഇതൊക്കെ ഇന്ത്യ്യിലേ ഉള്ളു.

പണ്ടൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റ് ലോക നേതാക്കളുടെഅടുത്തെത്തുമ്പോള്‍ മൂലയില്‍ പോയി ഇരിക്കുമായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഏതു സദസിലും മുഖ്യ ആകര്‍ഷണകേന്ദ്രമായി മാറുന്നത്. ഇന്ത്യയുടെ അഭിമാനമാണ് അദ്ദേഹം. നിങ്ങളുടെ പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നു മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More