You are Here : Home / USA News

റോണി ജേക്കബ് ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 22, 2018 05:03 hrs UTC

ഹൂസ്റ്റണ്‍: ഫോമയുടെ 2018- 20 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ഹൂസ്റ്റണില്‍ നിന്നും റോണി ജേക്കബ് മത്സരിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ഔദ്യോഗികമായി റോണിയുടെ നേമിനേഷനെ അംഗീകരിച്ചതോടൊപ്പം പിന്തുണയും വാഗ്ദാനം ചെയ്യുകയുണ്ടായി.

ഹൂസ്റ്റണിലെ കലാ-സാംസ്കാരിക മേഖലയില്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി റോണി പ്രവര്‍ത്തിച്ചുവരുന്നു. വിവിധ കലാ സംഘടനകള്‍ രൂപീകരിക്കാനും അതിലൊക്കെ സജീവമായി പങ്കെടുക്കാനും റോണിക്ക് സാധിച്ചിട്ടുണ്ട്. ഒട്ടനവധി സ്റ്റേജ്‌ഷോകള്‍ ഹൂസ്റ്റണില്‍ കൊണ്ടുവരുന്നതിന് പങ്കാളിത്തംവഹിക്കുകയും, അതിലുപരി നിരവധി കമ്യൂണിറ്റി പ്രോഗ്രാമുകള്‍ക്ക് നേതൃത്വംകൊടുക്കുകയും അതുവഴി പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു.

മാഗിന്റെ ആര്‍ട്‌സ് കോര്‍ഡിനേറ്ററായി 2007-ലും പ്രോഗ്രാം കോര്‍ഡിനേറ്ററായി 2017-ലും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, മാഗിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറായി നിലവില്‍ (2018) പ്രവര്‍ത്തിച്ചുവരുന്നു. ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ എല്ലാവിധ പിന്തുണയും ഇതിനോടകം കാഴ്ചവെച്ചിട്ടുണ്ട്.

കലയേയും സംഗീതത്തേയും ഏറെ ഇഷ്ടപ്പെടുന്ന റോണി കൊച്ചിന്‍ കലാഭവനിലെ പ്രഗത്ഭരായ അധ്യാപകരില്‍ നിന്നു ഗിറ്റാറിലും പിയാനോയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അതുപോലെ തന്നെ ചര്‍ച്ച് ക്വയര്‍ മാസ്റ്ററായും, കീബോര്‍ഡിസ്റ്റായും പത്തുവര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്‌നാനായ ഫ്രണ്ട്‌സ് ഓഫ് ഹൂസ്റ്റണ്‍ എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രസിഡന്റായും, "ചന്ദനം' എന്ന ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റായും ഇദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്നു.

ഉത്തരവാദിത്വബോധവും, ഉത്കൃഷഷ്ഠചിന്തയും, സത്യസന്ധമായ പ്രവര്‍ത്തനങ്ങളും ഏതൊരു സംരംഭത്തിന്റേയും വിജയത്തിന് അനിവാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ ലക്ഷ്യം ഐക്യതയിലും പരസ്പര ബഹുമാനത്തിലും നമ്മള്‍ ഒന്നിച്ച് യുവജനങ്ങളെ സജീവമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മലയാളി സമൂഹത്തെ വാര്‍ത്തെടുക്കുകയും, അത് നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച സമൂഹമായി മാറ്റുകയും ചെയ്യുക എന്നുള്ളതാണ്.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ പദവിയില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ താന്‍ നേതൃത്വം കൊടുക്കുകയും, കൂടാതെ ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും റോണി ഉറപ്പു നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.