You are Here : Home / USA News

അന്വേഷണം എടി ആന്റ് ടിയിലേക്കും നീളുന്നു

Text Size  

Story Dated: Friday, May 11, 2018 12:08 hrs UTC

2016 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായോ എന്ന അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കേൽ കോഹൻ ഒരു ഷെൽ കമ്പനി ഹഷ്മണി (വായ് അടയ്ക്കുവാനുള്ള പ്രതിഫലം)യായി ഒരു മില്യണിലധികം ഡോളർ നൽകി എന്നതാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. ധനം ഒഴുക്കിയ കമ്പനികളിൽ ഡാലസ് ആസ്ഥാനമായ ടെലികോം കമ്പനി എടി ആന്റ് ടിയും ഒരു റഷ്യൻ ജനാധിപത്യ പ്രഭുവിന്റെ കമ്പനിയും ഉൾപ്പെട്ടിരുന്നു എന്ന് റിപ്പോർട്ട് പറഞ്ഞു.

പിന്നാലെ വരുന്നത് എടി ആന്റ് ടി വാഷിങ്ടൻ ഡിസിയിൽ നടത്തിയ ലോബിയിങ്ങിനു വേണ്ടി ചെലവഴിച്ച ഡോളറുകളുടെയും കഥകളാണ്. ക്യാപ്പിറ്റോളിൽ ലോബിയിങ് നടത്തുന്ന വ്യവസായ അതികായകന്മാരിൽ എടി ആന്റ് ടി പ്രമുഖ സ്ഥാനം വഹിക്കുന്നു എന്ന വിവരവും ഇപ്പോൾ ജനങ്ങൾ അറിയുന്നു. നികുതി ഇളവുകൾ, മറ്റൊരു വ്യവസായ ഭീമനായ ടൈം വാർണറുമായുള്ള ലയനം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് എടി ആന്റ് ടി നടത്തിയ ചെലവുകൾ ഇങ്ങനെ ചെലവഴിക്കുന്ന വ്യവസായങ്ങളുടെ മുന്നിലേയ്ക്കു കമ്പനിയെ എത്തിച്ചു.

കോഹനുമായി ഒരു കൺസൽട്ടിങ് കോൺട്രാക്ട് എടി ആന്റ് ടിക്ക് ഉണ്ടായിരുന്നു. പുതിയ ഭരണ കൂടത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഉൾക്കാഴ്ച നൽകുവാനായിരുന്നു കോഹനുമായി ഉടമ്പടി ഉണ്ടാക്കിയതെന്ന് എടി ആന്റ് ടി പറയുന്നു. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ സ്പെഷൽ കൗൺസൽ മ്യൂള്ളറുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നൽകി എന്ന് കമ്പനി പറയുന്നു. ഡിസംബർ അവസാനത്തോടെ കോഹനുമായുള്ള കോൺട്രാക്ട് അവസാനിച്ചു എന്നും അതിനുശേഷം കോഹന്റെ സേവനം തേടിയിട്ടില്ല എന്നും കൂട്ടിച്ചേർത്തു.

വളരെ വലിയ തുക പ്രതിഫലമായി ഉണ്ടാക്കിയ കരാറിൽ ലോബിയിങ്ങോ നിയമോപദേശമോ ഉണ്ടായിരുന്നില്ല എന്ന് എടി ആന്റ് ടി വിശദീകരിക്കുന്നു. എന്നാൽ ഭരണപരമായ നയങ്ങളിൽ പ്രത്യേക താൽപര്യം ഉണ്ടാവുമ്പോൾ രാഷ്ട്രീയ സംവിധാനങ്ങളിലെ കമ്പനിയുടെ നിക്ഷേപം ഇതു വ്യക്തമാക്കുന്നു.

പത്തോ മുപ്പതോ വർഷത്തിൽ സംഭവിക്കുന്ന നികുതി നിയമ ഭേദഗതിയും നെറ്റ് ന്യൂട്രാലിറ്റി നിയമത്തിൽ വരുത്തിയ മാറ്റവും ഇതിനെല്ലാമുപരി ടൈം വാർണറുമായുള്ള 108.7 ബില്യൺ ഡോളറിന്റെ ലയനത്തിൽ ജസ്റ്റീസ് ഡിപ്പാർട്ടുമെന്റുമായി ഇടയേണ്ടി വന്നതുമെല്ലാം എടി ആന്റ് ടിക്ക് ഭരണകൂടത്തിന്റെ സഹായം അത്യന്താപേക്ഷിതമാക്കി.

വാഷിങ്ടനിൽ തികച്ചും രൂഢമായ കീഴ്‍വഴക്കങ്ങൾക്ക് അതീതനായി പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റിന്റെ മനസ്സറിയാൻ വ്യവസായ ഭീമന്മാർ മത്സരിക്കുകയാണ്. അദ്ദേഹം എപ്പോൾ എന്ത് എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ നിങ്ങൾ എന്തിനും തുനിഞ്ഞേക്കും. ഒരു സ്വതന്ത്ര സംഘടനയായ ടെക് ഫ്രീഡത്തിന്റെ പ്രസിഡന്റ് ബെറിൻ സോക്ക പറയുന്നു. ഒരു പക്ഷെ വളരെ മോശവും നിലവാരം ഇല്ലാത്തതുമാണെങ്കിൽ പോലും നിങ്ങൾ അദ്ദേഹത്തെ അടുത്തറിയുന്നവരുടെ അടുത്ത് പോകും, സോക തുടർന്ന് പറയുന്നു.

എ ടി ആന്റ് ടിയുടെ ഫെഡറൽ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രണ്ട് പാർട്ടികളുടെ സ്ഥാനാർത്ഥികൾക്കും കൈ അയച്ച് സംഭാവന നൽകുന്നു. ലോബിയിംഗിനുവേണ്ടി 2011 ൽ 20 മില്യൻ ഡോളർ നൽകി. 2017 ൽ 16.78 മില്യൻ ഡോളറും. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഏറ്റവും കൂടുതൽ ധനം നൽകിയത് 2010 ലാണ്. 3 മില്യൻ ഡോളറിൽ അധികം 2016 ൽ ഏതാണ്ട് 2.75 മില്യൻ ഡോളർ നൽകി. ഈ വർഷം ഇതുവരെ 1.9 മില്യൻ ഡോളറാണ് നൽകിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.