You are Here : Home / USA News

നാഫാ അവാര്‍ഡ് മഞ്ജു വാര്യര്‍, ദുല്‍ഖര്‍, ഫഹദ്, പാര്‍വതി എന്നിവര്‍ക്ക്; താരനിശ ജൂലൈ 1-ന് ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Friday, May 11, 2018 02:19 hrs UTC

നാഫാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറെ പുതുമകളുമായി താരനിശ ജൂലൈ 1-ന് ന്യൂയോര്‍ക്കിലും, 2 -ന് കാനഡയിലെ ടൊറന്റോയിലും. കേരളത്തില്‍ നിന്ന് മുപ്പത്തഞ്ചോളം സിനിമാ താരങ്ങളും, സംവിധായകരും അണിയറ പ്രവര്‍ത്തകരും.

ഹൂസ്റ്റണ്‍: കേരളത്തില്‍ നടന്ന 'അമ്മ' മെഗാഷോ കഴിഞ്ഞാല്‍ മലയാള സിനിമാ ചരിത്രത്തിലെ അതിബഹൃത്തായ താരനിശയ്ക്ക് ന്യൂയോര്‍ക്ക് വേദിയാകും. ആറായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന ക്യൂന്‍സിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി കാര്‍ണസെക്ക അരീനയില്‍ ആദ്യമായി ലേസര്‍ഷോയുടെ അകമ്പടിയോടെ ആയിരിക്കും താരനിശ വിരിയുക. ഇത് അമേരിക്കന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നു ഷോയുടെ സംഘാടകരായ സജി ഹെഡ്ജും, നാഫാ പ്രസിഡന്റ് ഫ്രീമു വര്‍ഗീസും പ്രസ്താവിച്ചു.

നാഫാ അവാര്‍ഡ്ദാന ചടങ്ങിനെക്കുറിച്ച് വിശദീകരിക്കാന്‍ നാഫയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ ഹൂസ്റ്റണില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

ഇന്ത്യാ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്ററാണ് പത്രസമ്മേളനം ഒരുക്കിയത്. നാഫയുടെ മൂന്നാമത്തെ ഈ അവര്‍ഡ് നിശയ്ക്ക് ന്യൂയോര്‍ക്കില്‍ ആതിഥ്യമരുളുന്നത് സജിയുടെ നേതൃത്വത്തിലുള്ള ഹെഡ്ജ് ന്യൂയോര്‍ക്ക് ആണ്.

അനേകം സിനിമകള്‍ നിര്‍മ്മിക്കുകയും, അഭിയനത്തിലൂടെയും, മലയാള സിനിമാരംഗത്ത് കാലുറപ്പിച്ച ഫ്രീഡിയ എന്റര്‍ടൈന്‍മെന്റിന്റെ സാരഥിയാണ് ഡോ. ഫ്രീമു വര്‍ഗീസ്.

അമേരിക്കയിലെ റിയല്‍എസ്റ്റേറ്റ് വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിജോ വടക്കനാണ് നാഫയുടെ മറ്റൊരു അമരക്കാരന്‍. പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ആനി ലിബു ആണ് നാഫാ താരനിശയുടെ സംഘാടക.

മുന്‍നിര അഭിനേതാക്കളായ മഞ്ജു വാര്യര്‍, ദുര്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, സുരാജ് വെഞ്ഞാറമൂട്, സിരഭി ലക്ഷ്മി, ടൊവിനോ തോമസ്, അനുശ്രീ, രചന നാരായണന്‍കുട്ടി, ബാലചന്ദ്രമേനോന്‍, ശാന്തികൃഷ്ണ തുടങ്ങിയ ചലച്ചിത്രതാരങ്ങളും, പിന്നണി പ്രവര്‍ത്തകരും, സംവിധായകരും അടക്കം മുപ്പത്തഞ്ചോളം സിനിമാ പ്രവര്‍ത്തകര്‍ വേദി പങ്കിടും.

മുന്‍ താരനിശകളില്‍ നിന്നു വ്യത്യമായി ഹോട്ടല്‍ പാക്കേജ്, പിക്ക് അപ് സര്‍വീസ് എന്നിവയും കാണികള്‍ക്കായി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു സജി അറിയിച്ചു. അമേരിക്കയിലെ വിവിധ സിറ്റികളില്‍ നിന്നു ഷോ കാണാനെത്തുന്നവര്‍ സംഘാടകരുമായി ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

അമേരിക്കയില്‍ നിന്നും കേരളത്തില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ജൂറി പാനലാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ഗായകനും സംഗീതസംവിധായകനുമായ ഗോപീസുന്ദറിന്റെ നേതൃത്വത്തില്‍ വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ സംഗീതസന്ധ്യയും, നവ്യനായര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരുടെ നൃത്തങ്ങളും താരനിശയ്ക്ക് കൊഴുപ്പേകും.

രമേഷ് പിഷാരടി, മിഥുന്‍ രമേഷ്, പൂര്‍ണ്ണിമ ഇന്ദ്രജിത് എന്നിവര്‍ സ്റ്റേജ് നിയന്ത്രിക്കുമ്പോള്‍ ഷോ സംവിധാനം ചെയ്യുന്നത് നീരജ് മാധവ് ആയിരിക്കും.

ഹൂസ്റ്റണ്‍ കേരളാ ഹൗസില്‍ നടന്ന പത്രസമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് തുമ്പമണ്‍, ഐ.പി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര, നാഷണല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, പ്രസിഡന്റ് ഇലക്ട് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ സംബന്ധിച്ചു.

By: അനില്‍ ആറന്മുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.