You are Here : Home / USA News

ഭാരത് ബോട്ട് ക്ലബ്ബിൻ്റെ കുടുംബ സംഗമം വൻ വിജയമായി.

Text Size  

Story Dated: Wednesday, May 02, 2018 06:46 hrs UTC

ന്യൂ യോർക്ക് : വള്ളം കളിയെ നെഞ്ചിലേറ്റിയ ന്യൂ യോർക്കിലെ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിൻ്റെ വാര്‍ഷിക കുടുംബ സംഗമം വെസ്റ്റ്‌ ന്യായക്കിലുള്ള ക്ലാര്‍ക്സ് ടൌണ്‍ റിഫോംഡ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കുകയുണ്ടായി.

നന്ദന കൃഷ്ണരാജും രേവതി സെന്നും ചേർന്ന് വന്ദേ മാതരം ആലപിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. രോഹിത് രാധാകൃഷ്ണൻ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു.

സെക്രട്ടറി വിശാൽ വിജയൻ സ്വാഗതം ആശംസിക്കുകയും ഭാരത് ബോട്ട് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ കുഞ്ഞുപിള്ള, തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ വർഷം ബി.ബി.സി. പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന മത്സര വള്ളംകളികളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി.

പ്രസിഡൻറ് രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ഉപദേശക സമിതി അധ്യക്ഷൻ പ്രൊഫ. ജോസഫ് ചെറുവേലിൽ, മുഖ്യാതിഥിയും പ്രധാന സ്പോൺസറുമായ ശ്രീ ജെയിൻ ജേക്കബ്, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ള, ടീം ക്യാപ്റ്റൻ ശ്രീ ചെറിയാൻ വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ഉപദേശക സമിതി അധ്യക്ഷൻ പ്രൊഫ. ജോസഫ് ചെറുവേലിൽ തൻ്റെ ആശംസാ പ്രസംഗത്തിൽ ഓരോ കുട്ടനാട്ടുകാരൻ്റെയും ഹൃദയത്തിൽ വഞ്ചിപ്പാട്ടിൻ്റെ ഈണമുണ്ടെന്നും അത് കേൾക്കുമ്പോൾ പ്രായാധിക്യത്തിലും താൻ ആവേശഭരിതനായിത്തീരാറുണ്ടെന്നും പറഞ്ഞു.

ക്ലബ്ബിൻ്റെ രക്ഷാധികാരിയും അക്കൗണ്ടിംഗ് സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീ ജെയിൻ ജേക്കബ്ബിനെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഈ ക്ലബ്ബിനുവേണ്ടി ചെയ്യുന്ന സഹായസഹകരണങ്ങൾ വളരെ വലുതാണെന്ന് ജയപ്രകാശ് നായർ പറഞ്ഞു.

മഞ്ജു ഹരീഷ്, ഹരീഷ് മുരളീധരൻ, ഫ്രാൻസിസ് കെ. എബ്രഹാം, ജോൺ കുസുമാലയം, സുജിത് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നയന സുജിത്, സ്നേഹ ബാബുരാജ്, അഞ്ജലി, കാവ്യ, ജാൻവി, സോന, അഞ്ജന, റുഹാനിക, ആര്യ, ശ്രേയ, കീർത്തന സുജിത്, ശിൽപ്പ രാധാകൃഷ്ണൻ, സോണിയ എന്നിവർ വിവിധങ്ങളായ നൃത്ത നൃത്യങ്ങൾ അവതരിപ്പിച്ചു. മാളവിക പണിക്കരുടെ നൃത്തം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രഭാ ഹരിയുടെയും സംഘത്തിൻ്റെയും നൃത്തങ്ങളും എടുത്തു പറയത്തക്കതായിരുന്നു.

ടീം ക്യാപ്റ്റൻ ചെറിയാൻ വർഗീസ്, ഭാരത് ബോട്ട് ക്ലബ്ബ് ടീം ഏതു മത്സര വള്ളം കളിയിലും പങ്കെടുക്കാൻ സുസജ്ജമാണെന്ന് പറഞ്ഞു.

പതിമ്മൂന്നു മാരത്തോണുകൾ ഓടിയിട്ടുള്ള ക്ലബ്ബ് മെമ്പർ കൂടിയായ ശ്രീ ഇന്ദുചൂഡൻ പണിക്കർ കൈവരിച്ച നേട്ടങ്ങൾ കണക്കിലെടുത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഉപദേശക സമിതി അധ്യക്ഷൻ പ്രൊഫ. ജോസഫ് ചെറുവേലിയും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചാദരിച്ചു.

കൊച്ചു കുട്ടികൾ പ്രച്ഛന്ന വേഷത്തിൽ വേദിയിൽ എത്തിയപ്പോൾ ആളുകൾ ഹർഷാരവത്തോടെയാണ് അവരെ സ്വീകരിച്ചത്. പ്രൊഫസർ ചെറുവേലിയുടെ നിർദ്ദേശപ്രകാരമാണ് കൊച്ചുകുട്ടികളുടെ പ്രച്ഛന്ന വേഷം അരങ്ങത്തു കൊണ്ടുവന്നത്. ഒരു മത്സരം ആയിരുന്നില്ലെങ്കിലും പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനം നൽകി.

രോഹിത് രാധാകൃഷ്ണനും സംഘവും ചേർന്ന് അവതരിപ്പിച്ച പാശ്ചാത്യ സംഗീതവും തുടർന്ന് അവരുടെ താളത്തിനൊത്തു രാധാകൃഷ്ൻ കുഞ്ഞുപിള്ളയും സംഘവും നാടൻ പാട്ട് ആലപിച്ചതും ഏവർക്കും ഹരമായി. വിശ്വനാഥൻ കുഞ്ഞുപിള്ളയും സംഘവും ആലപിച്ച വഞ്ചിപ്പാട്ടിനോടൊപ്പം ശ്രോതാക്കളും ചേർന്ന് പാടിയപ്പോൾ ഒരു മത്സര വള്ളം കളിയുടെ ആരവം അവിടെ മുഴങ്ങി.

റാഫിൾ ടിക്കറ്റുകൾ വിറ്റുകൊണ്ട് കുറച്ചു ഫണ്ട് സമാഹരിക്കാൻ സഹായിച്ചത് ഗിരിജ വിശ്വനാഥനും സംഗീത രാധാകൃഷ്ണനുമായിരുന്നു.

എം.സി. മാരായി ജയപ്രകാശ് നായരും അഞ്ജു ദേവും പ്രവർത്തിച്ചു. ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ കൃതജ്ഞതാ പ്രസംഗത്തിന് ശേഷം ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ സംഗമത്തിനു തിരശ്ശീല വീണു.

By: ജയപ്രകാശ് നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.