ഡാലസ് ∙ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനും ശ്രേഷ്ഠ രക്തസാക്ഷിയുമായ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മേയ് 4, 5, 6 (വെള്ളി, ശനി, ഞായർ) തീയതികൾ വിവിധ ആധ്യാത്മിക പരിപാടികളോടെ നടത്തുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. സക്കറിയാ മാർ അപ്രേം തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. ഡാലസിലുള്ള എല്ലാ ഓർത്തഡോക്സ് ഇടവക വികാരിമാരും ദേശത്തു പട്ടക്കാരും സഹകാർമ്മികരായിരിക്കും.
മേയ് 4 വെള്ളിയാഴ്ച 7 ന് സന്ധ്യാ നമസ്കാരവും ദൈവവചന പ്രഘോഷണവും മേയ് 5 ശനിയാഴ്ച 6.30 ന് സന്ധ്യാനമസ്കാരവും ദൈവവചന പ്രഘോഷണവും വർണ്ണശബളവും ആധ്യാത്മികനിറവും ആഘോഷപരവുമായ പ്രദക്ഷിണവും വാഴ്വും നേർച്ച വിളമ്പും മേയ് 6 ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരവും ബിഷപ് ഡോ. മാർ അപ്രേം തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പ്രദക്ഷിണവും വാഴ്വും, കൈമുത്തും, നേർച്ച വിളമ്പും, പെരുന്നാൾ സദ്യയും ഉണ്ടായിരിക്കും.
നോർത്ത് ടെക്സാസിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ ഇവിടെ സഭാ വ്യത്യാസം കൂടാതെ നാനാ ജാതി മതസ്ഥരായ നാട്ടുകാരുടെ സഹകരണത്തോടെ ഓരോ വർഷവും ഈ പെരുന്നാൾ അനേകർക്ക് അനുഗ്രഹപ്രദമായി നടത്തുന്നു. ഇതു ദേശത്തിന്റെ ഒരു ഉത്സവം എന്ന രീതിയിൽ പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഏപ്രിൽ 29 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം 11.30 ന് ഇടവക വികാരി ഫാ. തമ്പാൻ വർഗീസ് കൊടിയേറ്റ് നടത്തും. പെരുനാൾ പരിപാടികളുടെ അനുഗ്രഹ പൂർണ്ണമായ നടത്തിപ്പിന് ഇടവക മാനേജിങ് കമ്മറ്റിയുടെയും വിവിധ ആധ്യാത്മീക സംഘടനകളുടെയും സംയുക്ത നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
പെരുനാളിലേക്കു എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി ഫാ. തമ്പാൻ വർഗീസ്, ട്രസ്റ്റി സ്മിതാ ഗീവർഗീസ്, സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
By: ഷാജി രാമപുരം
Comments