You are Here : Home / USA News

മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് എന്‍ബിഎ ആസ്ഥാനത്ത് ഊഷ്മള സ്വീകരണം

Text Size  

Story Dated: Monday, April 16, 2018 03:47 hrs UTC

ജയപ്രകാശ് നായര്‍ 

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സഭയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ ന്യൂയോര്‍ക്കിലെത്തിയ കേരള ഫിഷറീസ് ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിങ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും സംഘത്തിനും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ (എന്‍‌ബി‌എ) ഊഷ്മള സ്വീകരണം നല്‍കി.

കേരളത്തില്‍ ലോ കോസ്റ്റ് ഹൗസിങ് പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് മന്ത്രിയും സംഘവും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് എത്തിയത്. ഭര്‍ത്താവ് തുളസീധരക്കുറുപ്പ് (മുന്‍ ചെയര്‍മാന്‍ CPAC), കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഐഎഎസ് എന്നിവര്‍ ഏപ്രില്‍ 10 ചൊവ്വാഴ്ച്ച വൈകിട്ട് 7 നു നായര്‍ ബനവലന്റ് അസോസിയേഷന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. അസ്സോസിയേഷൻ പ്രസിഡന്റ് കരുണാകരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മന്ത്രിക്കും സംഘത്തിനും സ്വീകരണം നല്‍കി ആദരിച്ചു.

എന്‍ബിഎ. യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് പിള്ള മന്ത്രിയെയും സംഘത്തെയും സദസ്സിനു പരിചയപ്പെടുത്തി. പ്രസിഡന്റ് കരുണാകരന്‍ പിള്ള സ്വാഗതം ആശംസിക്കുകയും മന്ത്രിയുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഓഖി ദുരന്ത സമയത്ത് അവസരോചിതമായ നടപടികളിലൂടെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുവാന്‍ ഒരു പരിധിവരെ കഴിഞ്ഞു എന്നും പറഞ്ഞു.

മന്ത്രിയും സംഘവും തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയിലും എന്‍ബിഎയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിലുള്ള സന്തോഷം എന്‍ബിഎ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍വനജ നായര്‍ ആശംസാ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

എന്‍ബിഎയുടെ മുന്‍ സെക്രട്ടറി പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഇനിയും നേട്ടങ്ങള്‍ കൊയ്ത് ഉയരങ്ങളിലെത്തട്ടേ എന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യം ഐഎഫ്എസ്. നേടിയെങ്കിലും അതു നിരസിച്ച് വീണ്ടും പരീക്ഷ എഴുതി ഐഎഎസ് നേടിയ ഡോ. എസ്. കാര്‍ത്തികേയനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന പിന്തുണയും ഭര്‍ത്താവ് തുളസീധരക്കുറുപ്പിന്‍റെ പ്രോത്സാഹനവും സഹകരണവുമെല്ലാം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇടയാക്കട്ടേ എന്നും ആശംസിച്ചു.

എന്‍എസ്എസ്. വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് തന്‍റെ ആശംസാ പ്രസംഗത്തില്‍ പുതിയ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതും ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിശദീകരിച്ചു. നോക്കുകൂലി നിര്‍ത്തലാക്കിയതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട്‌ പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്‍എസ്എസ്. എന്നും സമദൂരം ആണെന്നും ആരു നല്ലതു ചെയ്താലും അതിനെ പിന്തുണക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎച്ച്എന്‍.എ ട്രഷറര്‍ വിനോദ് കെയാര്‍കെ ആശംസാ പ്രസംഗം നടത്തി. നന്ദി പ്രകാശനം നടത്തിയ എന്‍ബിഎ വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍, എന്‍ബിഎ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. നാട്ടില്‍ നടത്താന്‍ പോകുന്ന കലാവേദിയുടെ സമ്മേളനത്തിലേക്ക് മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു.

ഇവിടെ വരാനും നാട്ടിലെ ആചാരങ്ങളും മാമൂലുകളും പിന്തുടരുന്ന നായര്‍ പ്രസ്ഥാനത്തിന്‍റെ ഭാരവാഹികളുമായി സംവദിക്കാന്‍ സാധിച്ചതിലുമുള്ള ചാരിതാര്‍ത്ഥ്യം മന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പങ്കുവെച്ചു. ഭരണരംഗത്ത്‌ ഒരു വേര്‍തിരിവും ആരോടും കാണിക്കാതെ എല്ലാവരോടും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് തങ്ങളുടെതെന്നും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും ആരാധനാ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് നാട്ടില്‍ വന്നു താമസിക്കാനുള്ള ആഗ്രഹം മനസ്സിലാക്കുന്നുവെന്നും സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഫ്ലോറിഡയില്‍ റിട്ടയര്‍മെന്‍റ് ഹോം ഉണ്ടാക്കുന്നതുപോലെ നമ്മുടെ നാട്ടിലും ഉണ്ടാക്കുവാനുള്ള ശ്രമം ആരംഭിക്കണമെന്നും കൊല്ലം ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ ഐഎഎസ് അഭിപ്രായപ്പെട്ടു.

ഭര്‍ത്താവ് തുളസീധരക്കുറുപ്പ് മന്ത്രിയെ അനുഗമിച്ചത് പെട്ടെന്ന് മന്ത്രിക്കുണ്ടായ ചില ദേഹാസ്വാസ്ഥ്യം കൊണ്ടാണെന്നും എന്നാല്‍ വരാതിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നുവെന്നും പ്രവാസികളുടെ സ്നേഹവും സന്തോഷവും അനുഭവിക്കാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമായി എന്നും അദ്ദേഹം തന്റെ മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.