You are Here : Home / USA News

ഓംകാരം സംഘടിപ്പിച്ച "കേരള എക്‌സ്പ്രസ്സ്" കാണികള്‍ക്കു ഒരു ദൃശ്യവിരുന്നായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 09, 2018 03:21 hrs UTC

സെയിന്റ്‌ലൂയിസ്, മിസോറി: മാര്‍ച്ച് 31-നു ജോണ്‍ബറോസ് സ്കൂളിലെ അതിബൃഹത്തായ ഹാര്‍ട്ടര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓംകാരം സംഘടിപ്പിച്ച "കേരള എക്‌സ്പ്രസ്സ്" എന്ന പരിപാടിയില്‍ നാനൂറില്‍ അധികംകലാസ്വാദകര്‍ ഒത്തുചേര്‍ന്നു. ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെകലാരൂപങ്ങള്‍ കേരളത്തിന് സ്വന്തമായുണ്ട്. അവയില്‍ പ്രധാനമായ കഥകളി, തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, സോപാനം, തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം, പുലികളി, തുമ്പിതുള്ളല്‍ എന്നിവ കോര്‍ത്തിണക്കിയ പരിപാടിയായിരുന്നു കേരള എക്‌സ്പ്രസ്സ്. ശംഖനാദത്തിന്റെ അകമ്പടിയോടെ നിലവിളക്ക് കൊളുത്തി, നാരായണീയ ശ്ലോകംചൊല്ലി പരമ്പരാഗത രീതിയില്‍പരിപാടികള്‍ ആരംഭിച്ചു. ക്ഷേത്രകലകള്‍ അവതരിപ്പിക്കാന്‍ തക്കവണ്ണം വേദിസജ്ജമാക്കാന്‍ ഓംകാരം പ്രവര്‍ത്തകര്‍ നിര്‍മിച്ച അമ്പലത്തിന്റെ മാതൃക ജനശ്രദ്ധ ആകര്‍ഷിച്ചു. അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നുംഎത്തിച്ചേര്‍ന്ന 60 -ഓളം അനുഗ്രഹീതകലാകാരന്‍മാര്‍ വേദിയില്‍അണിനിരന്നു. താളാസ്വാദകരെ ഹരംകൊള്ളിച്ചുകൊണ്ട ്ആദ്യമായി ചിക്കാഗോകലാക്ഷേത്ര ചെണ്ടമേളം അവതരിപ്പിച്ചു. കൂടാതെ അജികുമാര്‍ സോപാനസംഗീതരൂപത്തില്‍ ആലപിച്ച 'പശ്യതിദിശിദിശി' എന്ന ജയദേവകൃതി വളരെ ഹൃദ്യമായിരുന്നു. തുടര്‍ന്ന് വൃന്ദസുനിലിന്റെ നേതൃത്വത്തില്‍ നാട്യാലയ സ്കൂള്‍ ഓഫ് ആര്‍ട്‌സ് (ഇന്ത്യനാ പോളിസ്), കഥകളിയും മോഹിനിയാട്ടവും കൂട്ടിയിണക്കി അവതരിപ്പിച്ച കൃഷ്ണലീലയിലെ 'കാളിയമര്‍ദ്ദനം' ഒരുവേറിട്ട അനുഭവമായിരുന്നു. കൂടാതെ സ്വാതിതിരുനാളിന്റെ കലാജീവിതം ആസ്പദമാക്കിയുള്ള നൃത്തനാടകാവിഷ്കാരം അതിമനോഹരമായി അവതരിപ്പിച്ച ഇവര്‍ കാണികളുടെ ഹൃദയംകവര്‍ന്നു. ഉത്തരമലബാറിന്റെ സ്വന്തംകലാരൂപമായ തെയ്യം അതിന്റെ തനതുശൈലിയില്‍ അവതരിപ്പിച്ചുകൊണ്ട് സോനാ നായരുടെ നാട്യകല ഡാന്‍സ് ഗ്രൂപ്പ് (മിന്നിയപോളിസ്) നമ്മുടെ വൈവിധ്യങ്ങളെ ഓര്‍മപ്പെടുത്തി. അതിനുശേഷം പ്രതിഭ സുധീറും സംഘവും (നാട്യപതാഞ്ജലി സ്കൂള്‍ഓഫ് ഡാന്‍സ്, സെയിന്റ്‌ലൂയിസ്) കാഴ്ചവെച്ച 'ജഗന്മോഹനനും മഹാബലിയും' എന്ന നൃത്താവിഷ്കാരം ഗൃഹാതുരത്വംതുളുമ്പുന്ന ഓണത്തിന്റെ ഓര്‍മ്മകള്‍ഉണര്‍ത്തി. കലാക്ഷേത്രയുടെ അതിഗംഭീരമായ പഞ്ചവാദ്യത്തോടെ മൂന്ന് മണിക്കൂര്‍നീണ്ടുനിന്ന പരിപാടികള്‍ക്ക് തിരശീലവീണു. സെയിന്റ്‌ലൂയിസില്‍ കഴിഞ്ഞ12വര്‍ഷമായി വിവിധ സാമൂഹിക സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വംനല്‍കി വരുന്ന ഒരുസംഘടനയാണ് ഓംകാരം. ഓണം, വിഷു എന്നിവ കൂടാതെ പതിനൊന്നു വര്‍ഷമായി നടത്തിവരുന്ന മലയാളം സ്കൂള്‍, വാര്‍ഷിക പതിപ്പായ ഗീതാഞ്ജലി, സെയിന്റ്‌ലൂയിസ് വള്ളംകളി, ജ്ഞാനദീപം, കാലകൃതി, പിക്‌നിക്, ആനിവേഴ്‌സറി ആഘോഷിച്ചുവരുന്നു. അതിനുപുറമെ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചിലകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമെന്നോണം ഒരു തുക നല്‍കിവരുകയും ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി info@ohmkaram.org ബന്ധപെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.