You are Here : Home / USA News

ആരോപണവിധേയർക്കെതിരെ നടപടി അനിവാര്യം

Text Size  

Story Dated: Friday, March 16, 2018 11:59 hrs UTC

കാലിഫോര്‍ണിയ: മതപുരോഹിതർ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പതാകവാഹകരായിരിക്കണം. ഏതു മതസംഘടകളുടെയും അടിസ്ഥാനലക്ഷ്യങ്ങളിൽ അത്യന്താപേക്ഷിതമായ ചിലതുമാത്രമാണ് സ്നേഹം, കരുണ, ക്ഷമ എന്നിത്യാദിയായ സൽഗുണങ്ങൾ. എണ്ണിപ്പറഞ്ഞുപോയാൽ നല്ലതിന്റെ പട്ടിക അവസാനിക്കുകയില്ല. അല്ലെങ്കിൽ അവസ്സാനിക്കരുത്. എന്നാൽ, മതപ്രസ്ഥാനങ്ങളുടെ സമസ്തമേഖലകളിലും കുത്തകാധികാരവും അതിരുവിട്ട സാമ്പത്തിക വ്യവഹാരങ്ങളും പിടിമുറുക്കുന്നു എന്ന അപ്രിയസത്യം അത്യന്തം ഹൃദയവേദനയോടെയാണ് നമ്മൊളോരോരുത്തരും ഇന്നാളുകളിൽ കേട്ടുകൊണ്ടിരിക്കുന്നത്.

സിറോ മലബാർ ലയിറ്റിസ് ഫോർ ജസ്റ്റിസ് എന്ന കാലിഫോർണിയയിൽ സ്ഥാപിതമായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയെന്ന നിലയിൽ, സാൻ ഫ്രാൻസിസ്‌കോ സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ അടുത്തകാലത്തുണ്ടായ ക്രൈസ്തവബോധമണ്ഡലങ്ങളെ ഞെട്ടിക്കുന്ന അധികാരവർഗ്ഗത്തിന്റെ ചില ദുഷ്പ്രവൃത്തികൾ എനിക്ക് നേരിൽ അനുഭവിച്ചറിയാൻ ഇടയായതാണ്‌ ഈ കുറിപ്പിന് ആധാരം. ഇടവകാധികാരികളുടെ തൻപ്രമാണിത്വത്തിനും ധൂർത്തിനും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെതിരെ ഇടവകസമൂഹത്തിൽ ഫലപ്രദമായ തരത്തിൽ ഇടപെടലുകൾ നടത്തിയ മൂന്ന് ഇടവകക്കാർക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തി അധിക്ഷേപിച്ച് ഒടുക്കം മനസ്സറിയാത്ത തെറ്റുകൾ ചുമത്തി വക്കിൽ നോട്ടീസിന്റെ രൂപത്തിൽ ഭീഷണിപ്പെടുത്തുകയുണ്ടായി. ഇടവകയിലെ നല്ലവരായ ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തിൽ ഫലപ്രദമായി നിരവധി സമരമാർഗ്ഗങ്ങൾ സിറോ മലബാർ ലയിറ്റിസ് ഫോർ ജസ്റ്റിസ് എന്ന സംഘടയുടെ സാരഥ്യത്തിൽ നടത്തപ്പെടുകയുമുണ്ടായി. സമയബന്ധിതമായി സിറോ മലബാർ ലയിറ്റിസ് ഫോർ ജസ്റ്റിസ് പ്രശ്നത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ പൊതുപ്പണമുപയോഗിച്ച് ഈ ഇടവക്കാരെ കേസിൽ കുടുക്കുന്നതിന് വരെ മടിക്കില്ലായിരുന്നു എന്നതാണ് വരികൾക്കിടയിൽ വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

 

സംഘടനയും മറ്റുള്ള ഇടവക്കാരും ഇടവകാ രൂപതാധികാരികളുമായി നിരവധിയായ ചർച്ചകൾ നടത്തിയിട്ടും കാര്യങ്ങളുടെ നിജസ്ഥിതി വേണ്ടപ്പെട്ടവർക്ക് ബോധ്യമായിട്ടും ആരോപണവിധേയർ ഇന്നും അധികാരക്കസേരകളിൽ നിർലജ്ജം അമർന്നിരിക്കുകയാണ്. നാളിതുവരെയുള്ള ജിവിതയാത്രയിൽ നിരവധിയായ വന്ദ്യപുരോഹിതരുടെ സഹയാത്രികനും സുഹൃത്തുമാവാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. എന്നാൽ ചില പുഴുക്കുത്തുകൾ സഭയുടെ എല്ലാ മേഖലകളിലും തന്നെ അവരുടെ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന ഈ അവസരത്തിൽ, അടിയന്തിരമായി ചിക്കാഗോ സിറോ മലബാർ രൂപത, തിരുത്തലുകലുകൾക്ക് തയ്യാറാകണമെന്ന് ഞാൻ തുടർന്നും അഭ്യർത്ഥിക്കുകയാണ്. അല്ലാത്തപക്ഷം ഇടവകസമൂഹത്തിന് ഇന്നുവരെയേറ്റ മുറിവിന്റെ ആഴം ഇനിയും വർദ്ധിക്കുവാൻ നിരുത്തരവാദപരമായ ഈ മൗനം കാരണമാവും എന്ന് വേദനയോടെ പറയാൻ ഈ അവസരം ഞാൻ ഉപയോഗിക്കുകയാണ്.

ഈ അമാന്തം ആത്മഹത്യാപരമാണ്. പൊളിച്ചടുക്കലുകൾ മുകളിൽനിന്നു തന്നെ തുടങ്ങട്ടെ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകരായ പുരോഹിതർ സഭയെയും ഇടവകകളെയും നയിക്കട്ടെ. തെറ്റുകൾ ചൂണ്ടികാണിക്കുമ്പോൾ അത് സഭയ്ക്കും ദൈവത്തിനുമെതിരെയാണ് എന്ന സാമാന്യവൽക്കരണത്തിലും കുപ്രചരണങ്ങളിലും അപവാദപ്രചരങ്ങളിലും വീണുപോവാതെ സത്യത്തിനുവേണ്ടി ഇന്നും നിലകൊള്ളുന്ന പ്രിയ സ്നേഹിതർക്കൊപ്പം, ഒരു നല്ല നാളെയെ പ്രതീക്ഷിച്ച്,

ടോജോ തോമസ്

നാഷണൽ ചെയർമാൻ

സിറോ മലബാർ ലയിറ്റിസ് ഫോർ ജസ്റ്റിസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.