You are Here : Home / USA News

ഇന്ത്യ- യു.എസ് വ്യാപാര രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കും

Text Size  

Story Dated: Tuesday, February 27, 2018 04:17 hrs UTC

ഷിക്കാഗോ: ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ അമേരിക്ക രണ്ടാമതും, അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തുമാണ്. ഇതിനു വലിയ മാറ്റങ്ങള്‍ ഈ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷിക്കാഗോയിലെ സാമൂഹ്യ- വ്യവസായ നേതാക്കളുടെ ബിസിനസ് നെറ്റ് വര്‍ക്കില്‍ സംസാരിക്കവെ അമേരിക്കയുടെ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി തോമസ് വാജ് ഡാ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നീനാ ഭൂഷണ്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ഇതിനു ഒരു ഉദാഹരണമാണ് ഇന്ത്യന്‍ കമ്പനിയായ മഹിന്ദ്ര രണ്ടു വലിയ പ്ലാന്റുകള്‍ അമേരിക്കയില്‍ തുടങ്ങിയതും, ഇന്ത്യന്‍ കമ്പനികളായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്‌റോ, ഐ.ടി കമ്പനികളായ വിപ്രോ, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ഇന്‍ഫോസിസ് എന്നിവരുടെ ഓഫീസുകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയതും. അമേരിക്കയിലുള്ള അമ്പതിലധികം വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ വലിയ പ്ലാന്റുകള്‍ തുടങ്ങുകയുണ്ടായി.

 

അമേരിക്കയിലെ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗിനു വലിയ കോണ്‍ട്രാക്ടുകള്‍ - യുദ്ധ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, 787 യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 2017-ല്‍ ഇന്ത്യയില്‍ നിന്നു ലഭിക്കുകയുണ്ടായി. ഇതുകൂടാതെ വമ്പന്‍ അമേരിക്കന്‍ കമ്പനികളായ ഫോര്‍ഡ്, പെപ്‌സി, വെസ്റ്റിംഗ് ഹൗസ്, കൊക്കോകോള, മൈക്രോസോഫ്ട്, കാറ്റര്‍പില്ലര്‍, ജനറല്‍ മോട്ടോഴ്‌സ് തുടങ്ങി അനേകം കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും വ്യവാസായം ആരംഭിക്കുകയും ചെയ്തു. അത് രണ്ടു രാജ്യങ്ങളുടേയും സമ്പത്തും ജോലിസാധ്യതയും വര്‍ധിപ്പിക്കും. എച്ച്.1ബി വിസകള്‍ക്ക് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 2008- 2010 കാലയളവില്‍ ഇന്ത്യയില്‍ അമേരിക്കയുടെ കോണ്‍സുല്‍ ജനറലായും തോമസ് വാജ് ഡാ പ്രവര്‍ത്തിച്ചിരുന്നു. ഡോ. ഭരത് ബറായി ആയിരുന്നു മോഡറേറ്റര്‍. ഇന്തോ- അമേരിക്കന്‍ എക്കണോമിക്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ ടറാവിസ് കോബേറലി, ഇല്ലിനോയ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, എഫ്.ഐ.എ ചെയര്‍മാനും വ്യവസായിയുമായ സുനില്‍ ഷാ, വ്യവസായ പ്രമുഖന്‍ ഡാവീന്ദര്‍ സിംഗ്, പവര്‍ പ്ലാന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ മാനീഷ് ഗാന്ധി, റീലേ കോര്‍പറേഷന്‍ സി.ഇ.ഒ നീല്‍ പേലാട്ട് എന്നിവരും മറ്റ് വ്യവസായ പ്രമുഖരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.