You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

Text Size  

Story Dated: Saturday, February 24, 2018 01:59 hrs UTC

ബിജു ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറഞ്ഞ സാന്നിധ്യമായി സാമൂഹിക-സാംസ്കാരിക മേഖലകളില്‍ കിടയറ്റ പ്രവര്‍ത്തനം നടത്തിവരുന്ന സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടു.ജനുവരി 20-നു കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റായി റോഷിന്‍ മാമ്മന്‍, സെക്രട്ടറിയായി ജോസ് വര്‍ഗീസ്, ട്രഷററായി അലക്‌സാണ്ടര്‍ വലിയവീടന്‍ എന്നിവര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്- ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി#് സജിത് കുമാര്‍ നായര്‍ എന്നീ ഇതര എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം 17 അംഗ മാനേജിംഗ് കമ്മിറ്റിയാണ് രൂപീകൃമായത്. ജനുവരി 20-ന് പ്രസിഡന്റ് ഫൈസല്‍ എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജോസ് ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റോഷിന്‍ മാമ്മന്‍ കണക്കും അവതരിപ്പിച്ചു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ യത്‌നിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും സ്റ്റാറ്റന്‍ഐലന്റിലെ മലയാളി സമൂഹത്തോടും തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് നന്ദി അറിയിച്ചു.

 

കലയും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമന്വയിച്ച വിവിധയിനം പരിപാടികള്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പ്രസിഡന്റ് സെക്രട്ടറി ജോസ് ഏബ്രഹാം തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റാറ്റന്‍ഐലന്റ് മലയാളി സമൂഹത്തിന്റെ പ്രതിബിംബമായി മാറിയ അസോസിയേഷന്റെ ഈവര്‍ഷത്തെ സാരഥിയായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്നു പുതിയ പ്രസിഡന്റ് റോഷിന്‍ മാമ്മന്‍ അറിയിച്ചു. കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ സേവനം ചെയ്യാന്‍ താന്‍ പ്രതിജ്ഞബദ്ധനാണെന്നും ഏവരുടേയും നസീമമായ സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. 1995- മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനായ റോഷിന്‍ മാമ്മന്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ ഉള്‍പ്പടെ വിവിധ രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയിട്ടുള്ള അംഗമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മികച്ച ഗായകന്‍, വിവിധ സംഗീതോപകരണ വിദഗ്ധന്‍, ചിത്രകല- എഡിറ്റിംഗ് & പബ്ലീഷിംഗ് തുടങ്ങിയ മേഖലകളില്‍ അറിയപ്പെടുന്ന കലാകാരന്‍ കൂടിയായ റോഷിന്‍ ആദ്ധ്യാത്മിക രംഗത്തും എക്യൂമെനിക്കല്‍ വേദികളിലും നിറഞ്ഞ സാന്നിധ്യമാണ്. സാമുദായിക- സംഘടനാ വ്യത്യാസമില്ലാതെ തന്റെ സാന്നിധ്യ സഹകരണങ്ങള്‍കൊണ്ട് ഏവരേയും സഹായിക്കുവാന്‍ തയാറുള്ള റോഷന്‍ ന്യൂജേഴ്‌സി ആസ്ഥാനമായ മിത്രാസ് ആര്‍ട്‌സിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്. മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ഫോമ നാഷണല്‍ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് വര്‍ഗീസ് സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്.

കൃത്യതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രാഗത്ഭ്യമുള്ള അദ്ദേഹം മാര്‍ത്തോമാ സഭയുടെ അമേരിക്ക- യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗം, സ്റ്റാറ്റന്‍ഐലന്റ് എക്യൂമെനിക്കല്‍ ക്വയര്‍ മാസ്റ്റര്‍ എന്നീ നിലകളിലും തന്റെ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ പുതിയ ട്രഷറര്‍ അലക്‌സാണ്ടര്‍ വലിയവീടന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുകൂടിയാണ്. ആദ്ധ്യാത്മിക- കലാ മേഖലകളില്‍ സജീവമായ അദ്ദേഹം മികച്ച അഭിനേതാവ് എന്ന നിലയില്‍ ഷോര്‍ട്ട് ഫിലിം, നാടക രംഗങ്ങളില്‍ തിളങ്ങിയിട്ടുള്ള വ്യക്തിയാണ്. അമേരിക്കയില്‍ നിര്‍മ്മിച്ച ഏതാനും ഷോര്‍ട്ട് ഫിലിമുകളുടെ നിര്‍മ്മാതാവ് കൂടിയായ അലക്‌സാണ്ടര്‍ വലിയവീടന്‍ ബിസിനസ് രംഗത്തും സജീവമാണ്. മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടത്തിവരുന്ന എം.എ.എസ്.ഐ (MASI) സ്കൂള്‍ ഓഫ് ആര്‍ട്‌സ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഊര്‍ജസ്വലതയോടെ നടത്തുന്നതിനൊപ്പം മാനസീകോല്ലാസപ്രദമായ നിരവധി പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുമെന്നു പുതിയ ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു. സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. മലയാളി അസോസിയേഷനുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.