You are Here : Home / USA News

സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍: സണ്ണി കാരിക്കല്‍ പ്രസിഡന്റ്, ഡോ. ജോര്‍ജ് കാക്കനാട്ട് എക്‌സി: ഡയറക്ടര്‍

Text Size  

Story Dated: Friday, January 26, 2018 09:44 hrs UTC

ജിജു കുളങ്ങര (PRO)

ഹ്യൂസ്റ്റണ്‍: സൗത്ത് ടെക്‌സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ സാരഥികള്‍ അധികാരത്തില്‍. ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കറയറ്റ വ്യക്തിത്വത്തിനുടമയായ സണ്ണി കാരിക്കലാണ് പ്രസിഡന്റ്. അദ്ദേഹത്തെ ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുത്തത്. മോര്‍ട്ട്‌ഗേജ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ വിജയ പതാക വഹിക്കുന്ന വ്യക്തിയും ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന 'ലെറ്റ് ദെം സ്‌മൈല്‍' എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ പ്രയോക്താവുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ് (പ്രോംപ്റ്റ് മോര്‍ട്‌ഗേജ്) ആണ് സെക്രട്ടറി. മാധ്യമ പ്രവര്‍ത്തകനും സംഘാടകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റ് ഇലക്ടുമായ ഡോ. ജോര്‍ജ് കാക്കനാട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതല നിര്‍വഹിക്കും.

പ്രമുഖ സംരംഭകനായ ജിജു കുളങ്ങരയാണ് പി.ആര്‍.ഒ. മറ്റ് ഭാരവാഹികളുടെ പേര് വിവരങ്ങള്‍ ഇപ്രകാരം. അപൂര്‍വമായി മലയാളികള്‍ എത്തുന്ന പെട്രോളിയം ഹോള്‍ സെയില്‍ രംഗത്ത് കഴിവ് പ്രകടിപ്പിച്ച ജിജി ഓലിക്കലാണ് ഫൈനാന്‍സ് ഡയറക്ടര്‍. ജോര്‍ജ് കോളാച്ചേരില്‍-ഇവന്റ് ഡയറക്ടര്‍, ഫിലിപ്പ് കൊച്ചുമ്മന്‍-ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി, ബേബി മണക്കുന്നേല്‍-ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, രമേശ് അത്തിയോടി-കമ്മ്യൂണിറ്റി റിലേഷന്‍സ്, സക്കറിയ കോശി-മെമ്പര്‍ ഷിപ്പ് റിലേഷന്‍സ്, ജോര്‍ജ് ഈപ്പന്‍-അസിസ്റ്റന്റ് സെക്രട്ടറി, സാജു കുര്യാക്കോസ്-അസിസ്റ്റന്റ് ഫിനാന്‍സ് ഡയറക്ടര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിനസ് രംഗത്തും സാമൂഹിക-സാംസ്‌കാരിക മേഖലയിലും സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്.

അത്തരം മുന്നേറ്റങ്ങളില്‍ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നുണ്ട്. ജനപങ്കാളിത്തത്തോടെ അമേരിക്കന്‍ മലായാളികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനും പ്രത്യേകിച്ച് ബിസിനസ് സമൂഹത്തിന്റെ സര്‍വതോന്മുഖമായ വികസനം ലക്ഷ്യം വച്ച് അവരെ എല്ലാം കരുത്തരാക്കുന്നതിന് വേണ്ടി നിലകൊളിളുകയും ചെയ്ത പ്രസ്ഥാനമാണിത്. പുതു നേതൃത്വം പ്രസ്തുത പരിപാടികള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ സാന്നിദ്ധ്യം സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് കാഴ്ചവയ്ക്കുന്നു. ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ ചടുലമായ വളര്‍ച്ചയ്ക്ക് ആത്മവിശ്വാസം പകരുക എന്ന ബോധത്തോടെ രൂപീകരിക്കപ്പെട്ട ചേംബര്‍ വിവിധ മേഖലകളില്‍ അതിന്റെ സേവനം വ്യാപിപ്പിച്ചും യുവ സംരംഭകര്‍ക്കും വനിതാ സംരംഭകര്‍ക്കും ഒപ്പം സാമ്പത്തികമായ മാന്ദ്യം അനുഭവിക്കുന്ന ബിസിനസുകാര്‍ക്കും ആശ്വാസ ഹസ്തവുമായും ജൈത്രയാത്ര തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.