You are Here : Home / USA News

ശിവക്ഷേത്ര പാദുക സ്ഥാപനം ജനുവരി 27നു ഹ്യുസ്റ്റണില്‍

Text Size  

Story Dated: Friday, January 26, 2018 09:34 hrs UTC

രഞ്ജിത് നായര്‍

നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയില്‍ പിറവി കൊണ്ട ക്ഷേത്രമായ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍ തയാറെടുക്കുന്നു .ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ടു ശിവ പ്രതിഷ്ഠ യാഥാര്‍ഥ്യമാകുന്നു .തന്ത്രി ബ്രഹ്മ ശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസരണം 2018 ഏപ്രില്‍ 26 നു പ്രതിഷ്ഠാ കര്‍മം നടത്തുവാന്‍ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശ്രീ ബിജു പിള്ള അറിയിച്ചു .അതിനു മുന്നോടിയായുള്ള പാദുക സ്ഥാപന ചടങ്ങുകള്‍ ജനുവരി 27 രാവിലെ 8 നു ആരംഭിക്കും . ഈ ചടങ്ങുകളോടെ പ്രതിഷ്ഠ കര്‍മ്മത്തിനു ശുഭാരംഭം കുറിക്കപ്പെടും . ശിവ പ്രതിഷ്ഠാ കര്‍മവുമായി ബന്ധപ്പെട്ട പൂജാദി കര്‍മങ്ങള്‍ ഭക്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു അവസരം കൂടിയാണ് .ഗണപതി ,അയ്യപ്പന്‍ ,ഭഗവതി എന്നീ പ്രതിഷ്ഠകളൊടൊപ്പം മഹാദേവ സന്നിധി എന്ന ഭക്ത ജനങ്ങളുടെ ചിരകാല ആഗ്രഹം സഫലമാകുന്ന വേളയില്‍ ഭക്ത ജന സാന്നിധ്യ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു

 

ത്രിമൂര്‍ത്തികളില്‍ പ്രധാനിയും സംഹാരത്തിന്റെ മൂര്‍ത്തിയുമാണ് പരബ്രഹ്മമൂര്‍ത്തിയായ "പരമശിവന്‍". ശിവം എന്നതിന്റെ പദാര്‍ത്ഥം:മംഗളകരമായത് പൊതുവേ തമോഗുണ സങ്കല്‍പ്പത്തിലാണ് ശിവനെ കാണുന്നത്. ശിവന്‍ എന്നാല്‍ "മംഗളകാരി" എന്നാണ് അര്‍ത്ഥം. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരന്‍ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.സൃഷ്ടിയുടെ ആധാരം തന്നെ ശിവനാണെന്നും സംഹാരത്തിന്‍റെ ശൂന്യതയും ശിവന്‍ തന്നെയാണെന്നും പറയപ്പെടുന്നു . അതുകൊണ്ട് എവിടെയെല്ലാം ശിവനുണ്ടോ അവിടെയെല്ലാം ഒരേസമയംതന്നെ സൃഷ്ടിയും സംഹാരവും സംഭവിച്ചുകൊണ്ടിരിക്കുന്നു.

 

എവിടെയെല്ലാം ശൂന്യാവസ്ഥയുണ്ടോ, അവിടെയെല്ലാം അതേ അവസ്ഥയില്‍തന്നെ രൂപീകരണവും നശീകരണവും നടന്നുകൊണ്ടിരിക്കുന്നു. പ്രണവസ്വരൂപനായ ഭഗവാന് അഞ്ചുകൃത്യങ്ങളാണ് സമഷ്ടചരാചരങ്ങളുടെയും നിലനില്‍പ്പിന് പ്രയോജനപ്പെടുന്നത് . സൃഷ്ടി, പാലനം, സംഹാരം, തിരോഭാവം, അനുഗ്രഹം ഇവയാണ് അഞ്ചു കൃത്യങ്ങള്‍. ലോക രചനക്കുള്ള ആരംഭത്തിനാണ് സൃഷ്ടി അഥവാ സര്‍ഗ്ഗം എന്ന് പറയുന്നത്. സൃഷ്ടി സുസ്ഥിരമായി ഇരിക്കുന്നതിനെയാണ് പാലനം കൊണ്ടു വിശേഷിപ്പിക്കുന്നത്. അതിന്റെ വിനാശമാണ് സംഹാരം. പ്രാണങ്ങളുടെ ഉല്‍ക്രമണത്തിന് തിരോഭാവം എന്ന് പറയുന്നു. ഇവയില്‍ നിന്നെല്ലാം വിട്ടുമാറി ഭഗവദ് പാദത്തില്‍ ചേരുന്നതാണ് മോക്ഷം. സൃഷ്ടി ഭൂമിയിലും, സ്ഥിതി ജലത്തിലും, സംഹാരം അഗ്‌നിയിലും, തിരോഭാവം വായുവിലും, അനുഗ്രഹം ആകാശത്തിലും നില നില്‍ക്കുന്നു. ഇതാണ് പഞ്ചഭൂതാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതും. ഈ അഞ്ചു കൃത്യങ്ങളുടെയും ധാതാവായതുകൊണ്ട് ശിവനെ പഞ്ചമുഖന്‍ എന്നറിയപ്പെടുന്നു. ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠയിലൂടെ ഹ്യുസ്റ്റണിലും നോര്‍ത്ത് അമേരിക്കയിലെങ്ങുമുള്ള ഭക്തജനങ്ങള്‍ക്ക് പരമമായ ആനന്ദത്തിന്റെ അവസ്ഥയെ പ്രദാനം ചെയ്യുന്ന ശിവപദത്തില്‍ പുല്‍കാനുള്ള അവസരം കൈവരുന്നു എന്നത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നതും , അത് കൊണ്ട് തന്നെ ഇവിടെ ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കു അതൊരു ചരിത്ര പരമായ നിമിഷവുമായിരിക്കുമെന്നു കരുതാം . .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.