You are Here : Home / USA News

ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചരപ്രതിഷ്ഠാകര്‍മ്മം നടന്നു

Text Size  

Story Dated: Monday, December 11, 2017 10:45 hrs UTC

ഹരികുമാര്‍ മാന്നാര്‍

 

ടൊറോന്റോ: ബ്രാംപ്ടനില്‍ പുതിയതായി പണി തീര്‍ത്ത ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ചരപ്രതിഷ്ഠാ കര്‍മ്മം നടത്തി. ആചാരാനുഷ്ഠാനങ്ങളോടെ നിരവധി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി ദിവാകരന്‍ നമ്പൂതിരി, മനോജ് തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള പൂജാരി സംഘം ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കേരളീയ ശില്‍പകലാ മാതൃകയില്‍ വിസ്തൃതമായ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടി പണികഴിപ്പിച്ച പുതിയ ക്ഷേത്രം കടല്‍ കടന്നുള്ള മറ്റൊരു ഗുരുപവനപുരിയായി നിലകൊള്ളുന്നു. കാനഡയില്‍ എന്നല്ല വടക്കേ അമേരിക്കയിലെ എല്ലാ ഭാരതീയര്‍ക്കും വിശേഷിച്ച് മലയാളികള്‍ക്ക് ഒരു ചരിത്ര മുഹൂര്‍ത്തമായിത്തീര്‍ന്ന ചടങ്ങുകള്‍ക്കാണ് നാലു ദിവസം നിന്നും സാക്ഷ്യം വഹിച്ചത്. കാനഡയിലും അമേരിക്കയില്‍ നിന്നും നിരവധി ഭക്തര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നു.

ഗണപതിഹോമം, ഭഗവതിസേവ, അഖണ്ഡനാമ ജപം, മഹാസുദര്‍ശന ഹോമം എന്നീ ചടങ്ങുകള്‍ ചരപ്രതിഷ്ഠയോടനുബന്ധിച്ച് 3 ദിവസങ്ങളിലായി നടന്നു. പ്രതിഷ്ഠാ ദിനം മുതല്‍ നാമജപ മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാന്തരീക്ഷം മറ്റൊരു ദ്വാരകാപുരിയായി മാറി. 16 വര്‍ഷം മുന്‍പ് ഒരു ചെറിയ മലയാളി കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ക്ഷേത്രമെന്ന ആശയസ്വപ്നം നിരവധി കടമ്പകള്‍ കടന്ന് ഇന്നു പൂവണിഞ്ഞ ചാരിതാര്‍ഥത്തിലാണ് കാനഡയിലെ മലയാളികള്‍ ഏവരും. നിരവധി പേരുടെ സാമ്പത്തിക, ഭൗതിക സഹകരണങ്ങളും ആത്മാര്‍പ്പണവുമാണ് ഇതിനു പിന്നില്‍. ഭാരതീയ പ്രത്യേകിച്ച് കേരളീയ സാംസ്കാരിക പൈതൃകം തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും, മാനവീയ ഐക്യത്തിനും, ശാന്തിക്കും വേണ്ടിയുള്ള ക്ഷേത്രവും പ്രവര്‍ത്തനങ്ങളും നിലകൊള്ളുമെന്ന് ഡോ.പി.കെ.കുട്ടി ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു. കേരളീയമായ എല്ലാ ആചാരചടങ്ങുകള്‍ക്കും വിവാഹം, ചോറൂണ് തുടങ്ങിയ എല്ലാ പ്രധാന കര്‍മ്മങ്ങള്‍ക്കും ഇനി കാനഡാ മലയാളികള്‍ക്ക് സൗകര്യമായി ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നടത്താം.

വരുംദിനങ്ങളില്‍ വിപുലമായ പൂജാവിധികളും ഹൈന്ദവ വിശേഷചടങ്ങുകളും ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും. പ്രതിഷ്ഠാ കര്‍മ്മത്തോടനുബന്ധിച്ച് നിരവധി പ്രതിഭകള്‍, കഥകളി, കുച്ചുപ്പുടി, സംഗീത വിരുന്ന് എന്നിവ ക്ഷേത്രാങ്കണത്തില്‍ നടത്തി. തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലും കുട്ടികളുടെ സംഗീതാര്‍ച്ചനയും സന്നിധിയില്‍ നടന്നു. എല്ലാ ദിവസവും പ്രസാദവിതരണം, ലഘുഭക്ഷണം എന്നിവയും നടത്തി. ദിവസേനയുള്ള പൂജകള്‍ക്കായും ക്ഷേത്ര ദര്‍ശനത്തിനായും എല്ലാ ദിവസവും നിരവധി ഭക്തര്‍ വന്നു കൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. Www.guruvayur.ca, Ph-105 799 0900

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.