Dr Sarah Easaw (FOMAA Womens Forum Chairperson )
മാര്‍ച്ച് എട്ടാം തീയതി അഖിലലോകവനിതാദിനം ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനവും അതിനെത്തുടര്‍ന്നുള്ള നിരവധി ലേഖനങ്ങളും, അഭിപ്രായങ്ങളുമെല്ലാം നാം ഇതിനോടകം നിരവധി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും കേട്ടുകഴിഞ്ഞു. ചരിത്രം പരിശോധിച്ചാല്‍, സ്ത്രീകള്‍ക്ക് വോട്ടവകാശവും മികച്ച വേതനവും അംഗീകാരവും ലഭിക്കാന്‍ 1908 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന വിമന്‍സ് റാലിയാണ് വിമന്‍സ് ഡേ എന്ന ആശയത്തിന് മുന്നോടിയായത് എന്നുകാണാം. ഔദ്യോഗികമായി ഒരു ദിവസം വനിതകള്‍ക്കുവേണ്ടി മാറ്റിവച്ചത് 1911 ലാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടു; സാങ്കേതികവിദ്യയിലും, സമ്പദ്‌വ്യവസ്ഥയിലും വിദ്യാഭ്യാസരംഗത്തും ലോകം വളരെ മുമ്പോട്ടുപോയി. മിക്കവാറും എല്ലാ ജീവിതമേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം, അല്ലെങ്കില്‍ അതിനുമേലെ മികവ് തെളിയിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് വനിതാദിനത്തിന് എന്താണ് പ്രസക്തി? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, സ്ത്രീകള്‍ക്കുവേണ്ടി ഒരു ദിവസം മാറ്റി വയ്‌ക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട് എന്നതാണ് ഖേദകരമായ സത്യം! മലയാളികളുടെ ഇടയില്‍ വനിതാദിനം എന്ന ആശയം ഇത്രയേറെ പ്രചാരത്തിലായത് ഈ വര്‍ഷം ആണ്. ഇതിനുമുമ്പ് ഇങ്ങനെയൊരു ദിവസമുണ്ട് എന്നറിയുന്നവര്‍ തന്നെ ചുരുക്കമായിരിക്കും. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി നമ്മുടെ സോഷ്യല്‍ മീഡിയാകളില്‍ വനിതാദിനത്തോടനുബന്ധിച്ചു വന്ന ലേഖനങ്ങളും ആശംസകളും, ഒരുപക്ഷേ ക്രിസ്തുമസ്, ഓണം തുടങ്ങിയ ആഘോഷങ്ങളോട് കിടപിടിക്കുന്നതായിരുന്നു. എന്താണ് മലയാളികള്‍ക്ക് പെട്ടെന്ന് ഒരു ഉണര്‍വ്? സ്ത്രീകള്‍ക്ക്, പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു, സാംസ്‌കാരികകേരളത്തില്‍, എന്നതാണ് പെട്ടെന്നുള്ള ഈ ബോധോദയത്തിന് കാരണം എന്നെനിക്ക് തോന്നുന്നു. “മാറ്റത്തിനു വേണ്ടി ധീരരാവൂ” എന്നതാണ് ഈ വര്‍ഷത്തെ കാംപെയ്ന്‍ തീം ആയി ഇന്റര്‍നാഷണല്‍വിമന്‍സ് ഡേ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളിവനിതകളെ സംബന്ധിച്ച് ഇക്കാലത്തെന്നല്ല, എക്കാലത്തും അന്വര്‍ത്ഥമായ ഒരു ആഹ്വാനം ആണിത്. ഈയിടെ കണ്ട ഒരു ചെറിയ തമാശ പങ്കുവയ്ക്കട്ടെ. “ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്: ജനനം, മറ്റുള്ളവര്‍ എന്നുപറയും?, മരണം”. തമാശയാണെങ്കിലും ഇത് ഏറെക്കുറെ ശരിയാണെന്ന് നമുക്കൊക്കെ അറിയാം. നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, ആര്‍ക്കും ദോഷം വരാതെ, ധീരതയോടെ ചെയ്യുവാന്‍ നാം ശീലിക്കണം, നമ്മുടെ പുതുതലമുറയെ പരിശീലിപ്പിക്കണം. മാറ്റത്തിനുവേണ്ടി ധീരതയോടെ നിലകൊണ്ട നിരവധി വനിതകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്, പഠിച്ചിട്ടുണ്ട്. കല്‍ക്കത്തയുടെ തെരുവീഥികളില്‍ കുഷ്ഠരോഗികളെയും, അശരണരേയും അനാഥരേയും ചേര്‍ത്തുപിടിച്ച് വിശുദ്ധസ്‌നേഹം പങ്കുവച്ച മദര്‍ തെരേസ ധീരയായിരുന്നു; ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടയുടെ മുന്നിലും സുസ്‌മേരവദനയായി നിന്ന ആ സ്‌കൂള്‍വിദ്യാര്‍ത്ഥിനി, സമാധാനത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ മലാല യൂസഫ് ധീരയായിരുന്നു. തന്റെ 16 വര്‍ഷം നീണ്ടുനിന്ന ഉപവാസം കൊണ്ട് ഉരുക്കുവനിത എന്ന പേര് നേടിയ ഈറോം ശര്‍മ്മിള ധീരയായിരുന്നു. ഒഴുക്കിനെതിരേ ധീരതയോടെ നീന്തി ഇവര്‍ കൈവരിച്ചനേട്ടങ്ങള്‍ സമൂഹത്തില്‍ മാറ്റത്തിന്റെ അലയടികളുയര്‍ത്തി. ചെറുതും വലുതുമായ മാറ്റങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിലും കൈവരിക്കാന്‍ ഉറച്ച നിലപാടോടെ നില്‍ക്കുന്ന വനിതകള്‍, നമ്മുടെ ആവേശമാണ്, മാര്‍ഗ്ഗദര്‍ശികളാണ്. അവര്‍ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍നില്‍ക്കാന്‍ വിദ്യാഭ്യാസവും ജോലിയും കൂടിയേ തീരൂ എന്നുചെറുപ്പം മുതല്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ച അമ്മയാണ് എന്റെ ഏറ്റവും വലിയ സ്ത്രീശക്തി.
കഴിഞ്ഞ ദിവസം, മലയാളം ടെലിവിഷനില്‍ ഒരു ധീരമായ വനിതാശബ്ദം നമ്മില്‍ ചിലരെങ്കിലും കേട്ടുകാണും. ഏതെങ്കിലും പാര്‍ട്ടിയേയോ ചാനലിനെയോ സപ്പോര്‍ട്ട് ചെയ്യുവാനല്ല, ഇതിവിടെ പറയുന്നത്; സ്ത്രീസുരക്ഷയ്ക്കുവേണ്ടി, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കും, സിനിമാലോകം അടക്കിവാഴുന്ന താരരാജാക്കന്മാര്‍ക്കുമെതിരെ ഏഷ്യാനെറ്റിലെ കവര്‍സ്റ്റോറി എന്ന പരിപാടിയിലൂടെ നിശിതമായ വിമര്‍ശനങ്ങള്‍, സധൈര്യം തൊടുത്തുവിട്ട സിന്ധു സൂര്യകുമാറിനെ ഈ വനിതാദിന ആഘോഷത്തില്‍ പ്രശംസിക്കാതിരിക്കാന്‍ തരമില്ല. വിവിധമേഖലകളില്‍ മികവ് തെളിയിച്ച ആറ് വനിതകളെയാണ് നമുക്കിന്ന് മുഖ്യപ്രഭാഷകരായി ലഭിച്ചിരിക്കുന്നത്. കടന്നുപോന്ന കര്‍മ്മവീഥികളില്‍ സധൈര്യം എടുക്കേണ്ടിവന്ന ഉറച്ച നിലപാടുകള്‍, അതിനുണ്ടായ പ്രചോദനം, അതിന്റെ പ്രത്യഘാതങ്ങള്‍, പ്രയോജനങ്ങള്‍; ഇന്നത്തെ ചുറ്റപാടില്‍, ലോകമെമ്പാടുമുള്ള മലയാളി വനിതകള്‍ക്ക് നല്‍കുവാനുള്ള സന്ദേശം
ഫോമാ എന്ന സംഘടന രൂപം കൊണ്ടതിനുശേഷം നടത്തിയ ആദ്യകണ്‍വന്‍ഷനില്‍ വച്ചാണ് വിമന്‍സ് ഫോറം എന്ന ആശയം രൂപംകൊണ്ടത്. ലാസ് വേഗസില്‍ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ മിസ്സിസ് ഗ്രേസി ജയിംസ്, ഗ്രേസി വര്‍ഗീസ്, കുസുമം ടൈറ്റസ്, ലോണ ഏബ്രഹാം തുടങ്ങിയ വനിതകള്‍ നേതൃത്വം നല്‍കിയ വിമന്‍സ് ഫോറം സെമിനാര്‍ ശ്രീമതി ലേഖാ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തതോടെ, അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍, കണ്‍വന്‍ഷനില്‍ മാത്രം നടക്കുന്ന ഒരു ചെറിയ മീ്റ്റിംഗ് ആയി ഒതുങ്ങാതെ, വനിതകള്‍ക്ക് ആശയങ്ങള്‍ പങ്കുവയ്ക്കാനും, വ്യക്തമായ ലക്ഷ്യബോധത്തോടെ ഒത്തുകൂടാനുമുള്ള ഒരു വേദിയായി വിമന്‍സ് ഫോറം വളര്‍ന്നുവന്നു. വനിതകള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുവാന്‍ ഹെല്‍ത്ത് കെയര്‍ സെമിനാറുകള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍ എന്നിവ നാഷണല്‍ കണ്‍വന്‍ഷനിലും അല്ലാതെയും ഫോമാ വിമന്‍സ് ഫോറം സംഘടിപ്പിച്ചു.
സ്ത്രീശക്തിയുടെ മികവ് വെളിപ്പെടുത്തിയ ഈ സമ്മേളനങ്ങളില്‍നിന്നും ഉടലെടുത്ത ആശയമാണ് വിവിധചാപ്റ്ററുകളുള്ള ഒരു വലിയ സംഘടനയായി, ഫോമ എന്ന നാഷണല്‍ ഓര്‍ഗനൈസേഷനോട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു പോഷകസംഘടനയായി, വിമന്‍സ് ഫോറം വിപുലീകരിക്കുക എന്നത്. അമേരിക്കയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള, വിവിധതുറകളില്‍ മികവ് തെളിയിച്ച വനിതകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ കൂട്ടായ്മയില്‍ പുത്തന്‍തലമുറക്കാരും ആവേശത്തോടെ പങ്കുചെരുന്നു, പ്രവര്‍ത്തിക്കുന്നു എന്നത് വളരെ സന്തോഷത്തോടെ അറിയിക്കട്ടെ. ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം, ഒരു ഏകദിനസെമിനാര്‍ ആയി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ച് മെയ് ആറാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിങ്ങളോരോരുത്തരെയും ക്ഷണിക്കുവാനും ഞാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ഫോമ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ റീജിയണുകളുടെ ആഭിമുഖ്യത്തില്‍ ഇന്നുനടത്തുന്ന ഈ സമ്മേളനം അന്താരാഷ്ട്രവനിതാദിനം അഥവാ, ഇന്റര്‍നാഷണല്‍ വിമണ്‍സ് ഡേ ആചരിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചതാണ്.
Comments