You are Here : Home / USA News

ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 11, 2019 09:21 hrs EST

മയാമി: ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ജിനീയേഴ്‌സ് (എഫ്.ബി.പി.ഇ) വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു. ഈ നിയമന ഉത്തരവ് 2020 ഡിസംബര്‍ വരെയാണ്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡ ഗവര്‍ണര്‍ റിസ്ക് സോട്ട്, ബാബു വര്‍ഗീസിനെ എഫ്.ബി.പി.ഇ ബോര്‍ഡിലേക്ക് രണ്ടാം തവണയും നിയമിക്കുകയും, ഫ്‌ളോറിഡ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. 1917-ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമ നിര്‍മാണ സമിതിയാണ് സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് (എഫ്.ബി.പി.ഇ) രൂപീകരിച്ചത്. സംസ്ഥാന എന്‍ജിനീയറിംഗ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി വ്യക്തികളുടെ ജീവനും, ആരോഗ്യത്തിനും സുരക്ഷിതത്വം നല്‍കുന്നതിനും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ഇന്ന് ഫ്‌ളോറിഡ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാല്പതിനായിരം എന്‍ജിനീയറിംഗ് ലൈസന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും, പരീക്ഷകള്‍ നടത്തുന്നതിനും, അര്‍ഹരായവര്‍ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിനും, കുറ്റക്കാര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ സ്റ്റാറ്റിയൂട്ടറി ബോര്‍ഡിന് അധികാരമുണ്ട്. 2015 മുതല്‍ എഫ്.ബി.പി.ഇ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബാബു വര്‍ഗീസ്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ പദവി അലങ്കരിക്കുന്നത്. 1984-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടി സ്‌കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ബാബു വര്‍ഗീസ് എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി. ഇന്ന് ഫ്‌ളോഡയിലും, കേരളത്തിലുമായി എണ്‍പതോളം എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്ന ആപ്‌ടെക് എന്‍ജിനീയറിംഗ് ഇന്‍ കോര്‍പറേഷന്റെ പ്രസിഡന്റും, പ്രിന്‍സിപ്പല്‍ എന്‍ജിനീയറുമാണ്. അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍ എന്‍ജിനീയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്ത് പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈറേയ്‌സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍, വേയ്സ്റ്റ് വ്യൂ എനര്‍ജി ഫെസിലിറ്റികള്‍, ഹോട്ടലുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍, വിമാനം പാര്‍ക്ക് ചെയ്യുവാനുള്ള ഹാംങ്‌റുകള്‍ തുടങ്ങി അനവധി വ്യത്യസ്തമായ എന്‍ജിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കൂടാതെ ഫോറന്‍സിക് എന്‍ജീയറിംഗ് വിദഗ്ധനായി വിവിധ കോടതികളില്‍ എക്‌സ്‌പേര്‍ട്ട് വിറ്റ്‌നസായും പ്രവര്‍ത്തിക്കുന്നു. ഫ്‌ളോറിഡയിലെ വിവിധ മതസ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്‍കാറുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്ക്വയര്‍, സൗത്ത് ഫ്‌റോറിഡയിലെ ഡേവി നഗരസഭ അനുവദിച്ചു നല്‍കിയ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത് പൂര്‍ത്തീകരിച്ചതിനു ബാബു വര്‍ഗീസിനെ ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം ആദരിച്ചിരുന്നു. തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍ വറീത് - സെലീന ദമ്പതികളുടെ സീമന്ത പുത്രനായ ബാബു വര്‍ഗീസ് ഫോര്‍ട്ട് ലോഡര്‍ഡേയില്‍ താമസിക്കുന്നു. ഭാര്യ ആഷ (സി.പി.എ) മക്കളായ ജോര്‍ജ്, ആന്‍മരി എന്നിവരും പിതാവിന്റെ പാത പിന്തുടര്‍ന്നു എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നേടി എന്‍ജിനീയറിംഗ് തൊഴില്‍മേഖലയിലാണ്. ഇളയ മകന്‍ പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More