You are Here : Home / USA News

ഹിലരി വീണ്ടും മത്സരിക്കുമോ?

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Tuesday, October 23, 2018 09:31 hrs UTC

ന്യൂയോര്‍ക്ക്: തിരഞ്ഞെടുപ്പുകളില്‍ സാധാരണ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്താറുണ്ട്. പലപ്പോഴും ഈ പ്രചരണങ്ങള്‍ സ്ഥാനാര്‍ത്ഥികളെ സഹായിച്ചിട്ടില്ല എന്ന് ചരിത്രം. ചില സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖര്‍(പ്രസിഡന്റ് ഉള്‍പ്പെടെ) തങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്തേണ്ടതില്ല എന്ന് പ്രഖ്യാപിക്കാറുണ്ട്. കുറെ നാളുകളായി ഒച്ചപ്പാടുകളില്ലാതെ സ്വസ്ഥം ഗൃഹഭരണത്തില്‍ കഴിയുന്ന നേതാക്കള്‍ പെട്ടെന്ന് ചില സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം നടത്താറുണ്ട്. ഇത് മാധ്യമങ്ങളുടെ പ്രഭാവലയത്തില്‍ നില്‍ക്കുവാനും അടുത്ത് നടത്തുവാനാരിക്കുന്ന തങ്ങളുടെ രാഷ്ട്രീയ നീക്കത്തിന് വഴി ഒരുക്കുവാനുമാണ്. മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍ ഈയിടെ ഏറെ വാചാലനാണ്. ചില പ്രചരണ യോഗങ്ങളിലെ പ്രധാന അതിഥിയുമാണ്. ഏറെ സംസാരിക്കുക എന്ന തന്റെ പ്രകൃതം നഷ്ടപ്പെടുത്തുന്നില്ലെങ്കിലും മുന്‍ പ്രഥമ വനിതയും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ആയ ഹിലരി ക്ലിന്റണ്‍ വീണ്ടും ഡെമോക്രാറ്റിക് പ്രസിഡന്റ് പദ ടിക്കറ്റിന്റെ പ്രത്യാശിയാകുമെന്ന് സൂചനകളാണ് പുറത്ത് വരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഹിലരി പ്രചരണം നടത്തുന്നില്ല.

 

ഇത് പാര്‍ട്ടിയിലെ ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍്തഥിയാവാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞതായാണ് നിരീക്ഷകര്‍ പറയുന്നത്. ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണൊപ്പം ആറ് മാസത്തെ പ്രഭാഷണ പരമ്പരയുടെ ടൂര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ശക്തമായ നെറ്റ് വര്‍ക്കിംഗും ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും വൈറ്റ് ഹൗസിലുമുള്ള സുഹൃത്തുക്കളെ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. വൈറ്റ് ഹൗസിലെ പത്ര പ്രതിനിധികള്‍ക്ക് ഫോണ്‍ ചെയ്ത് ബന്ധം പുതുക്കാനും തുടങ്ങിയിട്ടുണ്ട്. പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സംസാരിക്കുമ്പോള്‍ രണ്ട് വര്‍ഷം മുമ്പ് ചെയ്തിരുന്നത് പോലെ അബദ്ധ ജടിലമായ പ്രസ്താവനകള്‍ ഇപ്പോഴും നടത്തുന്നു. ഏറ്റവും ഒടുവില്‍ വിവാദമായത് ബില്‍ ക്ലിന്റണും ഇന്റേണ്‍ ആയിരുന്ന മൊണീക്ക ലെവിന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായമാണ്. ഇത് ക്ലിന്റന്റെ ഭാഗത്ത് നിന്നുള്ള അധികാര ദുര്‍വിനയോഗം ആയിരുന്നില്ല കാരണം 22 കാരിയായ മൊണീക്ക പ്രായപൂര്‍ത്തിയായ സ്ത്രീയായിരുന്നു. ഇരുവരുടെയും പരസ്പര സമ്മതത്തോടെ നടന്ന കാര്യങ്ങളില്‍ അപാകത ഒന്നും ഹിലരിക്ക് തോന്നിയിട്ടില്ല എന്ന് പറഞ്ഞത് മീടൂ പ്രസ്ഥാനക്കാരെ ചൊടിപ്പിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 2016 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ദൃശ്യമായത്‌പോലെ 2020 ലെ ടിക്കറ്റിന്റെ പ്രത്യാശികളുടേത് ഒരു സൈന്യം തന്നെയാണ്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ്, ഇന്ത്യന്‍ വംശജ കമല ഹാരിസ്, അമേരിക്കന്‍ ഇന്ത്യന്‍ വംശജയാണെന്ന് അവകാശപ്പെടുന്ന എലിസബെത്ത് വാറന്‍, കോറി ബുക്കര്‍, എയ്മി ക്ലോ ബുഷര്‍, കിഴ്‌സറ്റണ്‍ ഗില്ലിബ്രാന്റ്, ജോബൈഡന്‍, എറിക് ഹോള്‍ഡര്‍, സ്റ്റീവ് ബുള്ളക്ക്(മൊണ്ടാന ഗവര്‍ണര്‍) ലോസ് ആഞ്ചലിസ് മേയര്‍ എറിക് ഗാഴ്‌സറി, മുന്‍ മാസ്ച്യൂസ്റ്റ്‌സ് ഗവര്‍ണര്‍ ഡേവല്‍ പാട്രിക് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബാസിയോ ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ, മൈക്കല്‍ ബഌംബര്‍ഗ, ടോം സ്‌റ്റേയര്‍(ഒരു പക്ഷേ ഓപ്ര വിന്‍ഫ്രീയും അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥിയാവും) ഇവര്‍ക്കെല്ലാം വൈറ്റ് ഹൗസ് മോഹങ്ങള്‍ ഉണ്ട്. ഹിലരി മത്സരിക്കുവാന്‍ വലിയ സാധ്യതകളാണ് ചില നിരീക്ഷകര്‍ കാണുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ വലിയ പഞ്ഞം ഉണ്ടാവില്ല. 2016 ലെ ഫണ്ടിലെ ശേഷിച്ച പണം എന്തു ചെയ്തു എന്നറിയില്ല.

 

അതും ഉപയോഗിച്ചാല്‍ ആദായ നികുതി ഇളവുകളുടെ പ്രയോജനവും ലഭിക്കും. ട്രമ്പിനെപോലെ സ്വന്തം പണം ഉപയോഗിക്കുന്ന സ്ഥാനാര്‍ത്ഥി അല്ല, ഹിലരി. അതിനാല്‍ പുസ്തകത്തില്‍ നിന്നും പ്രഭാഷണ ടൂറുകളില്‍ നിന്നും ലഭിക്കുന്ന തുകകള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന് കരുതാനാവില്ല. പ്രൈമറികളില്‍ ചിലത് വിജയിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തിയാലും നോമിനേഷന്‍ കിട്ടുക എളുപ്പമായിരിക്കില്ല. പുതിയ സംവിധാനത്തില്‍ സൂപ്പര്‍ ഡെലിഗേറ്റുകളുടെ വോ്ട്ടുകള്‍ ആദ്യ റൗണ്ടില്‍ എണ്ണുകയില്ല. സൂപ്പര്‍ ഡെലിഗേററുകളുമായി നെറ്റ് വര്‍ക്കിംഗ് ഉള്ള ഹിലരി അവരുടെ പിന്തുണയിലാണ് 2016 ല്‍ നോമിനേഷന്‍ നേടിയത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ശക്തനായ പ്രതിയോഗി ആയിരുന്ന ബേണി സാന്‍ഡേഴ്‌സിനോ മറ്റാര്‍ക്കെങ്കിലുമോ ഹിലരിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമോ?

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.