You are Here : Home / USA News

പയനിയർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയം: കോൺസൽ ദേവദാസൻ നായർ

Text Size  

Story Dated: Saturday, April 21, 2018 02:00 hrs UTC

തോമസ് ടി.ഉമ്മൻ

ന്യൂയോർക്ക്∙ കേരളാ കമ്മ്യൂണിറ്റിയിൽ പയനിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യസേവന യത്നങ്ങൾ അഭിനന്ദനീയമാണെന്ന് ഇന്ത്യൻ കോൺസലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ കെ. ദേവദാസൻ നായർ പ്രസ്താവിച്ചു. ഇന്ത്യൻ കോൺസലേറ്റുമായി ചേർന്നു പ്രവർത്തിക്കാനും എല്ലാ വിഭാഗങ്ങളിലുമുള്ളവർക്കു പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും കോൺസൽ ദേവദാസൻ നായർ അഭ്യർഥിച്ചു. ന്യൂഹൈഡ് പാർക്കിലെ ഹെറിറ്റേജ് ഇന്ത്യ റസ്റ്ററന്റിൽ ചേർന്ന പയനിയർ ക്ലബ്ബിന്റെ വാർഷിക ഡിന്നറിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദേവദാസൻ നായർ. പയനിയർ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറി ജേക്കബ് ജോർജ് അതിഥികളെ സ്വാഗതം ചെയ്തു.

50കൾ മുതൽ 70കളുടെ ആരംഭം വരെ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല കേരളീയ പ്രവാസികൾ ഉൾപ്പെടുന്ന പയനിയർ ക്ലബ് ന്യൂയോർക്ക് കേന്ദ്രമാക്കി ദീർഘ വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ്. ആദ്യകാല കേരളീയ കുടിയേറ്റ സമൂഹത്തിന്റെ കഠിനാധ്വാനവും നന്മകളും ഏറെ വിലപ്പെട്ടതാണെന്നു പയനിയർ ക്ലബ് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷ പ്രസംഗം നിർവഹിച്ചു കൊണ്ട് പ്രസ്താവിച്ചു.

പയനിയർ ക്ലബ് അംഗങ്ങളുടെ ദീർഘ വീക്ഷണവും കാഴ്ചപ്പാടും കേരളീയ കുടിയേറ്റ സമൂഹത്തിന്റെ വളർച്ചയെ ധന്യമാക്കുവാൻ ഉപകരിച്ചുവെന്നും ജോർജ് എബ്രഹാം പറഞ്ഞു. " അംഗങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാനും പയനിയർ ക്ലബ് ശ്രമിക്കുന്നുണ്ടെന്ന് ജോർജ് എബ്രഹാം വ്യക്തമാക്കി.

സ്ഥാപക അംഗങ്ങളിൽ ഒരാളായ റവ. അച്ചോയി മാത്യൂസ് തുടക്കം മുതലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രൊഫ . ജോസഫ് ചെറുവേലി തന്റെ മാതൃരാജ്യത്തോടുള്ള പ്രത്യേക സ്നേഹം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നാം അധിവസിക്കുന്ന അമേരിക്കയിൽ നിന്നും തനിക്കു ലഭിച്ച അവസരങ്ങൾക്കും നേട്ടങ്ങൾക്കും അഗാധമായ നന്ദിയുണ്ടെന്നു പ്രസ്താവിച്ചു.

1954 -ൽ അമേരിക്കയിലെത്തിയ വെൻ പരമേശ്വരൻ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോനോടൊപ്പം പ്രവർത്തിച്ച തന്റെ പഴയകാല അനുഭവങ്ങൾ പങ്കു വച്ചു. മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മലയാളി പ്രവാസി സമൂഹം താൽപര്യത്തോടെ പങ്കെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനു ശക്തമായ പിന്തുണ നൽകുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന വെൻ പരമേശ്വരൻ അഭ്യർത്ഥിച്ചു. പയനിയർ ക്ലബ് അംഗങ്ങൾ തങ്ങളുടെ വിശ്രമ ജീവിതത്തിലും സജീവ സാന്നിധ്യം അറിയിച്ചു കൊണ്ടു കർമ്മമണ്ഡലങ്ങൾ സൂര്യാസ്തമയം പോലെ വർണാഭമാക്കണമെന്ന് ഇന്ത്യൻ പനോരമ പത്രത്തിന്റെ പബ്ലീഷറായ പ്രഫ. ഇന്ദ്രജിത് സലൂജ പ്രസ്താവിച്ചു.

സേവനരംഗത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ജോർജ് തൈല അവതരിപ്പിച്ചു . സേവന സന്നദ്ധതയുള്ള വോളന്റിയേഴ്സ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്കായി മുന്നോട്ടു വരണമെന്ന് ജോർജ്‌ തൈല ആഹ്വാനം ചെയ്തു.

സ്ഥാപകാംഗമായ വി എം ചാക്കോ, തോമസ് ടി.ഉമ്മൻ, ലീല മാരേട്ട് , ഡോ. പ്രിസില്ല പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. മാത്യു സക്കറിയ അറുപതുകളിലെയും എഴുപതുകളിലെയും ഗാനശകലങ്ങൾ ആലപിച്ചു കൊണ്ട് ഓർമ്മകൾ പുതുക്കി. ട്രഷറർ ജോൺ പോൾ കൃതജ്ഞത പറഞ്ഞു.

തുടർന്നു പുതിയ വർഷത്തെ (2018 -19 )ഭാരവാഹികളായി ജേക്കബ് ജോർജ് (പ്രസിഡന്റ്) , തോമസ് ടി. ഉമ്മൻ ( ജനറൽ സെക്രട്ടറി), ജോർജ് തൈല (ഡയറക്ടർ , സോഷ്യൽ സർവീസ്) , ജോൺ പോൾ ( ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.