ഐ.പി.എല്‍ ഒത്തുകളി ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയെ കൊണ്ട് വീണ്ടും അന്വേഷിപ്പിക്കുന്നത് ബിസിസിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തു. സ്വതന്ത്രസമിതിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് അഭികാമ്യമെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ഇന്നും കോടതിയെ അറിയിച്ചു. അതിന് സിബിഐയുടെയും മുംബൈ-ഡല്‍ഹി പോലീസിന്റെയും സഹായം ആവശ്യമാണെന്നും കമ്മിറ്റിയറിയിച്ചു. ഇനി തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. നേരത്തെ ബി.സി.സി.ഐ അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയെ സുപ്രീംകോടതി നിരാകരിച്ചിരുന്നു. ഏപ്രില്‍ 20-ന് ചേര്‍ന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി യോഗമാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി, സി.ബി.ഐ മുന്‍ മേധാവി ആര്.കെ രാഘവന്, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്.
Comments