.കെ.എസ്.ആര്.ടി.സി 10 വോള്‍വോ ബസുകള്‍ ഏറ്റെടുത്തു. വ്യാഴാഴ്ച ബംഗളൂരു ഹോസ്കോട്ടയിലെ വോള്‍വോ കമ്പനിയുടെ കേന്ദ്രത്തിലത്തെിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ 10 ബസുകള്‍ ഏറ്റെടുത്തത്. കേരള ആര്.ടി.സി തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്ന് എത്തിയ ഡിപോ എന്‍ജിനീയര്‍ അനില്‍കുമാര്‍ ബസ് പരിശോധിച്ച ശേഷമായിരുന്നു ഏറ്റെടുക്കല്‍. കേരള ആര്.ടി.സി ബംഗളൂരു ഇന്‍ ചാര്‍ജ് അഹമ്മദ് കബീറും തിരുവനന്തപുരത്ത് നിന്നത്തെിയ 10 ഡ്രൈവര്‍മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വൈകീട്ട് മൂന്നോടെ ബസുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. രജിസ്ട്രേഷന്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും റൂട്ടുകള്‍ തീരുമാനിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയിലേറെ സമയം ആവശ്യമാണെന്നതിനാല്‍ ഏപ്രില്‍ 30ന് ശേഷമേ ബസുകള്‍ നിരത്തിലിറങ്ങാന്‍ സാധ്യതയുള്ളൂ. 10 കോടി രൂപയോളം മുടക്കിയാണ് വോള്‍വോ ബസുകള്‍ വാങ്ങിയത്. സെമി സ്ളീപ്പര്‍ സീറ്റ്, രണ്ട് എല്‍.ഇ.ഡി ടി.വികള്‍, പാട്ടുകേള്‍ക്കാന്‍ സ്റ്റീരിയോ, സാധനങ്ങള്‍ വെക്കാന്‍ മികച്ച സൗകര്യം, കാലുകള്‍ നീട്ടിവെക്കാന്‍ സൗകര്യം, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍ എന്നിവ അടക്കം സൗകര്യങ്ങളുള്ളതാണ് 49 സീറ്റുള്ള വോള്‍വോ ബസ്. ബസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് മാസത്തോളമായി. ഫെബ്രുവരിയില്‍ നിരത്തിലിറങ്ങുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കാരണം നടപടിക്രമം വൈകി. ബംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കായിരിക്കും വോള്‍വോ സര്‍വീസ്.
Comments